മക്കളെപ്പോറ്റി!
ഡോ.കെസി.കൃഷ്ണകുമാര്‍


ഈ വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് തമിഴ്‌നാട്ടിലെ ഗൂഢല്ലൂരില്‍ വച്ചാണ്. ഊട്ടിയുടെ താഴ്‌വരപ്പട്ടണമാണ്് ഗൂഢല്ലൂര്‍. ഞങ്ങളുടെ യാത്ര ഊട്ടിയിലേക്കല്ല, ബന്ദിപ്പൂരിലേക്ക്. കാടും കാട്ടുമൃഗങ്ങളെയും കാണാന്‍. കുടുംബയാത്രയാണ്. ഈ പംക്തിയിലെ ചിത്രങ്ങള്‍ വരയ്ക്കുന്ന ബാലകൃഷ്ണന്റെ കുടുംബവും ഒപ്പമുണ്ട്. ആനകളെയും മറ്റും കുടുംബത്തോടെ കാണാന്‍ നമ്മളും കുടുംബമായിത്തന്നെ പോകണമല്ലോ!

ഗൂഢല്ലൂര്‍ പട്ടണത്തില്‍നിന്ന് ബന്ദിപ്പൂരിലേക്കുള്ളവഴി കാട്ടിലേക്ക് കടക്കുന്നതിനു മുന്‍പ് ഒരു ചെറിയ കടയുണ്ട്. അവിടെ തൂക്കിയിട്ടിരുന്ന പ്രത്യേകതരം പഴക്കുല കണ്ട്് വണ്ടി നിര്‍ത്തി. റോബസ്റ്റ പഴം മെലിഞ്ഞ് നേര്‍ത്തുപോയതുപോലെ ഒരിനം പഴം. വിളറിയ മഞ്ഞനിറം. 'ഈ പഴത്തിന്റെ പേരെന്താ?', കടക്കാരനോട് ചോദിച്ചു. തനി മലയാളത്തിലാണ്് മറുപടി വന്നത്- 'മക്കളെപ്പോറ്റി! വാങ്ങിക്കോ മോനേ. അധികം മധുരമൊന്നുമില്ല. ഷുഗറുള്ളവര്‍ക്കും കഴിക്കാം.'

മക്കളെപ്പോറ്റി എന്നപേരുകേട്ടതിന്റെ അതിശയം, പിന്നെ കടക്കാരന്‍ മലയാളിയാണെന്നറിഞ്ഞതിന്റെ സന്തോഷവും. ചോദിച്ചുവന്നപ്പോള്‍ തിരുവല്ലക്കാരനാണ് ,ചേട്ടന്‍. എന്റെ നാട്ടില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരമേയുള്ളു തിരുവല്ലയ്ക്ക്. ഞങ്ങള്‍ കണ്ടുമുട്ടിയതോ, തമിഴ്‌നാട്ടിലെ ഒരു മലയോരത്തും!

മക്കളെപ്പോറ്റി എന്ന പേരിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. പക്ഷേ, തിരുവല്ലക്കാരന്‍ ചേട്ടനും അതേക്കുറിച്ച് അത്ര നിശ്ചയമുണ്ടായിരുന്നില്ല. വണ്ണംകുറഞ്ഞ് ഇരിക്കുന്നതുകൊണ്ടായിരിക്കും എന്ന് ഒരു ഊഹം പറഞ്ഞു. എന്തായാലും പേരിന്റെ സസ്‌പെന്‍സ് നിലനില്‍ക്കെ തന്നെ ഞങ്ങള്‍ രണ്ടുകിലോ മക്കളെപ്പോറ്റിവാങ്ങി. 'ങ്ഹാ, മക്കളെപ്പോറ്റി കൊള്ളാം!' എന്നുപറഞ്ഞ് ഞങ്ങളുടെ മക്കള്‍ ആവേശത്തോടെ പഴം തീറ്റതുടങ്ങി. ഒന്നുരണ്ടെണ്ണം തിന്നുകഴിഞ്ഞപ്പോള്‍ സത്യം പറഞ്ഞു- 'ഓ, മതി! മധുരമൊന്നുമില്ല!' എന്ന്.

രാല്‍ എന്ന മീനിനാണ് മക്കളെപ്പോറ്റി എന്ന് പറയുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ആ വാക്ക് ഇതുവരെ കേള്‍ക്കാതിരുന്നതില്‍ എനിക്ക് വല്ലാത്ത ജാള്യം തോന്നി. ചെറുപ്പത്തില്‍ മുഴുവന്‍ വരാലിന്റെ പിന്നാലെ നടന്നവനല്ലേ ഞാന്‍. എന്നിട്ടും വരാലിന് ഇങ്ങനെയൊരു പേരുണ്ടെന്ന് അറിഞ്ഞില്ല.

നമ്മുടെ നാട്ടു മീനുകളെക്കുറിച്ച് പറയുമ്പോള്‍ വലിയൊരു പ്രശ്‌നമുണ്ട്. അവയ്ക്ക് ഓരരോ സ്ഥലത്തും ഓരോ പേരാണ്. വരാല്‍. ചെമ്പല്ലി, കാരി, കൂരി, പരല്, പള്ളത്തി, കരിമീന്‍ ഇതൊക്കെ കുട്ടനാട്ടിലെ പേരുകളാണ്. ചില മീനുകളുടെയൊക്കെ സ്വഭാവവും ആകൃതിയുമൊക്കെ പറയുമ്പോള്‍ മറ്റു നാട്ടുകാര്‍ക്കും മനസ്സിലാവും. ചിലതിന്റെ കാര്യത്തില്‍ എങ്ങനെയൊക്കെ വിശദീകരിച്ചാലും മനസ്സിലാവുകയുമില്ല. പക്ഷേ, വരാലിന്റെ കാര്യത്തില്‍ മക്കളെപ്പോറ്റി എന്ന പേരു പറഞ്ഞാല്‍ ആ മീനിനെ പരിചയമുള്ള എല്ലാവര്‍ക്കും മനസ്സിലാവും, ഉറപ്പ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ വരാലിനോളം ശ്രദ്ധയുള്ള വേറേ മീന്‍ നമ്മുടെ നാട്ടിലില്ല.

മുട്ടയിടാന്‍ കാലമാവുമ്പോള്‍ ഇണകളായാണ് വരാലുകളെ കാണുക. അധികം ആളനക്കമില്ലാത്ത പോളമൂടിയ സ്ഥലങ്ങളിലെത്തും അവ. അവിടെ ജലപ്പരപ്പില്‍ വാലുകൊണ്ടടിച്ച് പോളയൊക്കെ മാറ്റി ചെറിയൊരു വട്ടം തയ്യാറാക്കും. പൊടികളും മറ്റും അരിച്ചെടുക്കുന്ന അരിപ്പയുടെയത്രയും വലിപ്പത്തില്‍. വരാല്‍ തടമടിക്കുക എന്നാണ് ഇതിന് നാട്ടുഭാഷ. പിന്നെ തടത്തില്‍ മുട്ടയിടും. മുട്ടയിട്ടു കഴിഞ്ഞാല്‍ അതിനടുത്തേക്ക് മറ്റു മീനുകളോ, തവളയോ മറ്റോ വന്നാല്‍ വരാലുകള്‍ അവയ്ക്കുനേരേ ചീറിയടുക്കും. ചിലപ്പോള്‍ നീര്‍ക്കോലികളെപ്പോലും ആട്ടിപ്പായിക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ കൊണ്ട് മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍!

കുഞ്ഞായിരുക്കുമ്പോള്‍ ഒരു കടുകിനോളം വലുപ്പമേ കാണൂ. കരിം ചുവപ്പു നിറം. വളരുന്നതോടെ നല്ല ചുവപ്പുനിറമായി മാറും. കുഞ്ഞുങ്ങളെല്ലാം എപ്പോഴും വെള്ളത്തിന്റെ മുകള്‍പ്പരപ്പില്‍ വന്ന് അന്തരീക്ഷവായു ഉള്ളിലാക്കും. വെള്ളത്തില്‍ എന്തോ നുരി വരുന്നതായേ കണ്ടാല്‍ തോന്നൂ. ഈ സമയമൊക്കെയും കുഞ്ഞുങ്ങള്‍ക്ക് കാവലായി അമ്മ വരാലും അച്ഛന്‍ വരാലും ഒപ്പം തന്നെയുണ്ടാവും. ഒരു കുഞ്ഞുപോലും വഴിതെറ്റിപ്പോകാതെയും മറ്റു മീനുകളുടെ വായിലകപ്പടാതെയും സംരക്ഷിച്ചുകൊണ്ട്.

ഏറ്റവും എളുപ്പത്തില്‍ വരാലിനെ പിടിക്കാന്‍ കഴിയുന്നതും ഇക്കാലത്താണ്. ചരടിന് നീളം കുറഞ്ഞ ഒരു ചൂണ്ടയില്‍ ചെറിയ തവളയേയോ, മീനിനേയോകൊരുത്തും. എന്നിട്ട് ചൂണ്ടയിലെ ആ ഇരയെ വരാല്‍ക്കുഞ്ഞുങ്ങള്‍ക്കരികിലേക്ക് കൊണ്ടു ചെല്ലും. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ വരാല്‍ ആ ഇരയെ ആക്രമിക്കും. അതോടെ ചൂണ്ടയില്‍ കുടുങ്ങുകയും ചെയ്യും. അച്ഛനമ്മമാരില്‍ ഒരാള്‍ നഷ്ടപ്പെട്ടാലും കുഞ്ഞുങ്ങള്‍ക്ക് കാര്യമായ അപകടമൊന്നും സംഭവിക്കില്ല. പക്ഷേ, ചൂണ്ടക്കാര്‍ രണ്ടാമത്തെ വരാലിനെയും പിടികൂടും. അങ്ങനെ മക്കള്‍ക്കുവേണ്ടി അച്ഛനും അമ്മയും മരണത്തിന് കീഴടങ്ങും. പിന്നെ രണ്ടു മിനിറ്റ് സമയം മതി, ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ മറ്റു മീനുകളുടെ വായിലാകാന്‍. ചെറുതും വലുതുമായ മീനുകള്‍ എല്ലാം വരാല്‍കുഞ്ഞുങ്ങളെ തിന്നുതീര്‍ക്കും. അങ്ങനെ അച്ഛനും അമ്മയും മക്കളും കഥാവശേഷരാവും.

വരാലിനെ പിടിക്കുന്നതും കുഞ്ഞുങ്ങളെ മീനുകള്‍ തിന്നു തീര്‍ക്കുന്നതുമൊക്കെ ഞാന്‍ പലതവണ കണ്ടുനിന്നിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ ഒരു സ്ഥിരം കാഴ്ചയാണത്. മക്കളെപ്പോറ്റി എന്ന വാക്കു കേട്ടപ്പോള്‍ ഞാന്‍ അക്കാര്യമെല്ലാം വീണ്ടും ഓര്‍ത്തു. വരാലിന് എത്രനന്നായി ചേരുന്ന പേരാണ് അതെന്ന് നെടുവീര്‍പ്പോടെ ഓര്‍ക്കുകയും ചെയ്തു.

പാകം ചെയ്താല്‍ വളരെ രുചിയുള്ള മീനാണ് വരാല്‍. 'മുട്ടറ്റം വെള്ളത്തില്‍ മുപ്പതുപേരെ വെട്ടിച്ചുപോകും' എന്നൊരു ചൊല്ല് വരാലിനെക്കുറിച്ചുണ്ട്. ഇടയ്ക്കിടെ ജലപ്പരപ്പിനുമുകളില്‍ വന്ന് അന്തരീക്ഷവായു ഉള്ളിലാക്കുന്ന ശീലമുണ്ട് ഇവയ്ക്ക്. ജലപ്പരപ്പില്‍ കിടക്കുന്ന ഇരയെ വെട്ടിവിഴുങ്ങാനാണ് കൂടുതല്‍ ഇഷ്ടം. വെള്ളത്തില്‍ വീഴുന്ന തുമ്പിയും പ്രാണികളുമൊക്കെ മിക്കപ്പോഴും വരാലിന്റെ വായിലാകുക പതിവാണ്.് കരയില്‍ വന്നാലും കുറച്ചുനേരമൊക്കെ ജീവന്‍ നിലനില്‍ത്താന്‍ വരാലിന് കഴിയും. ഭാഗികമായി അന്തരീക്ഷവായു ശ്വസിക്കാനുള്ള കഴിവ് ഈ മീനിന് ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. കുളങ്ങളും മറ്റും വറ്റുമ്പോള്‍ ഇവ ചെളിയില്‍ പൂണ്ടിരുന്ന് ഉറങ്ങുമെന്നും മഴക്കാലം വന്ന് വെള്ളം നിറയുമ്പോള്‍ പുറത്തുവരുമെന്നുമാണ് കരുതപ്പെടുന്നത്.

കാഴ്ചയില്‍ വരാലിനെപ്പോലെ തോന്നിക്കുന്ന മറ്റൊരു മീനും കുട്ടനാട്ടിലുണ്ട്്. വട്ടാന്‍ എന്നാണ് അതിന്റെ പേര്. കറിവയ്ക്കാനൊന്നും കൊള്ളില്ല. വലക്കാരും മറ്റും വട്ടാനെ കിട്ടിയാല്‍ പൂച്ചയ്ക്കിട്ടുകൊടുക്കും. വട്ടാന് ഒരു ഉപയോഗവുമില്ല എന്നു പറഞ്ഞുകൂട. മുഴുക്കുടിയന്മാരെ നേര്‍വഴിക്ക് നടത്താന്‍ ഈ മീന്‍ വിചാരിച്ചാല്‍ സാധിക്കുമത്രേ. കള്ളിനകത്ത് വട്ടാനെ പിടിച്ചിടും. കുറേ സമയം കഴിയുമ്പോള്‍ അതിന്റെ ഉളുമ്പെല്ലാം കള്ളിലേക്ക് ഇറങ്ങും. ഈ കള്ള് ആരു കുടിച്ചാലും പ്രാണന്‍പോകുന്നതുവരെ ഛര്‍ദ്ദിക്കും! അഥവാ, ജീവന്‍തിരിച്ചു കിട്ടിയാല്‍ പിന്നെ, ജീവന്‍പോകുന്നതുവരെ കുടിക്കില്ലെന്നാണ് പറയുന്നത്. ഇതൊരു സത്യമാണെന്ന് തെളിയിക്കാന്‍ പറ്റിയ രേഖകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നുവരെ കുടിനിര്‍ത്തിയ ഒരാളും വട്ടാന്‍കള്ള് കുടിച്ചതായി സമ്മതിച്ചിട്ടുമില്ല.

ബന്ദിപ്പൂരിലെ കാട്ടിനു നടുവിലൂടെ പോകുമ്പോഴാണ് ഞാന്‍ ഈ കുട്ടനാടന്‍ ചരിത്രമൊക്കെ പറഞ്ഞത്. ഇവിടെ കാടും കടുവയും ആനയും. ഓര്‍മ്മകളില്‍ കായലും തോടും വരാലും വട്ടാനും. ഇതില്‍ ഏതിനോടാണ് എനിക്ക് കൂടുതല്‍ അടുപ്പമെന്ന് ഞാന്‍ ചിന്തിച്ചു. പക്ഷേ, യാത്ര അവസാനിക്കുമ്പോഴും അതിനൊരു ഉത്തരം കിട്ടിയില്ല.

വര: