തവളക്കാഴ്ച!
ഡോ.കെസി.കൃഷ്ണകുമാര്‍
കുട്ടനാട്ടിലെ ഞങ്ങളുടെ വീടിനുചുറ്റും നിറയെ പാടങ്ങളാണ്. മഴ ഒന്നു ചാറേണ്ട താമസം, തവളകള്‍ പാടവ രമ്പിലും വഴിവക്കിലുമൊക്കയിരുന്ന് പേക്രോം...പേക്രോം.. പാട്ട് തുടങ്ങും. കുട്ടിക്കാലത്ത് തവളകള്‍ കൂട്ടത്തോടെ കരയുന്ന ഒച്ച വേര്‍തിരിച്ച് കേള്‍ക്കാറേ ഇല്ലായിരുന്നു. മഴപെയ്യുന്ന ഒച്ച പോലെയും കാറ്റടിക്കുന്ന ഒച്ച പോലെയുമൊക്കെ വളരെ സ്വാഭാവികമായിരുന്നു അത്. പിന്നീട് നഗരത്തില്‍ താമസം തുടങ്ങിയപ്പോഴാണ് ആദ്യമായി ആ ഒച്ചയെക്കുറിച്ച് മനസ്സിലായത്. നഗരത്തിലെ മഴയ്‌ക്കൊപ്പം തവളകളുടെ ഒച്ചയില്ല. നഗരമഴയ്ക്ക് വേറേയും കുറവുകളുണ്ട്. അതിന് പാടത്തും കുളത്തിലും ഒന്നും ബ്ലും ബ്ലും എന്ന് ഒച്ച കേള്‍പ്പിക്കാനാവില്ല. പുല്ലിലും ചെടിയിലുമൊന്നും പറ്റിയിരുന്ന് കുട്ടികളെ അതിശയിപ്പിക്കാനാവില്ല. ആ മഴ കാത്ത് വരാലും പരലും കരിമീനുമൊന്നും വെള്ളപ്പരപ്പില്‍ കാത്തുനില്‍ക്കുന്നുണ്ടാവില്ല. കുട്ടിക്കാലത്ത് മഴപെയ്യുന്നതുനോക്കി എത്ര സമയം ഇരുന്നിട്ടുണ്ടെന്നോ? അന്ന് മഴയൊക്കെ ഭൂമിയിലേക്കാണ് പെയ്തിരുന്നത്. നഗരത്തിലെ മഴ വെറുതേ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളില്‍ വീണ് ചിതറിപ്പോകും. പാവം!നഗരത്തിലെ സ്ഥിരതാമസത്തിനുശേഷം നാട്ടിലെത്തുമ്പോഴാണ് തവളകളുടെ കരച്ചിലിന്റെ ഒച്ച എനിക്ക് ബോദ്ധ്യപ്പെട്ടത്. പക്ഷേ, കുട്ടിക്കാലത്തുണ്ടായിരുന്നതിലും എത്രയോ കുറവാണ് അത്. എങ്കിലും വഴിവക്കത്തും പറമ്പുകളിലുമൊക്കെ അവ കൂട്ടം കൂടിയിരുന്ന് പേക്രോം..പേക്രോം.. കരയാറുണ്ട്. ചെറുപ്പത്തില്‍ എന്നും പച്ചത്തവളകളെ കാണും. താമരയുടെയോ ആമ്പലിന്റെയോ ഇലയില്‍ ഗമയില്‍ ഇരിക്കുന്നതോ, പായലിനിടയില്‍ പതുങ്ങി ഇരിക്കുന്നതോ ഒക്കെ. കുളിക്കാനായി കുളത്തിലും കൈത്തോട്ടിലുമൊക്കെ ഇറങ്ങുമ്പോള്‍ ഇടയ്ക്കിടെ ഓരോ പച്ചത്തവളയെ പിടിക്കും. ചന്ദ്രികസോപ്പ് കൈയിലെടുത്തതുപോലെ തോന്നും. നല്ല തണുപ്പും വഴുവഴുപ്പും. പിന്നെ ചങ്ങാതിയെപ്പോലെ, ചിരിക്കുന്ന മട്ടിലുള്ള നോട്ടവും. അങ്ങനെ കുറച്ചുനേരം തവളയെ കൈയ്യില്‍ വയ്ക്കും. പിന്നെ പായലിന്റെ പുറത്തേക്കുതന്നെ വിടും. മിക്ക ദിവസവും കുളിക്കുമ്പോള്‍ രണ്ടോ മൂന്നോ തവളകളെ പിടി കൂടുകയും വിട്ടയയ്ക്കുകയും ചെയ്യും. തവളകളോടുള്ള ഈ ചങ്ങാത്തം കൊണ്ടാവണം കുട്ടനാട്ടിലെ എല്ലാ കുട്ടികളും നാലുവയസ്സാവുമ്പോഴേയ്ക്കു നീന്തല്‍ പഠിക്കുന്നത്.

തവളകളോടുള്ള സ്‌നേഹം കൂടിക്കൂടി അവരെ വീട്ടിലേക്കും കൊണ്ടുവരാന്‍ തുടങ്ങി. ഹോര്‍ലിക്‌സിന്റെയും മറ്റും ഒഴിഞ്ഞ കുപ്പിയിലാണ് തവളയുടെ വീടൊരുക്കുക. ഇപ്പോഴത്തേതുപോലെ പ്ലാസ്റ്റിക് ' കുപ്പി' യല്ല, യഥാര്‍ത്ഥ ചില്ലുകുപ്പി. ഹോര്‍ലിക്‌സൊക്കെ വര്‍ഷത്തില്‍ ഒന്നോ മറ്റോ ആണ് വാങ്ങിക്കുന്നത്. ആ കുപ്പിക്കാണെങ്കില്‍ പലരും അവകാശവുമായി എത്തും. അമ്മൂമ്മയ്ക്ക് അച്ചാറെടുത്തുവയ്ക്കാന്‍, അമ്മയ്ക്ക് തൈര് ഒഴിച്ചുവയ്ക്കാന്‍, ഒക്കെ കുപ്പിവേണം. അതിനിടയിലാണ് എനിക്ക് തവളയെ ഇട്ടുവയ്ക്കാന്‍ കുപ്പി! ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഞാന്‍ ഒരു കുപ്പി സ്വന്തമാക്കിയത്. ഭാഗ്യത്തിന് ഒരു കുപ്പിയുടെ അടപ്പ് പൊട്ടിപ്പോയി. മറ്റ് അടപ്പുകളൊന്നും അതിന് പാകമായതുമില്ല. അങ്ങനെ ഒരു അടപ്പില്ലാക്കുപ്പിയുടെ കൈവശാവകാശം എനിക്കായി.

കുളത്തില്‍നിന്ന് ഭംഗിയുള്ള രണ്ട് പച്ചത്തവളകളെ കൊണ്ടുവന്ന് കുപ്പിയിലിട്ടു. കുപ്പിയില്‍ പകുതി വരെയേ വെള്ളമുള്ളു. അതുകോണ്ട് തവളകള്‍ക്ക് ചാടി പുറത്തുപോകാനാവില്ല. കുപ്പിയിലെ തെളിഞ്ഞ വെള്ളത്തില്‍ തവളകള്‍ നീന്തിക്കളിക്കുന്നതുനോക്കി അങ്ങനെ ഇരിക്കും. ഒരുപാടുനേരം. പിന്നെയാണ് ഒരു പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. കുപ്പിയിലിട്ട തവളകള്‍ ഒന്നും തിന്നുന്നില്ല. മണ്ണിരയെയും ചെറിയ പാറ്റയെയുമൊക്കെ കുപ്പിയില്‍ കൊണ്ടുവന്നിട്ടുനോക്കി. പക്ഷേ, ഒരു രക്ഷയുമില്ല. തവളകള്‍ നിരാഹാരസമരം തന്നെ. ഒടുവില്‍ ആ നിരാഹാരത്തിന് ഒരു പരിഹാരം കണ്ടുപിടിച്ചു. ഓരോ ദിവസവും പുതിയ തവളകളെ കൊണ്ടുവരിക, പഴയവയെ തിരികെ കുളത്തില്‍ വിടുക. അങ്ങനെ തവളകളുടെ നിരാഹാരം റിലേ നിരാഹാരമാക്കി മാറ്റി.

ഇതിനിടെ ഒരു ദിവസം അപ്രതീക്ഷിതമായി ഞാന്‍ അമ്മവീട്ടിലേക്ക് പോയി. അമ്മയുടെ വീടിനുചുറ്റും നല്ല പഞ്ചാരമണലാണ്. ഒരിക്കല്‍ വീണാല്‍ പിന്നെയും പിന്നെയും വീഴാന്‍ തേന്നുന്ന പഞ്ഞിക്കിടക്കപോലത്തെ മണല്‍. ആ മണല്‍ കുപ്പിയിലിട്ടുവച്ചാല്‍ പഞ്ചസാരയല്ലെന്ന് ആരും പറയില്ല. അമ്മ വീട്ടില്‍ കളിക്കാന്‍ ഒരുപാടുപേരുണ്ട്. രണ്ടുദിവസത്തെ കളിയും തിമിര്‍പ്പുമൊക്കെകഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കുപ്പിയിലിട്ടിരുന്ന തവളകളെക്കുറിച്ച് ഓര്‍ത്തത്. കുപ്പി വച്ചിരുന്ന സ്ഥലത്തേക്ക് ഓടിച്ചെന്നു. പക്ഷേ, തവളകള്‍ രണ്ടും വെള്ളത്തിനുമുകളില്‍ ചത്തുമലച്ചുകിടക്കുന്നു! ചത്തുകകഴിഞ്ഞാല്‍ തവളകള്‍ വെള്ളത്തില്‍ മലര്‍ന്നാണ് കിടക്കുക. അപ്പോള്‍ പച്ചനിറം ഒട്ടും പുറത്തുകാണില്ല. വയറിനടിയിലെ വെള്ളനിറം മാത്രം. രണ്ടുദിവസത്തെ കളിയുടെ രസം മുഴുവന്‍ പോയി. വല്ലാത്ത കുറ്റബോധം. അതോടെ തവളയെ കുപ്പിയിലിടുന്ന പരിപാടി അവസാനിപ്പിച്ചു. പിന്നെ കുളത്തിലെത്തി തവളയെ പിടിക്കുമ്പോഴെല്ലാം അത് ദേഷ്യത്തോടെ നോക്കുന്നതുപോലെ എനിക്ക് തോന്നാറുണ്ടായിരുന്നു.മഴക്കാലം തുടങ്ങിയാലുടനെ തവളകളെ പിടിക്കാന്‍ ആളുകള്‍ ഇറങ്ങും. ഒരു പെട്രോമാക്‌സും കുട്ടിച്ചാക്കുമായാണ് അവര്‍ വരുന്നത്. വലിയ തവളകളെനോക്കി പിടികൂടി അവര്‍ ചാക്കിലിട്ടുകൊണ്ടുപോകും. തവളക്കാല് പൊരിച്ചുതിന്നാനാണ്് ഈ തവളപിടിത്തം. തവളയുടെ പിന്നിലെ വലിയ കാലുകള്‍ മാത്രമേ ഇറച്ചിക്കായി ഉപയോഗിക്കൂ. തവളക്കാലിനുള്ളില്‍ ചെറിയൊരു ഞരമ്പുണ്ട്. അത് എടുത്തുമാറ്റിയിട്ടുവേണം പാകം ചെയ്യാന്‍. നല്ല പരിചയമുള്ളവര്‍ക്കുമാത്രമേ അതിന് കഴിയൂ. ആ ഞരമ്പ് കഴിച്ചാല്‍ മനുഷ്യരുടെ കാല് തളര്‍ന്ന് പോകുമത്രേ! തവളകളെ പിടിച്ചുകൊണ്ടുപോകുന്നത് പലപ്പോഴും ഞാന്‍ വെറുതേ നോക്കിനില്‍ക്കാറുണ്ട്. ചാക്കില്‍ കിടന്ന് തവളകള്‍ പുറത്തേക്ക് ശക്തിയായി ചാടും. എല്ലാ ഭാഗത്തേക്കും തവളകള്‍ ഇങ്ങനെ ചാടുമ്പോള്‍ ആ ചാക്ക് ജീവനുള്ള എന്തോ ഒന്നാണെന്ന് തോന്നും. ഒരു ചാക്ക് ജീവനാണല്ലോ അത്!

തവളകളെ കൊണ്ടുപോകുന്നതല്ലാതെ അവയെ എങ്ങനെയാണ്് പാകപ്പെടുത്തി ഇറച്ചിയാക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ആറാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയത്ത് തവളകളെ പിടിച്ചുകൊണ്ട് പോകുന്ന ചേട്ടന്മാരുടെ കൂടെ ഞാനും പോയി. തവളച്ചാക്ക് പറമ്പിലൊരിടത്ത് വച്ചിട്ട് വലിയൊരു കുഴിയെടുക്കും. അവിടെ ഒരു മരപ്പലകയും കത്തിയും ഒരുക്കിവച്ചിട്ടുണ്ട്. വെളിച്ചത്തിന് പെട്രോമാക്‌സുണ്ട്. ചാക്കില്‍നിന്ന് ഓരോ തവളയെ പുറത്തെടുക്കണം. മറ്റുള്ളവ ചാടിപ്പോകാതെ ഓരോന്നിനെയായി പുറത്തെടുക്കാന്‍ പ്രത്യേക കഴിവുതന്നെ വേണം. ഓരോ തവളയെയും തടിയില്‍ വച്ച് പിന്നിലെ വലിയ കാലുകള്‍മാത്രം മുറിച്ചെടുക്കും. കാലുമുറിക്കുമ്പോള്‍ തവളയുടെ ഒരു കരച്ചിലുണ്ട്, ഒരിക്കല്‍ കേട്ടാല്‍ പിന്നെ മറക്കാനാവില്ല. അത്ര ദയനീയമാണത്. കാലുമുറിച്ചെടുത്താല്‍ ബാക്കിയുള്ള ഭാഗം കുഴിയിലേക്ക് തട്ടും. ഞാന്‍ ആകാംഷയോടെ കുഴിയിലേക്ക് നോക്കി. അപ്പോഴും ജീവന്‍പോകാത്ത തവളകള്‍ അവശേഷിക്കുന്ന രണ്ടുകാലുകള്‍കൊണ്ട് കുഴിയില്‍നിന്ന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ഒന്നേ നോക്കിയുള്ളു! ഞാന്‍ വേഗം അവിടുന്ന് സ്ഥലംവിട്ടു. ദിവസങ്ങളോളം ആ കാഴ്ച കണ്ണില്‍നിന്ന് മാഞ്ഞില്ല, നിലവിളിയൊച്ച ചെവിയില്‍ നിന്നും. ഇപ്പോഴും പാടവരമ്പത്തിരുക്കുന്ന തവളകളെ കാണുമ്പോള്‍, അവ ദൂരേയ്ക്കു ചാടുമ്പോള്‍ നല്ല ശക്തിയുള്ള പിന്‍കാലുകളിലേക്ക് ഒന്നുകൂടി നോക്കും. അപ്പോഴൊക്കെ കാലുമുറിച്ചിട്ടും ജീവന്‍ പോകാത്ത തവളകള്‍ ഓര്‍മ്മയിലെത്തും. പിന്നെ കുപ്പിയില്‍ ചത്തുകിടന്ന രണ്ട് തവളക്കുഞ്ഞുങ്ങളും.