സി.പി.യെ വെട്ടിയ മണി കാണുന്നത്‌
ഡോ. കെസി. കൃഷ്ണകുമാര്‍
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യരെ വെട്ടിപരുക്കേല്‍പ്പിച്ച കെ.സി.എസ്. മണിയുടെ വീടിനു മുന്‍പിലൂടെയാണ് എന്റെ വീട്ടിലേക്കുള്ള വഴി. മണിസ്വാമിയെ നന്നേ ചെറുപ്പം മുതലേ എനിക്കറിയാം. വലിയൊരു വീടാണ് മണിസ്വാമിയുടേത്. അതിനു തെക്കുഭാഗത്തായി ഒരു കോലായപ്പുരയുണ്ട്. അതിന്റെ വരാന്തയിലാണ് മണിസ്വാമി എപ്പോഴും ഇരിക്കുക. വലിയ ഒച്ചയിലാണ് സംസാരം. അതുകൊണ്ട് മണിസ്വാമിയുണ്ടെങ്കില്‍ വേഗം അറിയാം. ചെറുപ്പത്തില്‍ മണിസ്വാമിയെകണ്ടാല്‍ ചിരിക്കാനും എന്തെങ്കിലും പറയാനുമൊന്നും ഒരു സങ്കോചവും ഇല്ലായിരുന്നു. പിന്നെ ചരിത്രം പഠിച്ചപ്പോഴാണ് കോലായിലെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന ആള്‍ ചില്ലറക്കാരനല്ലെന്ന് മനസ്സിലായത്. സി.പി. രാമസ്വാമിഅയ്യര്‍ എന്ന ദിവാനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായയിച്ചു മനസ്സിലാക്കി. പിന്നെ ആ വഴിപോകുമ്പോള്‍ ഞാന്‍ കുറച്ച് പേടിയോടെ നോക്കും. കോനാട്ടുമഠത്തില്‍ ചിദംബര സുബ്രഹ്മണ്യ അയ്യര്‍ എന്ന മണിസ്വാമി അവിടെയുണ്ടോ എന്ന്.

മണിസ്വാമിയുടെ ഭാര്യയാണ് ലളിതാമ്മാള്‍. അക്കാളെന്നാണ് ഞങ്ങളൊക്കെ വിളിക്കുക. അക്കാളിന് കുട്ടികളെ വലിയ ഇഷ്ടമാണ്. ഞങ്ങളൊക്കെ ആ വഴിയേ പോകുമ്പോള്‍ സ്‌നേഹത്തോടെ സംസാരിക്കും. ചെറുപ്പത്തില്‍ അക്കാള്‍ പറയുന്ന തമിഴ് കലര്‍ന്ന മലയാളം എനിക്ക് മനസ്സിലാവുകയേ ഇല്ലായിരുന്നു. ഇടയ്ക്ക് മോരും വെള്ളം തരുമായിരുന്നു അക്കാള്‍.

1987-ല്‍ മണിസ്വാമി മരിച്ചു. കേരളത്തിലെ പ്രധാനവ്യക്തികള്‍ ഒന്നടങ്കം എത്തി, സംസ്‌ക്കാരചടങ്ങിന്. ചാരുകസേരയില്‍ പത്രം വായിച്ചു കിടന്നിരുന്ന ആള്‍ എത്ര വലിയ വ്യക്തിയായിരുന്നു എന്ന് മുഴുവനായി ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു, സംസ്‌ക്കാര ചടങ്ങ്. ഇപ്പോഴും മണിസ്വാമിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു സംശയം ഉയര്‍ന്നുവരാറുണ്ട്. സി.പി. രാമസ്വാമി അയ്യരെ വകവരുത്താന്‍, മറ്റൊരു അയ്യര്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടത് എന്തുകൊണ്ടായിരിക്കും? അത് ചരിത്രത്തിന്റെ ഒരു വികൃതി ആയിരിക്കണം.

പിന്നീട് 2008 -ല്‍ കെ.സി.എസ് മണിയുടെ ഒരു പ്രതിമ വീടിനുമുന്‍പില്‍ സ്ഥാപിച്ചു. കഷ്ടിച്ച് നെഞ്ചുവരെയുള്ള ഭാഗമേയുള്ളു ആ പ്രതിമയില്‍. അന്ന് പ്രതിരോധമന്ത്രിയായിയിരുന്ന എ. കെ. ആന്റണിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിതെറ്റി. രണ്ടുകിലോമീറ്ററോളം വഴിമാറിസഞ്ചരിച്ച ശേഷം തിരിച്ചെത്തുകയായിരുന്നു പ്രതിരോധമന്ത്രി. ഇത്ര ഉയര്‍ന്ന സെക്യൂരിറ്റി ഉണ്ടായിരുന്നിട്ടും സംഭവിച്ച ഈ വഴിതെറ്റല്‍ ചരിത്രത്തിന്റെ മറ്റൊരു വികൃതി ആയിരിക്കാം.

മണിസ്വാമിയുടെ പ്രതിമ നോക്കുന്നത് മുന്നിലുള്ള ഒരു കുളത്തിലേക്കാണ്. ഉപയോഗമില്ലാതെ കാടുകയറിക്കിടക്കുന്ന ഒരു പൊട്ടക്കുളത്തിലേക്ക്. പണ്ട് ആളുകള്‍ ഇറങ്ങി കുളിക്കുന്ന കുളമായിരുന്നു അത്. ആ കുളത്തില്‍ ഒരു മരണത്തിന്റെ ചരിത്രം പായല്‍പിടിച്ച് കിടപ്പുണ്ട്. മണി സ്വാമിയുടെ വീടിന്റെ എതിര്‍വശത്തെ വീട്ടില്‍ ഇന്ത്യന്‍ സേനയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനുണ്ടായിരുന്നു. ആ വീട്ടിലെ സ്ഥിരതാമസക്കാരെ അറിയാമായിരുന്നെങ്കിലും. ഇപ്പറഞ്ഞ ഉദ്യോഗസ്ഥനെക്കുറിച്ച് എനിക്കും കാര്യമായ അറിവൊന്നുമില്ലായിരുന്നു. വല്ലപ്പോഴും വന്നു പോകുന്ന ആളായിരുന്നു അദ്ദേഹം. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞശേഷം ഇടയ്‌ക്കൊക്കെ നാട്ടില്‍ വരുമായിരുന്നു. മദ്യപിച്ചു കഴിഞ്ഞാല്‍ പിന്നെ ഇംഗ്ലീഷേ പറയൂ. ഒരിക്കല്‍ മദ്യപിച്ച് വഴിയില്‍ നിന്നപ്പോള്‍ പോലീസ് പിടികൂടി. ആരാണെന്ന് മനസ്സിലായപ്പോള്‍ പോലീസ്ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടുവന്നാക്കിയെന്നൊരു കഥ നാട്ടിലുണ്ട്. ഒരു ദിവസം റോഡിനരികിലെ കുളത്തില്‍ കിടന്നു ആ ശരീരം. ജീവന്‍ പോയിട്ട് രണ്ടുമൂന്നു ദിവസമായിരുന്നത്രേ! ചീത്ത മണം വന്നിട്ട് നോക്കിയപ്പോഴാണ് പായലിനടിയില്‍ ശവശരീരം കണ്ടത്.

കുളത്തില്‍ കിടന്ന ജഢം കരയ്ക്കു കയറ്റുന്നതു കണ്ടപ്പോള്‍ എനിക്ക് കാര്യമായ പേടിയൊന്നും തോന്നിയില്ല. പിന്നീട് പലതവണ പകലും രാത്രിയുമൊക്കെ ആ കുളത്തിനരികിലൂടെ പോകുകയും വരികയുമൊക്കെ ചെയ്തു. അങ്ങനെയിരിക്കെ 1993-ലെ കേരളയൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി. മൂകാഭിനയമായിരുന്നു ഇനം. പരിപാടിയൊക്കെ കഴിഞ്ഞ് മടങ്ങുമ്പോള്‍ വളരെ വൈകി.

ഹൈവേയിലെ സ്‌റ്റോപ്പില്‍ ബസിറങ്ങുമ്പോള്‍ സമയം ഒരു മണി. വീട്ടിലേക്ക് ഒന്നര കിലോമീറ്റര്‍ നടക്കണം. എളുപ്പത്തിനായി റെയില്‍പ്പാളത്തില്‍ക്കൂടി നടന്നു. കുറച്ച് മുന്നോട്ടത്തെിയപ്പോള്‍ കലുങ്കിന്റെ അരികിലൊരു വെളിച്ചം. ഉള്ളൊന്നു കാളി. കുളത്തില്‍ നിന്ന് ശവം എടുക്കുന്നത് കണ്ടിട്ട് അധികദിവസങ്ങളായിട്ടില്ല. ആ കുളത്തിനരികില്‍ തന്നെയാണ് ഈ കലുങ്കും. ശരീരമാകെ തളരുന്നതുപോലെ. അപ്പോള്‍ പിന്നെയും ആ വെളിച്ചം. വെളിച്ചത്തില്‍ ഒരു മുഖം! കുളത്തില്‍ വീണു മരിച്ച ആളിന്റെ അതേ മുഖം! പേടികാരണം കാലുകള്‍ അനങ്ങുന്നില്ല എന്ന് എനിക്കു തോന്നി. എങ്കിലും, ബീഡി വലിക്കുമ്പോള്‍ അതിന്റെ വെളിച്ചത്തിലാണ് ആ മുഖം തെളിയുന്നതെന്ന് എനിക്കു മനസ്സിലായി.

പെട്ടെന്ന് ആ രൂപം ചോദിച്ചു:' ആരാ?' ആ ഒച്ച കേട്ടപ്പോള്‍ എനിക്ക് എവിടുന്നോ ഒരു ധൈര്യം വീണുകിട്ടി. 'കളത്തിലെയാ!', എന്ന് ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. മരിച്ചയാളല്ല, ജീവനുള്ള ആളാണ് ഇതെന്ന് മനസ്സിലുറപ്പിച്ച് ഞാന്‍ നടന്നു. ആ കുളക്കരയിലൂടെതന്നെ. വീട്ടിലെത്തിയപ്പോഴേക്കും വിയര്‍ത്ത് കുളിച്ചിരുന്നു.

അച്ഛന്‍ പറഞ്ഞപ്പോഴാണ് കലുങ്കില്‍ കണ്ട ആളിനെ മനസ്സിലായത്. മരിച്ചുപോയ ആളിന്റെ സഹോരനാണ്. അയാളെയും ഇടയ്ക്കിടയ്‌ക്കേ നാട്ടില്‍ കാണാറുള്ളു. രണ്ടു പേരേയും കണ്ടാല്‍ ഒരുപോലെയിരിക്കും. ഒന്നുറപ്പാണ് ആ പാതിരാത്രിയില്‍ അയാള്‍ സംസാരിക്കുന്നതിനുമുന്‍പ് ഞാന്‍ ഓടിയിരുന്നെങ്കില്‍ ഉറപ്പായിട്ടും അത് പ്രേതമാണെന്ന് വിശ്വസിക്കുമായിരുന്നു. ആ കഥ നാട്ടിലാകെ പരക്കുമായിരുന്നു. പിന്നെ അതുവഴി പോകുന്നവരൊക്കെ പ്രേതത്തെ കാണുമായിരുന്നു. എങ്ങനെയാണ് പ്രേതങ്ങളുണ്ടാകുന്നതെന്ന് അന്ന് എനിക്ക് കൃത്യമായി മനസ്സിലായി.

അന്ന് രാത്രി ഞാന്‍ പേടിയോടെ വീട്ടിലേക്ക് നടക്കുമ്പോള്‍ മണിസ്വാമിയുടെ പ്രതിമ അവിടെ സ്ഥാപിച്ചിരുന്നില്ല. പിന്നീടാണ് പ്രതിമ വന്നത്. പ്രതിമ വന്നതില്‍പ്പിന്നെ ഞാന്‍ രാത്രിയില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ മണിസ്വാമിയുടെ പ്രതിമയെ ഒന്നു നോക്കും. ആരെയും കൂസാത്ത ആ മുഖം കണ്ടാല്‍, പിന്നെന്തു പേടിക്കാന്‍! മണിസ്വാമിയുടെ വീടിന്റെ എതിര്‍ഭാഗത്ത് ഇപ്പോള്‍ വീടില്ല. പഴയ വീട് പൊളിച്ചുമാറ്റി. പക്ഷേ, ആ കുളം ഇപ്പോഴും കാടുകയറി പായല്‍പിടിച്ച് കിടക്കുന്നുണ്ട്്. മണിസ്വാമിയുടെ പ്രതിമയുടെ നേരേ മുന്‍പിലായി.

വര: