നിലാവില് വന്ന പുലി!
ഡോ. കെസി. കൃഷ്ണകുമാര്‍


കടുവയേയും പുലിയേയുമൊക്കെ ശരിക്കും പേടിയാണ്, വലിയ ഇഷ്ടവുമാണ്. സ്കൂളില്‍ നിന്ന് തിരുവനന്തപുരത്ത് ടൂറിനു പോയപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ മുഴുവന്‍ മൃഗശാലയെക്കുറിച്ചായിരുന്നു. കടുവ, പുലി, കരടി അങ്ങനെ എത്രയാ ജീവികള്‍. കടുവ നല്ല ഉറക്കമാണ്. ശ്വാസം വിടുന്നതിന് ഒരു പ്രത്യേക താളമുണ്ട്. എഴുനേറ്റുനിന്ന് അലറിയിരുന്നെങ്കില്‍ ശരിക്കൊന്ന് പേടിക്കാമായിരുന്നു. പക്ഷേ, അതൊന്നുമുണ്ടായില്ല. പുലിയും ഉറക്കം തന്നെ. മൃഗശാലയില്‍ നിന്ന് മടങ്ങിയതില്‍പ്പിന്നെ ഭാസ്ക്കരേട്ടന്റെ കടയിലെ ഭരണിയില്‍ ഇട്ടു വച്ചിരിക്കുന്ന നാരങ്ങാമിഠായി കാണുമ്പോള്‍ ഞാന്‍ കൂട്ടില്‍ കിടന്ന കടുവയെ ഓര്‍ക്കും. കാടുകയറാന്‍ കിട്ടുന്ന ഒരു അവസരവും വിടില്ല.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന സമയം. ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഒരു വനവാസ ക്യാമ്പുണ്ട് എന്നറിഞ്ഞു. നാട്ടിലെ ലൈബ്രറിയില്‍ സഹായിയായി ഒരു ബൈജുവുണ്ട്. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് അപേക്ഷ അയച്ചു. വൈകാതെ കാട്ടിലേക്കുള്ള ക്ഷണം പോസ്റ്റ് കാര്‍ഡില്‍ എത്തി. ശബരിമല യാത്രയ്ക്കിടയില്‍ വലിയാനവട്ടത്തും ചെറിയാനവട്ടത്തും കരിമലയിലുമെല്ലാം കൊടുങ്കാടിനു നടുവില്‍ രാത്രി കഴിച്ചുകൂട്ടിയിട്ടുണ്ട്. പക്ഷേ, അതൊന്നും കാട്ടിലേക്കുള്ള യാത്രയായിരുന്നില്ല. ഇതിപ്പോള്‍ കാട്ടിലേക്ക് മാത്രമായൊരു യാത്ര. വൈകുന്നേരത്തോടെയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെത്തിയത്. റോഡരികില്‍ തന്നെയാണ് ക്യാമ്പ് ഷെഡ്. ക്യാമ്പില്‍ മുപ്പതോളം പേരുണ്ട്. ഷെഡിനുമുകളില്‍ സോളാര്‍ പാനലുകള്‍ നിരത്തിവച്ചിട്ടുണ്ട്.


പിന്നീട് പലപ്പോഴും കാട്ടില്‍ വച്ച് പുലിയെ മിന്നായംപോലെ കണ്ടിട്ടുണ്ട്. കുടകില്‍നിന്ന് തിരിച്ചുവരുമ്പോള്‍ കുട്ട എന്ന സ്ഥലമെത്തുന്നതിനുമുന്പ് കാട്ടിലെവിടെയോ വച്ച് വണ്ടിയുടെ ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു പുലി. റോഡിന്റെ ഒരു വശത്തേക്ക് നീങ്ങി, പൂച്ചകള്‍ വിറപ്പിക്കുന്നതുപോലെ വാലൊന്ന് വിറപ്പിച്ചു. എന്നിട്ട് സാവധാനം കാട്ടിലേക്ക് മറഞ്ഞു. രാത്രിയാത്രാനിരോധനം വരുന്നതിനുമുന്പ് ഒരിക്കല്‍ മുത്തങ്ങ വനത്തില്‍ മിന്നായം പോലെ ഒന്ന്. മസിനഗുഡിയിലെ ജനാലയ്ക്കരികിലൂടെ പോയ പുലിയുടെ നിഴല്‍...അങ്ങെനെ പലപ്പോഴും പുലി യാഥാര്‍ഥ്യമായി മുന്നിലെത്തി.
പക്ഷേ, കടുവ! അത് പലപ്പോഴും ഒഴിഞ്ഞുമാറുകയാണ്. അയ്യപ്പന്റ പടത്തില്‍ കടുവയല്ല, പുലിയാണ് വേണ്ടതെന്ന് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല. ഒരു മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ഒരു കടുവക്കാഴ്ച നഷ്ടമായത്. തേക്കടി തടാകതീരത്ത് ഒരു മാനിനെ പിടികൂടി കടിച്ചുകീറിതിന്ന് വയറുനിറച്ച ഒരു കടുവ. മണിക്കൂറുകളോളം ആ കാഴ്ച പെരിയാറിലെത്തിയ സഞ്ചാരികള്‍ക്ക് സത്യസന്ധമായും സമാധാനമായും ബോട്ടിലിരുന്ന് കാണാനായി. പക്ഷേ, ഞങ്ങളുടെ ബോട്ട് എത്തിയപ്പോഴേക്കും മാനിന്റെ എല്ലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ബാക്കി .

ചിന്നാര്‍ യാത്രക്ക് ഒരു അവസാനഭാഗം കൂടിയുണ്ട്. മൂന്നുദിവസത്തെ ക്യാമ്പും യാത്രയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രാത്രി വളരെ വൈകി. കിടന്നപാടേ ഉറങ്ങുകയും ചെയ്തു. രാത്രിയിലെപ്പോഴോ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു 'കാട്ടുപോത്ത്.. കാട്ടുപോത്ത്... ' ഉറക്കച്ചടവില്‍ എന്തോ വിളിച്ചുകൂവുകയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. ടോര്‍ച്ചുമെടുത്ത് ഞാന്‍ പുറത്തേക്കോടി. കൂടെ അച്ഛനും ചേട്ടനും. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നല്ല ഉശിരനൊരു പോത്ത്. ഒച്ചയും വെളിച്ചവുമൊക്കെ കാരണമാവണം അത് വേഗം വേലിക്കിടയിലൂടെ പുറത്തേക്കോടി. കാട്ടിലാണോ വീട്ടിലാണോ എന്ന സംശയം മാറാന്‍ രാവിലെ വരെ കാത്തിരിക്കേണ്ടി വന്നു. തലേന്നു രാത്രിയില്‍ എപ്പോഴോ അഴിഞ്ഞു പോയ എരുമയേയും പിടിച്ചുകൊണ്ട് അവറാച്ചന് രാവിലെ പോകുന്നതു കണ്ടപ്പോള്‍ എനിക്ക് ഉറപ്പായി, ഞാന്‍ നാട്ടില്‍ തന്നെയാണെന്ന.്
വര:
