ലഡു സൂത്രം!
ശംഭു

കണ്ണന്നൂരിലെ കന്നിയമ്മയുടെ പുന്നാരമോനാണ് കണ്ണന്. കൊച്ചുകുട്ടിയാണെങ്കിലും ബുദ്ധിയുടെയും സൂത്രത്തിന്റെയും കാര്യത്തില്‍ കണ്ണനെ വെല്ലാന്‍ ആ നാട്ടില്‍ മറ്റാരുമില്ല! നല്ലവനായ അവനെ നാട്ടുകാര്‍ക്കെല്ലാം വലിയ ഇഷ്ടമാണ്!ഒരുദിവസം കണ്ണന് ദൂരെ ഒരിടത്തുള്ള മാമനെ കാണാന്‍പോയി. കണ്ണന് വരുന്നതു കണ്ട് മാമന് സന്തോഷത്തോടെ പറഞ്ഞു:
''കണ്ണേ, എന്നുടെ കണ്ണാ, നിന്നെ
കണ്ടിട്ടെത്തറ നാളായി?
കയറിവരൂ നീ, തിന്നാനായ് ഞാന്‍
പലതുമൊരുക്കീട്ടുണ്ടല്ലോ!''
മാമന്, കണ്ണനു തിന്നാന്‍ പലഹാരങ്ങള്‍ കൊടുത്തു. ചക്കപ്പഴവും മാമ്പഴവും കൊടുത്തു. ഒത്തിരി നല്ല കഥകളും പറഞ്ഞുകൊടുത്തു. മടങ്ങാന്നേരം കണ്ണന്റെ സഞ്ചിയില്‍ കുറെ ലഡു ഇട്ടുകൊടുത്തിട്ട് മാമന് ഇങ്ങനെ പറഞ്ഞു:
''ഒത്തിരി ദൂരം പോകാനില്ലേ?
ഒട്ടുവിശക്കുകയില്ലേ?
വയറുനിറച്ചും തിന്നാനായി
ലഡുവിതിലിട്ടിട്ടുണ്ടേ!''
കണ്ണന് സഞ്ചിയും തൂക്കി നടന്നു. കുറെ കഴിഞ്ഞപ്പോള്‍ മാനം ഇരുണ്ടു. തണുത്ത കാറ്റും വന്നു. അടുത്തുതന്നെ മഴപെയ്യുമെന്ന് കണ്ണനു തോന്നി.
''അയ്യയ്യോ മഴയിങ്ങെത്തി
വയ്യിനി വേഗം പോയീടാന്‍
വെക്കം വെക്കം വീടെത്താന്‍
മറ്റൊരു വഴിയേ പോയീടാം!''

കണ്ണന് കാട്ടുവഴിയിലൂടെ നടന്നു. അപ്പോള്‍ അതാ നില്ക്കുന്നു മുന്നില്‍ ഒരു പൊണ്ണച്ചാരായ രാക്ഷസന്! 'ഹയ്യോ ഈ മുട്ടന്‍ രാക്ഷസനില്‍നിന്ന് രക്ഷപ്പെടണമല്ലോ' കണ്ണന് ഇത്തിരി പേടിയൊക്കെ തോന്നിയെങ്കിലും അവന് ധൈര്യം കൈവിട്ടില്ല.
''ഹ്റം! ഹ്റം! ഞാന്‍ നിന്നെ പിടിച്ചുതിന്നട്ടെ!'', രാക്ഷസന് അലറിക്കൊണ്ട് കണ്ണന്റെ അടുത്തേക്കു വന്നു.അടുത്തെത്തിയപ്പോഴാണ് രാക്ഷസന് കണ്ണന്റെ കൈയിലെ സഞ്ചി കണ്ടത്.
''ഹയ്യട... സഞ്ചിയിലെന്താണ്?
വേഗം പറയെടാ ചെക്കാ നീ!''
രാക്ഷസന് 'ഹ്റം' 'ഹ്റം' എന്ന് ഒന്നുകൂടി അലറി. ഉടനെ കണ്ണന് പറഞ്ഞു:
''മാമന് തന്നൊരു
ലഡുവാണേ
മധുരം നിറയും
ലഡുവാണേ!''

ഹയ്യട, ഇതു തിന്നിട്ട് ഇവനെ പിടിച്ചുതിന്നാം. രാക്ഷസന് സഞ്ചി തട്ടിയെടുത്ത് ലഡുവെല്ലാം 'ഞ്ഞം ഞ്ഞം' എന്നു തിന്നു. ഈ തക്കത്തിന് കണ്ണന് എന്തുചെയ്തെന്നോ?ഉരുണ്ട ഒരു കല്ലെടുത്ത് പുറകില്‍ മറച്ചുപിടിച്ചു. രാക്ഷസന്
അത് കണ്ടു.
''പിന്നിലൊളിപ്പിച്ചതെന്താണ്?
കള്ളച്ചെക്കാ പറയുക നീ''

''ഇത് നീ തിന്നതിനെക്കാളും മുഴുത്ത ലഡുവാ. രുചിയും കൂടുതലാ. ഇത് ഞാന്‍ തരില്ല!''
''ഹ്റം! തരില്ലെന്നോ. ഇവിടെത്താടാ!'' രാക്ഷസന് കല്ല് തട്ടിയെടുത്ത് മുട്ടന്‍ ലഡുവാണെന്നു കരുതി 'ഗ്ലപ്പ്' എന്നു വിഴുങ്ങി!
കല്ലു വിഴുങ്ങിയാല്‍ എന്തു പറ്റും? വയറുവേദനയെടുക്കും. രാക്ഷസനും അതുതന്നെ പറ്റി. ''ഹയ്യോ വയറു വേദനിക്കുന്നേ ഹമ്മോ...'' രാക്ഷസന് വയറും തിരുമ്മി കാട്ടിലേക്ക് ഒറ്റയോട്ടം!
രാക്ഷസന്റെ ഓട്ടം കണ്ട് കണ്ണന് പൊട്ടിച്ചിരിച്ചുപോയി. മഴയ്ക്കു മുന്‍പ് അവന് വീട്ടിലെത്തുകയും ചെയ്തു.
മിടുമിടുക്കന്‍ കണ്ണന് അവസരത്തിനു യോജിച്ച ബുദ്ധി പ്രയോഗിച്ച് രക്ഷപ്പെട്ടത് കണ്ടോ കൂട്ടുകാരേ?
NEXT