ഒരു ക്രിമിനല്‍ മനസ്സിലെ പൂമ്പാറ്റകള്‍...
ഡോ. കെ.സി. കൃഷ്ണകുമാര്‍
'ഇന്ന് ഞാന്‍ സ്‌കൂളില്‍ പോകുന്നില്ല!', ഒരു ദിവസം രാവിലെ മറ്റു മുന്നറിയിപ്പുകളൊന്നും ഇല്ലാതെ ഞാന്‍ അമ്മയോട് പറഞ്ഞു. ചിലപ്പോള്‍ വയറുവേദനയെന്നോ, തലവേദനയെന്നോ ഒക്കെ ചില കാരണങ്ങള്‍ കൂടി പറയാറുണ്ട്. ഇത്തവണ അത്തരം മുഖവുരകളൊന്നും ഇല്ലായിരുന്നു. അതു കൊണ്ട് തിരക്കിനിടയിലും അമ്മ ചോദിച്ചു:'എന്താ കാര്യം?'

കുറച്ച് അകലെയുള്ള ഒരു യു.പി. സ്‌കൂളിലെ അധ്യാപികയാണ് അമ്മ. വീട്ടില്‍ നിന്ന് ബസ്റ്റോപ്പിലേക്ക് കുറേ നടക്കണം, ബസ് ഇറങ്ങിയിട്ട് സ്‌കൂളിലേക്കും കുറേ നടക്കണം. രാവിലെ, ചോറും കറികളുമൊക്കെ ഉണ്ടാക്കി വച്ചിട്ട്് സമയത്തിറങ്ങാനുള്ള തിരക്കിലായിരിക്കും അമ്മ. അതുകൊണ്ട് രാവിലെ എന്തുകാര്യവും പറയുന്നത് രണ്ടു വട്ടം ആലോചിച്ചിട്ടാണ്. എന്നിട്ടും 'അമ്മയൊന്നു വരുമോ? ഒരു സൂത്രം കാണിച്ചുതരാം.' എന്നുപറഞ്ഞ് അമ്മയുടെ കൈയില്‍ പിടിച്ചു വലിച്ചു.

കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്ന് അമ്മയ്ക്കും തോന്നിയിട്ടുണ്ടാവണം, അമ്മവേഗം എന്റെ കൂടെ വന്നു.

കുളക്കരയില്‍ നില്‍ക്കുന്ന, ബ്രഷ്‌പോലെ പൂവുണ്ടാകുന്ന ചെടിയിലാണ് അത്ഭുതം! അതില്‍ തൂങ്ങിക്കിടക്കുന്ന കുറേ കുഞ്ഞിപ്പൊതികള്‍ ഞാന്‍ കാണിച്ചുകൊടുത്തു. 'ഇതില്‍ ഒന്നില്‍ നിന്ന് ഒരു പൂമ്പാറ്റ പറന്നു പോയി! എല്ലാ കൂട്ടില്‍ നിന്നും പൂമ്പാറ്റ പറക്കുമെന്ന് തോന്നുന്നു! എനിക്കത് കാണണം. ഞാന്‍ സ്‌കൂളില്‍ പോകുന്നുല്ല.'

അമ്മ എതിരൊന്നും പറഞ്ഞില്ല. 'ശരി,ശരി!' ,എന്നു പറഞ്ഞ് തിരക്കുകളിലേക്ക് തിരിച്ചുപോയി. പല്ലുതേയ്ക്കുന്ന മാവിലയും കൈയില്‍ പിടിച്ച് ഞാന്‍ ബ്രഷ് ചെടിയിലേക്ക് കണ്ണും തുറിപ്പിച്ച് കാത്തിരുന്നു.

വെയിലിന് ശക്തി വച്ചതോടെ രണ്ടു പൂമ്പാറ്റകള്‍ കൂടി പുറത്തുവന്നു. ശ്വാസമടക്കിയിരുന്ന് ഞാനതുകണ്ടു. പുറത്തുവന്ന പൂമ്പാറ്റകള്‍ കുറച്ചുനേരം അതേ ചെടിയില്‍തന്നെയിരുന്നു. പിന്നെ ചിറകടിച്ച് പറന്നുയര്‍ന്നു. പിന്നെ എത്ര സമയം കാത്തിരുന്നിട്ടും ഒന്നും സംഭവിച്ചില്ല. കുഞ്ഞിപ്പൊതികളെല്ലാം വെറുതേ ചെടിയില്‍ തൂങ്ങിക്കിടക്കുകതന്നെ. കാത്തിരുന്നു മടുത്തപ്പോള്‍ ഞാന്‍ പാതിയില്‍ നിര്‍ത്തിയ പരിപാടികളിലേക്ക് കടന്നു. പല്ലുതേയ്ക്കല്‍ അവസാനിപ്പിച്ച് കുളിയും മറ്റുമൊക്കെ കഴിഞ്ഞ് നേരേ സ്‌കൂളിലേക്ക് പുറപ്പെട്ടു. യൂണിഫോമൊന്നുമില്ല. കൈയില്‍ കിട്ടുന്ന ഷര്‍ട്ടും നിക്കറുമൊക്കെയിട്ട് സ്‌കൂളിലേക്ക് പോകാം. രണ്ടു വീട്ടുമുറ്റം കയറി, ഇടവഴിയിലൂടെ പോയി, ഒരു തടിപ്പാലവും കടന്നാല്‍ സ്‌കൂളായി. കുറച്ചു വൈകിയതൊഴിച്ചാല്‍ മറ്റുകുഴപ്പങ്ങളൊന്നുമില്ല. പതിവുപോലെ കണക്കു ക്ലാസിലെ കൂട്ടിക്കിഴിക്കലുകള്‍..

ക്ലാസ് കഴിഞ്ഞ് മൂത്രമൊഴിക്കാന്‍ പുറത്തുവിട്ടപ്പോള്‍ ഞാന്‍ രാവിലെ കണ്ട അദ്ഭുതത്തിന്റെ കെട്ടഴിച്ചു. കുറേപ്പേര്‍ ചുറ്റും കൂടി. അതാണ് രീതി, ആര് എന്തു പറഞ്ഞാലും ചുറ്റും കൂടിനിന്ന് കേള്‍ക്കുക. ആവശ്യമുള്ളതായാലും ഇല്ലാത്തതായാലും കുറേനേരം കേട്ടുനില്‍ക്കും. പിന്നെ പതുക്കെ ഒരേരുത്തരായി കൂട്ടംവിടും. എന്തായാലും പൂമ്പാറ്റക്കഥ കേട്ട് പലരും ഏറെനേരം വാപൊളിച്ച് നിന്നു.

ചുറ്റും കൂടിനിന്നവരില്‍ പലരും പിന്നീട് എഞ്ചിനീയര്‍, അമ്പലത്തിലെ കഴകക്കാരന്‍, അധ്യാപകന്‍ അങ്ങനെ പലതുമായി. പക്ഷേ, അറിയപ്പെടുന്ന ക്രിമിനലായ ഒരാളെക്കുറിച്ചാണ് ഞാന്‍ ഓര്‍ക്കുന്നത്. അയാളുടെ പേര് പറയാന്‍ വയ്യ. ഇപ്പറഞ്ഞ ആളിനെ, അയാളുടെ യഥാര്‍ത്ഥപേര് പറഞ്ഞാല്‍ നാട്ടിലാരും അറിയില്ല. ഒരു വട്ടപ്പേരുണ്ട്, അതുപറയണം. ശരിക്കുള്ള പേര് എല്ലാവരും മറന്നെന്നു തോന്നുന്നു. യഥാര്‍ഥ പേര് വിളിക്കുന്നത് അയാള്‍ക്കും ഇഷ്ടമല്ല. എല്ലാവരും പേടിക്കുന്ന ആളാണ്. കൊലക്കുറ്റത്തില്‍ പോലും പ്രതിയായിട്ടുണ്ട്. കേസുകള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ കുറേക്കാലം പോലീസ് സ്‌റ്റേഷനില്‍ ഫോട്ടോയും വച്ചിരുന്നെന്ന് പറഞ്ഞുകേട്ടു.

ഒരിക്കല്‍ ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയപ്പോള്‍ ഏറെക്കാലത്തിനു ശേഷം അയാളെ കണ്ടു. എടാ എന്നു ചേര്‍ത്ത് യഥാര്‍ത്ഥ പേരുതന്നെയാണ് ഞാന്‍ വിൡച്ചത്. അയാളുടെ കൂടെയുണ്ടായിരുന്നവരുടെ മുഖത്തെ ദേഷ്യം ഞാന്‍ പേടിയോടെ ശ്രദ്ധിച്ചു. പക്ഷേ, പഴയകാലത്തെപ്പോലെ അവന്‍ വളരെ സ്‌നേഹത്തോടെ എന്നോട് സംസാരിച്ചു. അതോടെ അവന്റെ കൂടെയുണ്ടായിരുന്ന ശിങ്കിടികളുടെ മുഖത്തെ കടുപ്പം കുറഞ്ഞു. ഇനി പേടിക്കനൊന്നുമില്ല, എനിക്കും ധൈര്യമായി.

പഠിക്കുന്ന കാലത്ത് കണക്കുപരീക്ഷയ്ക്കു മാത്രം അവന് നല്ല മാര്‍ക്കുണ്ടായിരുന്നു. പിന്നെ ജീവിതത്തിന്റെ കണക്ക് എങ്ങനെയായിരിക്കും തെറ്റിപ്പോയത്? 'നീ എങ്ങനെയാണ് ക്രിമിനലായത്?' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷേ, ചോദിച്ചില്ല.

അവന്‍ എന്റെ കുടുംബത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ഒക്കെ ചോദിച്ചു. ഒടുവില്‍ ഒരു കാര്യം കൂടി പറഞ്ഞു:'നീ പണ്ട് പൂമ്പാറ്റ പുറത്തുവരുന്നത് കണ്ട കാര്യം പറഞ്ഞില്ലേ? അതൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്!' എന്ന്.

നാട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്കുമടങ്ങുമ്പോള്‍ ട്രയിനിലിരുന്ന് ഞാന്‍ ചിന്തിച്ചതുമുഴുവന്‍ അവനെക്കുറിച്ചായിരുന്നു. ഒരേ ബഞ്ചില്‍ ഇരുന്ന, ഒരേ പുസ്തകം പഠിച്ച, ഒരേ ഇടവഴിയില്‍ സഞ്ചരിച്ച ആ ചങ്ങാതിയെക്കുറിച്ച്. പിന്നെ ഒരു വട്ടപ്പേരുകൊണ്ട് എല്ലാവരേയും പേടിപ്പിക്കുന്ന ക്രിമിനലായ അവനെക്കുറിച്ചും. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷവും അവന്റെ മനസ്സില്‍ പൂമ്പാറ്റകള്‍ പാറിക്കളിക്കുന്നുണ്ട്. എന്നിട്ടും അവനെങ്ങനെ ക്രിമിനലായി?

പൂമ്പാറ്റയേയും ചെടികളേയും സ്‌നേഹിക്കാനുള്ള അവന്റെ കഴിവിനെ ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അവന്‍ ഒരിക്കലും ഒരു ക്രിമിനലാവില്ലായിരുന്നു എന്ന് എനിക്കുതോന്നി.

പെട്ടെന്ന് ഞാന്‍ ഫോണെടുത്ത് അമ്മയെ വിളിച്ചു:' ഒന്നുമില്ല, വെറുതേ വിളിച്ചതാ. ഞങ്ങള്‍ തൃശ്ശൂരിലെത്തി.' അത്രയും മാത്രം പറഞ്ഞ് ഫോണ്‍ തിരികെ വച്ചു. അപ്പോള്‍ എന്റെയുള്ളിലും പൂമ്പാറ്റകള്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു.

വര: