മണ്ടന്‍ കുരങ്ങച്ചന്‍
അനില്‍ കുമാര്‍


കുരങ്ങുരാജാവിനും ഭാര്യക്കും ഒരേയൊരു മകനേയുള്ളൂ. പക്ഷേ, പറഞ്ഞിട്ടെന്താ മരമണ്ടനായിരുന്നു കുഞ്ഞിക്കുരങ്ങന്‍.

''രാജാവിന്റെ മകനായിട്ടെന്താ? കുഞ്ഞിക്കുരങ്ങന്‍ മഹാ മണ്ടച്ചാരാ...'', മറ്റു കുരങ്ങന്മാര്‍ കുരങ്ങുരാജാവ് കേള്‍ക്കാതെ പറയും. കുരങ്ങുരാജാവ് അതുകേട്ടാല്‍ കലിതുള്ളും. ''ഹും, ആരു പറഞ്ഞു! എന്റെ മോന്‍ അതി ബുദ്ധിമാനാ! ഇനി ആരെങ്കിലും അവനെ മണ്ടനെന്നു വിളിച്ചാല്‍... ഹ്ങാ!'' കുരങ്ങുരാജാവ് മറ്റുള്ള കുരങ്ങന്മാരെ ഭയപ്പെടുത്തും.

''നമ്മുടെ മോനെ മണ്ടനെന്നു വിളിക്കുന്നവര്‍ക്ക് നല്ല ശിക്ഷ കൊടുക്കണം.'', കുഞ്ഞിക്കുരങ്ങനെ കൊഞ്ചിച്ചുകൊണ്ട് അമ്മയും പറയും.

ഒരുദിവസം കുരങ്ങുരാജാവ് പറഞ്ഞു: ''ഞാന്‍ കടല്‍ത്തീരത്തെ ചാഞ്ഞ മരത്തിലേക്ക് ഒന്നു പോവുകയാ? നിങ്ങള്‍ ഇവിടിരുന്നോ.''

കുരങ്ങുരാജാവ് പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ കുഞ്ഞിക്കുരങ്ങനെ വിളിച്ചു: ''കുഞ്ഞിക്കുട്ടാ, മിടുക്കന്‍ കുട്ടാ, ഇങ്ങോട്ടുവാ! അമ്മേടെ തല നിറച്ചും പേനാ. വാ, വാ, പേനൊക്കെ എടുത്തു
കൊന്നേ!''
കുഞ്ഞിക്കുരങ്ങന് അതു വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ തലയില്‍ നിന്ന് പേന്‍ എടുത്ത് കൊല്ലുന്നത് അവന്റെ പതിവാണ്. കുഞ്ഞിക്കുരങ്ങന്‍ ഓടിവന്നു. ''അമ്മ എന്റെ മടിയില്‍ കിടന്നോ. പേനെല്ലാം എടുത്ത് ഞാന്‍ 'ക്‌ടോ!' എന്നു കൊല്ലും.'', കുഞ്ഞിക്കുരങ്ങന്‍ പറഞ്ഞു.

അമ്മ മരച്ചുവട്ടില്‍ കുഞ്ഞിക്കുരങ്ങന്റെ മടിയില്‍ തലവെച്ചു കിടന്നു. കുഞ്ഞിക്കുരങ്ങന്‍ പേന്‍ ഓരോന്നെടുത്ത് കൊല്ലാന്‍ തുടങ്ങി.

'ഒന്നേ...ഒന്നേ...ക്ടും!'
'രണ്ടേ...രണ്ടേ...ക്ടും!'
'മൂന്നേ...മൂന്നേ...ക്ടും!'

കുഞ്ഞിക്കുരങ്ങന്‍ അങ്ങനെ പേനെടുത്തുകൊണ്ടിരുന്നപ്പോള്‍ അമ്മ ഉറങ്ങിപ്പോയി. അപ്പോള്‍ ഒരു ഈച്ച പറന്നുവന്ന് അമ്മയുടെ തലയില്‍ ഇരുന്നത് കുഞ്ഞിക്കുരങ്ങന്‍ കണ്ടു.

''അമ്മേടെ തലയില്‍ കടിക്കാതെ പോ!'', കുഞ്ഞിക്കുരങ്ങന്‍ ഈച്ചയെ ആട്ടിയകറ്റി. ഈച്ച പറന്നുപൊങ്ങിയിട്ട് പിന്നെയും വന്നിരുന്നു.

''അമ്മേടെ തലയില്‍ കടിക്കരുതെന്നല്ലേ പറഞ്ഞത്!'', കുഞ്ഞിക്കുരങ്ങന്‍ ഈച്ചയെ പിന്നെയും ആട്ടിയോടിച്ചു. എന്നാല്‍ ഈച്ച വീണ്ടും അമ്മയുടെ തലയില്‍ വന്നിരിക്കുന്നത് കുഞ്ഞിക്കുരങ്ങന്‍ കണ്ടു.

''ഹമ്പടാ...! പിന്നെയും വന്നോ? നിന്നെ ഞാന്‍ വച്ചേക്കില്ല.'', കുഞ്ഞിക്കുരങ്ങന്‍ ഒരു കമ്പെടുത്ത് ഒറ്റയടി!
''ഹയ്യോ...തല പൊളിഞ്ഞേ...!'' അമ്മക്കുരങ്ങിന്റെ തല പൊട്ടി ചോരയൊഴുകി...
''ഈച്ചയെ കൊന്നേ! ഈച്ചയെ കൊന്നേ!'', കുഞ്ഞിക്കുരങ്ങന്‍ തുള്ളിച്ചാടി.

കുറച്ചു കഴിഞ്ഞപ്പോള്‍ കുരങ്ങു രാജാവ് തിരിച്ചുവന്നു. ''അച്ഛാ, ഞാന്‍ അമ്മയെ കടിച്ച ഈച്ചേക്കൊന്നേ!'' കുഞ്ഞിക്കുരങ്ങന്‍ പറഞ്ഞു. ''എന്റെ മോന്‍ മിടുക്കനാ! മിടുമിടുക്കന്‍!'' കുരങ്ങു രാജാവ് പറഞ്ഞു. അപ്പോള്‍ അമ്മക്കുരങ്ങ് പറഞ്ഞു: ''അല്ല. അവന്‍ മണ്ടനാ! എന്റെ തല പൊളിഞ്ഞേ...!''

അമ്മക്കുരങ്ങ് ചോരയുമൊലിപ്പിച്ച് കാര്യമെല്ലാം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ കുരങ്ങു രാജാവിന്റെ മുഖം വിളറി. കുരങ്ങുരാജാവ് തലയ്ക്കു കൈവച്ചുകൊണ്ടു പറഞ്ഞു.

''എന്റെ മകന്‍ മണ്ടനാണേ, മരമരമരമണ്ടന്‍!''