മരണത്തിനപ്പുറത്തേക്കു പറക്കുന്ന കൊക്കുകള്‍!
ഡോ. കെ.സി.കൃഷ്ണകുമാര്‍
വഴിയരികില്‍ കോഴിയുടെ അവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ അതിശയിച്ചു- ഈ നാട്ടിന്‍പുറവും നഗരമായോ എന്ന്! കുറച്ചുകൂടി അടുത്തുചെന്നപ്പോള്‍ മനസ്സിലായി, അതൊരു കൊക്കാണ്. ശരീരത്തിലെ മാംസമുള്ള ഭാഗമെല്ലാം കടിച്ചു കീറിയിട്ടുണ്ട്. നായയോ പൂച്ചയോ ആയിരിക്കണം. ഇന്നലെ വൈകുന്നേരം മുതല്‍ അത് അവിടെ കിടപ്പുണ്ടെന്ന് നാണുവേട്ടന്‍ പറഞ്ഞു. എന്തായാലും വേനലായതുകൊണ്ട് ചീഞ്ഞുനാറുന്നില്ല.

ഓര്‍മ്മവച്ചകാലം മുതല്‍ കൊക്കുകളെ കാണുന്നതാാണ്. പാടത്തും പറമ്പിലുമെല്ലാം ധാരാളമുണ്ടാവും. പണ്ട് ഞങ്ങളുടെ കറുമ്പിപ്പശുവിന്റെ മുതുകത്തിരിക്കുന്ന കൊക്കിനോടു മാത്രമേ ദേഷ്യം തോന്നിയിട്ടുള്ളു. കൊക്കുമുണ്ടി പാല് കട്ടുകുടിക്കുകയൊന്നുമില്ല എന്നറിഞ്ഞതോടെ ആ ദേഷ്യം തീരുകയും ചെയ്തു. ഇടയ്ക്ക് നാട്ടിടവഴിയിലൂടെ ചിലര്‍ തോക്കുമായി വരും. കൊക്കിനെ വെടിവയ്ക്കുന്നവര്‍! അവരുടെ പിന്നാലെ ഒരു കൂട്ടം പിള്ളേരും. അക്കൂട്ടത്തില്‍ ഞാനില്ല, തോക്കുമായി നടക്കുന്നവരെ എനിക്ക് പേടിയായിരുന്നു.

ഒരുദിവസം വെടിവയ്പ്പുകാര്‍ പുറത്തുചുറ്റിനടക്കുന്നതിനിടെ ഞാന്‍ അടുക്കളയില്‍ വെള്ളം കുടിക്കാന്‍ ചെന്നു. അടുക്കളമൂലയില്‍ മണ്‍കലത്തിലാണ് വെള്ളം അടച്ചുവയ്ക്കുക. വെള്ളം നിറച്ചുവച്ചിരുന്ന കലത്തിനരികില്‍ പെട്ടെന്ന് ഒരു വെള്ളായം! എന്നെ കണ്ടതും അത് ഒന്നുകൂടി കലത്തിന്റെ മറവിലേക്ക് പതുങ്ങി. സംശയമില്ല, കൊക്കുതന്നെ! കാലില്‍ ചോരപ്പാടുണ്ട്. ഞാന്‍ ആരോടും ഇക്കാര്യം പറഞ്ഞില്ല. അടുക്കളയുടെ പുറത്തേക്കുള്ള വാതില്‍ അടച്ചു. പിന്നെ വെടിവയ്പ്പുകാര്‍ പോകുന്നതും കാത്തിരുന്നു.

അവര്‍പോയി എന്ന് ഉറപ്പാക്കിയിട്ട് ഞാന്‍ അടുക്കളയിലെത്തി. കലത്തിന്റെ പിന്നില്‍ നിന്നും കൊക്കിനെ പിടിക്കുന്നതിനിടയില്‍ ക്വാക് എന്നു ശബ്ദിച്ചുകൊണ്ട് അത് എന്റെ കൈയില്‍ ഒറ്റക്കൊത്ത്! കൊക്കിന്റെ കാലില്‍ നിന്നും എന്റെ കൈയില്‍നിന്നും ചോര! പോരേ പൂരം? വീട്ടിലുണ്ടായിരുന്ന സകലരും ഓരോ അഭിപ്രായങ്ങളുമായി രംഗത്തുവന്നു. പക്ഷേ, കൊക്കിനെ ഞാന്‍ വിട്ടുകൊടുത്തില്ല! വീടിന്റെ ഒരുമൂലയില്‍ കെട്ടിയിട്ടു.

വൈകുന്നേരം അമ്മ എന്റെ കൈയിലെ മുറിവിലിടാന്‍ മഞ്ഞളും മറ്റന്തൊക്കെയോ പച്ചമരുന്നുകളും ചേര്‍ത്ത് എണ്ണ കാച്ചിതന്നു. എന്റെ കൈയിലും കൊക്കിന്റെ കാലിലും ഞാന്‍ ആ എണ്ണ മുടങ്ങാതെ ഇട്ടു.

വെടികൊണ്ടമുറിവുപോലും ഉണക്കാനുള്ള ശക്തി ആ എണ്ണയ്ക്കുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. അത്രയും ദിവസം കൊണ്ട് കൊത്തുകിട്ടാതെ കൊക്കിനെ പിടിക്കാനും പഠിച്ചു. കൊക്കിന് ഒട്ടും ബുദ്ധിയില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം, ആദ്യം അതിനെ പിടിച്ചപ്പോള്‍ കാണിച്ച അതേ പരാക്രമവും ആക്രമണസ്വഭാവവുമാണ് അവസാനം അതിനെ പറത്തിവിടാനായി കെട്ടഴിച്ചെടുത്തപ്പോഴും അത് കാണിച്ചത്. ചിലപ്പോള്‍ കൊക്കിന്റെ അതിബുദ്ധിയായിരിക്കുമോ അത്? കാരണം കുറച്ചൊന്ന് ഇണങ്ങുമെന്നു കണ്ടാല്‍ ഞാന്‍ അതിനെ സ്ഥിരമായി വളര്‍ത്താനെങ്ങാനും തീരുമാനിച്ചാല്‍ കുഴഞ്ഞില്ലേ? എന്തായാലും കൊക്കിനാണോ എനിക്കാണോ ബുദ്ധി എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല . അതില്‍പ്പിന്നെ എപ്പോള്‍ കൊക്കിനെ കണ്ടാലും ഞാനീ പഴങ്കഥകളൊക്കെ ഓര്‍ക്കും. ഇപ്പോള്‍ വഴിയില്‍കിടക്കുന്ന തലയില്ലാത്ത കൊക്കിനെ കണ്ടപ്പോഴും!

ജീവിവര്‍ഗങ്ങളെ ഒന്നടങ്കം സ്‌നേഹിക്കുന്ന അസുഖമുള്ള ആളാണെന്നു ധരിക്കാതിരിക്കാന്‍ ഒരുസംഭവം കൂടി പറയാം. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ചുറ്റും കാടുപിടിച്ചുകിടക്കുന്ന കുറേ പറമ്പുകളുണ്ട്, നിറയെ പാമ്പുകളും! ഒരു ദിവസം സന്ധ്യമയക്കത്തിന് അമ്മൂമ്മയെ എന്തോ കടിച്ചു! ഇഴജീവിയാണ്. വിഷമുള്ളതാണോ എന്നറിയാന്‍ ഒരു വഴിയുമില്ല. ഏതൊരു നാട്ടുമ്പുറത്തെയും പോലെ നേരേ വിഷവൈദ്യന്റെ അടുത്തേക്ക്. ഇരുട്ടു വീണുതുടങ്ങിയവഴിയിലൂടെ അമ്മൂമ്മ നടന്നാണ് വന്നത്, കൂടെ അച്ഛനും ഞാനും. വിഷക്കല്ല് പിടിപ്പിച്ചു നോക്കിയിട്ട് വൈദ്യന്‍, 'കുഴപ്പമില്ല, വിഷമുള്ള ജാതിയല്ല!' എന്നു പറഞ്ഞു. ഭാഗ്യത്തിന് അത് സത്യമായിരുന്നു. അതുമായി ബന്ധപ്പെട്ട് അമ്മൂമ്മയ്ക്ക് പിന്നീട് ഒരു കുഴപ്പവും ഉണ്ടായില്ല. എങ്കിലും പാമ്പിനോട് എനിക്കുള്ള പേടിയും ദേഷ്യവും ഇരട്ടിച്ചു.

ഈ സംഭവത്തിനുശേഷം അധികകാലം കഴിയും മുമ്പാണ് ഞങ്ങള്‍ കളിക്കുന്ന സ്ഥലത്തിനടുത്തുള്ള കാട്ടില്‍ ഒരു കുട്ടിപ്പാമ്പിനെ കണ്ടത്. കുറച്ചു സമയത്തിനു ശേഷം ഒന്നിനെക്കൂടി കണ്ടു! അപ്പോഴേക്കും ആളുകളൊക്കെ ഓടിവന്നു. നോക്കി നോക്കി ചെന്നപ്പോള്‍ ആഞ്ഞിലി മരത്തിനു ചുവട്ടില്‍ വമ്പനൊരു മൂര്‍ഖനും പത്തുനാല്പതു കുഞ്ഞുങ്ങളും! ആളുകളെ കണ്ടപ്പോള്‍ മൂര്‍ഖന്‍ കാര്യമായി ചീറ്റി. പക്ഷേ, അത് കുഞ്ഞുങ്ങളെ വിട്ടുപോകാന്‍ തയ്യാറായില്ല. അപ്പോഴേക്കും പൊന്തയ്ക്കിടയില്‍ നിന്നോ മറ്റോ രണ്ടാമതൊരു മൂര്‍ഖനുംകൂടി എത്തി. തല്ലിക്കൊല്ലാന്‍ശ്രമിക്കുന്നത് അപകടമാണെന്നായിരുന്നു പലരുടേയും അഭിപ്രായം.

അക്കാലത്ത് ടെലഫോണുള്ള ഓരോ വീട്ടിലേക്കും പോസ്റ്റിലൂടെ കമ്പി വലിച്ചാണ് കണക്ഷന്‍ കൊടുത്തിരുന്നത്. അന്ന് ഞങ്ങളുടെ നാട്ടില്‍ ആകെ രണ്ടോ മൂന്നോ ഫോണുകളേയുള്ളു. ടെലഫോണ്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയുള്ള ഒരു ചേട്ടനും (പേരു പറയുന്നില്ല) അക്കൂട്ടത്തിലുണ്ട്. അയാള്‍ പോസ്റ്റില്‍ കയറി നല്ല നീളത്തില്‍ ഒരു ടെലഫോണ്‍കമ്പി മുറിച്ചെടുത്തു. ഒരു പട്ടാളക്കാരന്റെ വീട്ടിലേക്കുള്ള ലൈനാണത്. അവിടെ അപ്പോള്‍ ആരുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇലക്ട്രിക് വയറിന്റേതുപോലെ പുറത്ത് പ്ലാസ്റ്റിക് കവറിങ്ങുള്ള കമ്പിയാണത്. കമ്പിയുടെ ഒരറ്റത്തെ പ്ലാസ്റ്റിക് കവറിങ്ങ് കുറേ ചെത്തിക്കളഞ്ഞു. (മറ്റൊരു ചെറിയ കഷണം കമ്പി കൂടി ചേര്‍ത്ത് ആ ലൈന്‍ പിന്നീട് ശരിയാക്കി.) എന്നിട്ട് ആ കമ്പി നീളമുള്ള ഒരു മുളയുടെ അറ്റത്തു കെട്ടി. മറ്റേഅറ്റം അടുത്തവീട്ടിലെ വൈദ്യുത പ്ലഗില്‍ കുത്തി. എന്നിട്ട് മുള നീട്ടി പാമ്പുകളെ ഒന്നൊന്നായി തൊട്ടു. വലിയപാമ്പുകള്‍ ആദ്യം.

പിന്നെ കുഞ്ഞുങ്ങള്‍ ഒന്നൊന്നായി! എല്ലാം പിടഞ്ഞുമരിച്ചു. പക്ഷേ, ഇതൊക്കെ കണ്ടുനില്‍ക്കുമ്പോഴും അവയെ കൊല്ലുന്നതില്‍ എനിക്കൊരു സങ്കടവും തോന്നിയില്ല. അമ്മൂമ്മയെ വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോകുന്ന രംഗമായിരുന്നു മനസ്സില്‍. കൊക്കിനോടു കാണിച്ച സ്‌നേഹത്തിന് എത്ര ആഴമുണ്ടായിരുന്നെന്ന് എനിക്ക് അപ്പോള്‍ മനസ്സിലായി. നമ്മുടെ സുരക്ഷയും ഭയവുമൊക്കെ എല്ലാക്കാര്യത്തിലും നമ്മളെ സ്വാധീനിക്കുമെന്നും!

വര: ബാലകൃഷ്ണന്‍


...