ദൈവം വരുന്ന വഴി
സുഭാഷ് ചന്ദ്രന്‍
ലംബുറാം മുതലാളി വെള്ളപ്പൊക്കത്തില്‍ പെട്ട കഥ കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ ആ കഥയാകട്ടെ ഇത്തവണ:
പട്ടണത്തിലെ ഏറ്റവും സമ്പന്നനായ ലംബുറാം മഹാദൈവഭക്തനും കൂടിയായിരുന്നു. എന്നും രാവിലെ എഴുന്നേറ്റാല്‍ കുളിച്ച് ശുദ്ധിയായി ഒരു മണിക്കൂറെങ്കിലും പൂജാമുറിയില്‍ കഴിച്ചുകൂട്ടിയിട്ടേ ലംബുറാം വെള്ളം പോലും കുടിക്കൂ. തനിക്ക് എന്ത് ആപത്തു വന്നാലും ദൈവം തന്റെ രക്ഷയ്‌ക്കെത്തുമെന്ന് ലംബുറാമിന് ഉറച്ച വിശ്വാസമാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം ലംബുറാം ഒരു വാര്‍ത്ത അറിഞ്ഞു: നഗരത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്! അടുത്തുള്ള ഏതോ അണക്കെട്ടു പൊട്ടിയിരിക്കുന്നു!

''എന്തായാലും എനിക്കൊന്നും സംഭവിക്കില്ല!'', ലംബുറാം തന്നത്താന്‍ പറഞ്ഞു: ''എന്നെ ദൈവം രക്ഷിക്കും!''

കുറേ കഴിഞ്ഞപ്പോഴേക്കും ആളുകളുടെ നിലവിളിയും ബഹളവും കേട്ടുതുടങ്ങി. വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷതേടാന്‍ ആളുകള്‍ പരക്കം പായുന്ന ശബ്ദമായിരുന്നു അത്. നോക്കുമ്പോഴതാ തന്റെ മണിമാളികയുടെ താഴത്തെ നില മുങ്ങാന്‍ തുടങ്ങുന്നു!
ആളുകളെ രക്ഷപ്പെടുത്തുന്ന ഒരു വള്ളം ലംബുറാമിന്റെ മാളികയ്ക്കുമുന്നിലൂടെ കടന്നുപോയി. ''ലംബുറാംമുതലാളീ, വേഗം വള്ളത്തില്‍ കയറൂ'', വള്ളക്കാരന്‍ വിളിച്ചു പറഞ്ഞു.

''വേണ്ട വേണ്ട!'', ലംബുറാം പറഞ്ഞു: ''എന്നെ ദൈവം രക്ഷിച്ചോളും!''

വള്ളം അകന്നു പോയി. വൈകാതെ മാളികയുടെ താഴത്തെ നില മുങ്ങി. ലംബുറാം ഓടി മുകളിലത്തെ നിലയിലെത്തി. അപ്പോഴാണ് അതിലേ ഒരു ബോട്ടുവന്നത്.

മാളികയുടെ മുകള്‍നിലയില്‍ ഒറ്റയ്ക്കുനില്‍ക്കുന്ന ലംബുറാമിനെ കണ്ട് ബോട്ടിലുള്ളവര്‍ ഉറക്കെവിളിച്ചു: ''വേഗം ഈ ബോട്ടിലേക്കു കയറൂ!''
ലംബുറാം പുച്ഛത്തോടെ അവരോടു പറഞ്ഞു: ''ഹും, മഹാഭക്തനായ എന്നെ ദൈവം തന്നെ രക്ഷിച്ചോളും!''

ബോട്ട് മടങ്ങിപ്പോയി. വെള്ളംപിന്നേയും ഉയര്‍ന്നപ്പോള്‍ ലംബുറാം മാളികയുടെ മേലാപ്പിലേക്ക് പിടിച്ചുകയറി അവിടെ അള്ളിപ്പിടിച്ചിരുന്നു. അപ്പോഴാണ് അതിലേ ഒരു ഹെലികോപ്റ്റര്‍ വന്നത്. വെള്ളപ്പൊക്കത്തില്‍ പെട്ടവരെ രക്ഷിക്കാനായി വന്നതായിരുന്നു ഹെലികോപ്റ്ററും.
ലംബുറാമിനു നേരേ അവര്‍ ഒരു കയറിട്ടുകൊടുത്തു. അപ്പോഴും ലംബുറാം പറഞ്ഞു: ''എനിക്കാരുടേയും സഹായം
വേണ്ട. എന്നെ ദൈവം രക്ഷിച്ചോളും!''

ഹെലികോപ്റ്ററും തിരിച്ചുപോയി. വെള്ളം പിന്നേയും ഉയര്‍ന്നു. പിന്നത്തെ കാര്യം പറയേണ്ടല്ലോ. ദൈവഭക്തനായ ലംബുറാം വെള്ളം കുടിച്ചു മരിച്ച് നേരേ സ്വര്‍ഗത്തില്‍ ചെന്നു.

അവിടെ വച്ച് ദൈവത്തെ കണ്ടതും അയാള്‍ ചൂടായി: ''എന്തു പണിയാ ദൈവമേ നീ എന്നോടു കാണിച്ചത്? എന്നെ രക്ഷിക്കാന്‍ വരാതിരുന്നത് മഹാമോശമായി!''

അപ്പോള്‍ ദൈവം പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ''നിന്നെ രക്ഷിക്കാന്‍ ഞാന്‍ ആദ്യം ഒരു വള്ളം അയച്ചു. പിന്നെ
ഒരു ബോട്ടയച്ചു. അവസാനം ഒരു ഹെലികോപ്റ്ററും! അതിലും കൂടുതല്‍ എന്തുചെയ്യണം?''
ലംബുറാം ലജ്ജിച്ചുതലതാഴ്ത്തി.

കഥ വായിച്ചിട്ട് എന്തു തോന്നുന്നു? അതെ, ഏത് ആപത്തിലും നമ്മെ സഹായിക്കാന്‍ പല രൂപത്തില്‍ ദൈവം എത്തിച്ചേരുമെന്നുള്ള കാര്യം ഉറപ്പ്. പക്ഷേ അപ്പോള്‍ അക്കാര്യം തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണമെന്നു മാത്രം!