വടക്കേക്കടയിലേക്കുള്ള വഴി
ഡോ.കെസി.കൃഷ്ണകുമാര്‍
കളത്തില്‍ എന്നാണ് ഞങ്ങളുടെ വീട്ടുപേര്. കളം എന്നാല്‍ പാടത്തെ നെല്ല് കൊയ്ത് കറ്റ അടുക്കി വയ്ക്കുന്ന സ്ഥലമാണ്. പാടത്തിനെ ക്കാള്‍ ഉയരം കാണും. കളത്തില്‍ വച്ചാണ് കറ്റ മെതിച്ച് നെല്ലാക്കുക. അങ്ങനെ പാടത്തെ കറ്റ കൊയ്ത് കയറ്റിവച്ചിരുന്ന സ്ഥലത്തായിരിക്കണം പണ്ടെന്നോ ഞങ്ങളുടെ വീട് ഉണ്ടാക്കിയത്.

തൊടിയില്‍ കുറച്ച് നെല്‍വയല്, കുടിക്കാനും കുളിക്കാനുമുള്ള കുളങ്ങള്‍, പശുത്തൊഴുത്ത് ഒക്കെയുണ്ട്. കുട്ടിക്കാലത്ത് ഞങ്ങളുടെ വീടിനരികിലൂടെയുള്ള വഴി ഒരു ചെമ്മണ്‍ പാതയായിരുന്നു. വഴിക്കപ്പുറവും ഞങ്ങളുടെ സ്ഥലമുണ്ട്. മിക്കപ്പോഴും ആ സ്ഥലം കാടുപിടിച്ച് കിടക്കും. കക്കൂസാണ് അവിടെയുള്ള പ്രധാന സ്ഥാപനം.

അമ്മൂമ്മ കിഴക്കേ വഴിയെക്കുറിച്ച് കിഴക്കേ തോട് എന്നേ പറയുമായിരുന്നുള്ളു. പണ്ട് അത് തോടായിരുന്നു. വള്ളം പോകുന്നതോട്. സാധനങ്ങളെല്ലാം വള്ളത്തില്‍ കൊണ്ടുവന്നതും തോട് നീന്തിക്കയറിയതുമൊക്കെ അമ്മൂമ്മ പറയുമായിരുന്നു. നാട്ടിലെ മിക്ക പറമ്പുകളുടെയും അതിര്‍ത്തി ചെറിയ തോടുകളാണ്. അതൊക്കെ ഏതെങ്കിലുമൊരു വലിയ തോട്ടില്‍ ചെന്നുചേരും. വേലിയും മതിലുമൊക്കെ നന്നേ കുറവായിരുന്നു. ആളുകളൊക്കെ വീട്ടുപറമ്പുകളിലൂടെ കയറിക്കയറി വഴിനടക്കും. തോടുകള്‍ക്കു കുറുകേ പാലങ്ങളുണ്ട്്. മിക്കതും ഒരു തെങ്ങിന്‍ തടിയോ കവുങ്ങിന്‍തടിയോ ആയിരിക്കും. നാട്ടുകാരല്ലാത്തവരാരെങ്കിലും വന്നാല്‍ ഈ പാലത്തിനടുത്ത് അന്തംവിട്ട് നില്‍ക്കും. ആ ഒറ്റത്തടിപ്പാലത്തിലൂടെ നടന്ന് ഞങ്ങള്‍ തോടുകടക്കുന്നതുകാണുമ്പോള്‍ അവര്‍ ഒന്നുകൂടി കണ്ണു മിഴിക്കും.

ഞങ്ങളുടെ പറമ്പിനോടുചേര്‍ന്ന് വലിയൊരു പറമ്പുണ്ട് - പുതുവനക്കളം. അതും കളംകയറുന്ന സ്ഥലമായിരുന്നിരിക്കണം. കേരളത്തിലെ പ്രശസ്തമായ താന്ത്രിക കുടുംബമായ പുതുമനഇല്ലത്തിന്റെ സ്വത്താണത്. ആറേഴേക്കര്‍ വരും. വീടും താമസവുമൊന്നുമില്ലാതെ വെറുതേ കിടക്കുന്ന പറമ്പ്. പകുതിയും കാടുകയറിക്കിടക്കുകയാണ്. ഇടയിലൂടെ വഴിച്ചാലുകള്‍. വെരുക്, ഉടുമ്പ്, കീരി, പാമ്പ് തുടങ്ങി പലതരം ജീവികള്‍. നിരവധി പക്ഷികള്‍. ആ വലിയ പറമ്പിലെ ജീവികള്‍ എന്റെ മുന്നിലൂടെ ഒളിഞ്ഞും തെളിഞ്ഞും ഒരുപാടുവട്ടം കടന്നുപോയി. കിളി കൂടുകൂട്ടുന്നതും പാമ്പ് പടംപൊഴിക്കുന്നതും ചിലന്തി വലകെട്ടുന്നതും ഞെട്ടില്‍നിന്ന് അടര്‍ന്നുപോകാതെ അണ്ണാറക്കണ്ണന്‍ മാങ്ങ കാര്‍ന്ന് തിന്നുന്നതും ഒക്കെ കൗതുകത്തോടെ കണ്ടുനിന്നത് ആ പറമ്പിലാണ്.

വീടിനടുത്ത് മത്തായി എന്നൊരാളുണ്ടായിരുന്നു. മെലിഞ്ഞുനീണ്ട ഒരു അദ്ധ്വാനി. പുതുവനക്കളത്തിലെ പാടത്ത് പാട്ടത്തിന് കൃഷി ചെയ്യുമായിരുന്നു അയാള്‍. ഇടയ്ക്കിടയ്ക്ക് മത്തായിമാപ്പിള വീട്ടല്‍ വരും കഞ്ഞിവെള്ളം കുടിക്കാന്‍. ചിലപ്പോള്‍ വരുന്നത് പാടത്ത് എലിവിഷം വയ്ക്കുന്നുണ്ടെന്ന് പറയാനായിരിക്കും. ഉണക്കമീനിലാണ് വിഷം വയ്ക്കുക. അതുകൊണ്ട് പൂച്ചയെ പുറത്തുവിടാതിരിക്കാനാണ് ആ മുന്നറിയിപ്പ്. രാവിലെ വന്ന് എലി തിന്നാത്ത മീനെല്ലാം മത്തായിമാപ്പിള തന്നെ എടുത്തുമാറ്റും.

മത്തായിമാപ്പിള പാടം പൂട്ടിക്കാന്‍ കാളയെ കൊണ്ടുവരും. അപ്പോള്‍ ഞങ്ങളുടെ കണ്ടം കൂടി പൂട്ടിക്കും. വളരെ ചെറിയ ഒരു തുണ്ടുപാടമാണ് ഞങ്ങളുടേത്. കലപ്പ മണ്ണിലൂടെ മുന്നോട്ടുനീങ്ങുമ്പോള്‍, ചെളിമണ്ണ് വിടര്‍ന്നു വരുന്നതുകാണാണ്‍ നല്ല ചേലാണ്. പുല്‍നാമ്പുകളൊക്കെ അടിയിലേക്ക് മറയും. മുകളില്‍ നല്ല പുതുമണ്ണിന്റെ തെളിമ. കാക്കത്തമ്പുരാട്ടി, ഉപ്പന്‍, മൈന, കൊക്ക് എന്നിവയ്‌ക്കൊപ്പം ശ്രദ്ധയോടെ ഉഴവുനോക്കി ഞാനും ഉണ്ടാവും. മണ്ണുപിളരുമ്പേള്‍ പുറത്തുവരുന്ന മണ്ണിരകളെയും ചെറുപ്രാണികളെയും പിടികൂടാനാണ് പക്ഷികള്‍ വരുന്നത്.


ഞാന്‍ വരുന്നതിന് കാരണം വേറേയാണ്. ഉഴവുകാരന്‍ പാച്ചന്‍ പറയുന്ന കഥകള്‍ കേള്‍ക്കാം. ഞന്‍ ജനിക്കുന്നതിന് മുന്‍പേയുള്ള താണ് പലതും. പിന്നെ കാളയുടെ നടത്തവും വാലാട്ടലും തല വെട്ടിക്കലുമൊക്കെ കാണാം. മണ്ണ് തുറന്നു വരുമ്പോഴുള്ള മണം ആസ്വദിക്കാം. കിളികള്‍ ഇരകൊത്തിയെടുക്കുന്നതും പലതരം അഭ്യാസങ്ങള്‍ കാണിച്ച് അവയെ വയറ്റിലാക്കുന്നതും അടുത്തുനിന്ന് കാണാം. അങ്ങനെ കാഴ്ചയുടെ ഉത്സവമായിരുന്നു ഉഴവ്.


വിത്തിട്ടു കഴിഞ്ഞാല്‍ എന്നും പാടത്ത് പോകും. നെല്ലില്‍നിന്ന് വെളുത്ത രണ്ടുവേരുകള്‍ പൊട്ടിവരും. അത് പതിക്കെ ചെളിയിലുറയ്ക്കും. പിന്നെ ഞാറ് തലനീട്ടും. ആദ്യം ഇളം മഞ്ഞത്തലപ്പാണ്. പിന്നെയാണ് പച്ചയാവുക. ഇളം ഞാറ് പറിച്ച് മാറ്റിയിട്ടാല്‍ കുറച്ചു മണിക്കൂറുകള്‍ മതി, പുതിയ സ്ഥലത്ത് വേരുറപ്പിക്കാന്‍. വളമില്ലാത്ത സ്ഥലങ്ങളിലെ മഞ്ഞളിപ്പും വളമുള്ള സ്ഥലങ്ങളിലെ കടുംപച്ചയുമൊക്കെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. ഞാറ് ഒടിയാതെ പാടത്തുകൂടി നടക്കാന്‍ നല്ല ശ്രദ്ധവേണം. കുട്ടനാട്ടുകാരാണെങ്കില്‍ പേടിക്കേണ്ട, അത് ജന്മനാ ഉണ്ടാകും. നല്ലിന് കുടം വയ്ക്കുമ്പോള്‍ ഒരു പ്രത്യേക ഗൗരവമാണ്. കുലവരുന്നതിന്റെ ഒരു ശാന്തത. കതിരുവന്നാല്‍ നല്‍ച്ചടി ഒന്നാകെ തലകുനിക്കും. നെല്ലിന് പൂക്കളുണ്ട്. കൊച്ചുപൂക്കള്‍. അടുത്തുനോക്കിയാലേ അത് കാണൂ. കതിരൊരല്‍പ്പം പാകമായാല്‍ നെല്ലിനുള്ളില്‍ പാല്‍ നിറയും. അപ്പോള്‍ നല്ല് പൊട്ടിച്ച് പാലുകുടിക്കും. ആ പാലിന്റെ രുചി മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല. കുറച്ചുകൂടി മൂത്താല്‍ നെല്ല് പതുപതാന്നാവും. പൊട്ടിച്ചാല്‍ പതുപതുപ്പന്‍ അരിതിന്നാം. വേവിച്ച ചോറുപോലെ. വിളയുമ്പോള്‍ പാടത്തിനാകെ സ്വര്‍ണ്ണനിറം വരും. പിന്നെ കൊയ്ത്തിന്റെയും മെതിയുടെയും മേളം.മെതിച്ചെടുത്ത നെല്ല് വലിയ ചെമ്പിലാണ് പുഴുങ്ങുക. പുഴുങ്ങുമ്പോള്‍ ഒരു മണമുണ്ട്. പച്ചനെല്ലിന്റെ മണമല്ല, ചോറിന്റെ മണവുമല്ല. ഇതിനിടയിലെവിടെയോ ഒന്ന്. വലിയ ചിക്കുപായ വിരിച്ച് അതില്‍ പുഴുങ്ങിയ നെല്ല് ഉണക്കാനിടും. എല്ലാ നെല്ലും പൊട്ടി വാപൊളിച്ചിരിക്കും. അതിനുള്ളില്‍ അരി കുതിര്‍ന്നുവീര്‍ത്ത് കണ്ണുതള്ളും. അടുത്തൊരു തണലില്‍ നെല്ലിന് കാവലായി ഞാനുമുണ്ടാവും. അന്നൊക്കെ ചോറുണ്ണുമ്പോള്‍ പാടവും കാളയും കിളികളും പാച്ചനും കൊയ്ത്തും മെതിയും പുഴുങ്ങലും ഉണക്കലുമൊക്കെയായിരുന്നു മനസ്സില്‍. ഇപ്പോള്‍ ചോറുണ്ണുമ്പോള്‍ എസ്‌കലേറ്ററുള്ള ബസാറിലെ തിരക്കും ഓഫറുകളുടെ അനൗണ്‍സ്‌മെന്റെും പാര്‍ക്കിങ് ഫിസും പിന്നെ കുക്കറിന്റെ വിസിലടിയൊച്ചയും പോലും ഓര്‍ക്കാന്‍ നേരം കിട്ടാറില്ല.

മത്തായിമാപ്പിള മരിച്ചതോടെ പുതുവനക്കളത്തിലെ കൃഷി നിന്നു. പാച്ചന് വയസ്സായപ്പോള്‍ ഞങ്ങളുടെ കൃഷിയും തീര്‍ന്നു. പിന്നെ കടയില്‍ നിന്ന് അരി വാങ്ങാന്‍ തുടങ്ങി. പുതുവനക്കളത്തിന്റെ വടക്കേയറ്റത്താണ് നാട്ടിലെ ഒരേയൊരു കട. ഞങ്ങള്‍ക്കത് വടക്കേക്കടയാണ്. കിഴക്കുള്ളവര്‍ക്ക് പടിഞ്ഞാറേക്കട, വടക്കുള്ളവര്‍ക്ക് തെക്കേക്കട. അങ്ങനെ മതവിശ്വാസം പോലെ ഓരോരുത്തരും അവരവരുടെ ശരിയനുസരിച്ചാണ് ഈ കടയ്ക്ക് പേരിട്ടത്. പുതുവനക്കളത്തിലൂടെ വടക്കേ കടയിലേക്കുള്ള യാത്ര കാഴ്ചകള്‍ക്ക് നടുവിലൂടെയാണ്. അതുകൊണ്ട് കടയില്‍പ്പോകാന്‍ വലിയ ഉത്സാഹമാണ്.

തോട്ടുവക്കത്താണ് കട. വള്ളത്തിലാണ് സാധനങ്ങള്‍ കൊണ്ടുവരിക. വ്യാഴാഴ്ച ചരക്കുവള്ളം വരും. അത് കാണാന്‍ ഞാന്‍ മിക്കപ്പോഴും എത്തും. ചാക്കുകളും പച്ചക്കറികളും കയറുമൊക്കെ അടുക്കിവച്ച് കിഴക്കുനിന്ന് വള്ളം പതുക്കെ വരും. കടയുടെ മുന്‍പില്‍ വള്ളം നിര്‍ത്തി മുളയുടെ കഴുക്കോല്‍ കുത്തി ഉറപ്പിച്ചു നിര്‍ത്തും. എന്നിട്ടാണ് സാധനങ്ങള്‍ ഇറക്കുക. കടയുടെ അടുത്ത് ഒരു തടിപ്പാലമുണ്ട്. വള്ളം പോകുന്ന തോടായതുകൊണ്ട് നല്ല ഉയരത്തിലാണ് പാലം. പത്തുപന്ത്രണ്ട് പടി കയറണം. കയറിയാല്‍ പിന്നെയുള്ള ഭാഗം നിരപ്പാണ്്. കൈവരിയും ഉണ്ട്. ആ പാലത്തില്‍ കയറിനിന്നാല്‍ ഒരു 'ഏരിയല്‍ വ്യൂ' കിട്ടും. കടയും വള്ളവും തോടും ഒക്കയുള്ള രസകരമായ ഒരു കാഴ്ച. വള്ളത്തിലെ സാധനങ്ങളെല്ലാം ഇറക്കിത്തീരുന്നതുവരെ പാലത്തിന്റെ കൈവരിയില്‍പിടിച്ച് അങ്ങനെ നില്‍ക്കും. അച്ഛന്‍ പഠിപ്പിച്ച ആളാണ് വള്ളക്കാരന്‍. സാധനങ്ങളിറക്കി തിരിച്ചുപോകുമ്പോള്‍ എന്നെയും വള്ളത്തില്‍ കയറ്റും, കുറച്ചുദൂരം വരെ. അതിനാണ് ഈ കാത്തിരിപ്പൊക്കെ.


ഓടുമേഞ്ഞ, വരാന്തയും തൂണുമുള്ള, തോട്ടിലേക്ക് പടികളുള്ള വടക്കേക്കട ഇന്നില്ല. തോട്ടിലൂടെ വള്ളം പോകാത്തതിനാല്‍ തടിപ്പാലത്തിനു പകരം വന്ന കോണ്‍ക്രീറ്റുപാലത്തിന് ഒട്ടും ഉയരമില്ല. അതില്‍ നിന്നാല്‍ പോളമൂടിക്കിടക്കുന്ന ഒരു തോട് മാത്രം കാണാം. പഴയതോടിന്റെ പ്രേതം പോലെ. അതുകൊണ്ടാവണം കുട്ടികളൊന്നും ഇപ്പോള്‍ പാലത്തില്‍ നില്‍ക്കാത്തത്.

വീടിനടുത്തുള്ളറോഡ് ഇപ്പോള്‍ ടാറിട്ടതാണ്. അതിലേ പോയാല്‍ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമൊക്കെ വലിയ കടകളുണ്ട്. നല്ലരസികന്‍ ഇംഗ്ലീഷ്‌പേരുകളുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരെ. പക്ഷേ, പുതുവനക്കളത്തിനു മാാത്രം ഒരു മാറ്റവുമില്ല. വെരുക്, ഉടുമ്പ്, കീരി, പാമ്പ് , പക്ഷികള്‍ എല്ലാം അവിടെയുണ്ട്. കിളി കൂടുകൂട്ടുന്നതും പാമ്പ് പടംപൊഴിക്കുന്നതും ചിലന്തി വലകെട്ടുന്നതും ഞെട്ടില്‍നിന്ന് അടര്‍ന്നുപോകാതെ അണ്ണാറക്കണ്ണന്‍ മാങ്ങ കാര്‍ന്ന് തിന്നുന്നതും ഒക്കെ ഇപ്പോഴും ആ പറമ്പിലുണ്ട്. മാഞ്ഞുപോകാതെ, വടക്കേക്കടയിലേക്കുള്ള വഴിയും.

വര