ബുദ്ധിമാനായ ഹസ്സന്
വിഷ്ണു

അറേബ്യയിലെ ഒരു സുല്‍ത്താന്റെ മകളായിരുന്നു അതിസുന്ദരിയായ മെഹര്‍ രാജകുമാരി. അമ്മ മരിച്ചുപോയ മെഹറിനെ സുല്‍ത്താന്‍ പൊന്നുപോലെയാണ് പോറ്റിവളര്‍ത്തിയത്. മെഹറിന്റെ മുഖമൊന്നു വാടിയാല്‍ സുല്‍ത്താന്‍ അത് സഹിക്കാനാവുമായിരുന്നില്ല.
മെഹറിന് വിവാഹപ്രായമായി. അവള്‍ക്കു പറ്റിയ ഒരു രാജകുമാരനെ തേടിക്കൊണ്ട് സുല്‍ത്താന്‍ നാടുനീളെ ദൂതന്മാരെ അയച്ചു. മെഹറിനെ സ്വന്തമാക്കാന്കൊതിച്ച് ഒരുപാട് രാജകുമാരന്മാര് സുല്‍ത്താന്റെ കൊട്ടാരത്തിലെത്തി.
പക്ഷേ, മെഹറിന് ഒറ്റയാളെയും ഇഷ്ടമായില്ല! അവള്, തന്നെ കാണാനെത്തിയ കുമാരന്മാരെയെല്ലാം ഓരോ തട്ടുമുട്ടുകള്‍ പറഞ്ഞ് മടക്കിയയച്ചുകൊണ്ടിരുന്നു. ഇതൊക്കെ കണ്ട് സുല്‍ത്താന്‍ കുറേശ്ശെ കോപംവന്നുതുടങ്ങിയെന്നു പറഞ്ഞാല്‍മതിയല്ലോ. പക്ഷേ, തന്റെ ഓമനപുത്രിയെ പിണക്കാനും സുല്‍ത്താന്‍ മനസ്സുവന്നില്ല.
ഒരുദിവസം സുല്‍ത്താന്റെ ഉപദേശികളിലൊരാള് സുല്‍ത്താനെ രഹസ്യമായി മുഖംകാണിച്ച് ഇങ്ങനെ പറഞ്ഞു: ''അങ്ങുന്നേ, അങ്ങ് കരുതുംപോലെയല്ല കാര്യങ്ങള്‍. ഹസ്സന് എന്നു പേരുള്ള ചെറുപ്പക്കാരനെ മാത്രമേ താന്‍ വിവാഹംചെയ്യുകയുള്ളൂ എന്നാണ് മെഹര്‍ രാജകുമാരി പറയുന്നത്. ഞാനിത് അന്തഃപുരത്തിലെ സ്ത്രീകളില്‍നിന്ന് രഹസ്യമായി അറിഞ്ഞതാണ്!''
ഉപദേശി പറഞ്ഞതുകേട്ട് സുല്‍ത്താന്‍ പൊട്ടിച്ചിരിച്ചു. ''മിടുക്കി! അവള് ഏതെങ്കിലും ദേശത്തുള്ള ഹസ്സന് എന്നൊരു രാജകുമാരനെപ്പറ്റി കേട്ടുകാണണം! നാമെന്തു കരുതുമെന്നു കരുതിയാവും അവളിത് രഹസ്യമായിവെച്ചത്. ശരി, ഈ സന്തോഷവാര്‍ത്ത പറഞ്ഞതിന് തനിക്ക് തക്ക സമ്മാനം തരുന്നുണ്ട്!'', സുല്‍ത്താന്‍ ഉപദേശിക്ക് ഒരുഗ്രന്‍ പണക്കിഴി സമ്മാനിച്ചു.
പക്ഷേ, സുല്‍ത്താന്‍ കരുതിയതുപോലെയായിരുന്നില്ല കാര്യങ്ങളുടെ കിടപ്പ്. പട്ടണത്തിലെ ഒരു വ്യാപാരിയായിരുന്നു ഹസ്സന് എന്ന യുവാവ്. മെഹറും ഹസ്സനും ഒരിക്കല്‍ അവിചാരിതമായി കണ്ടുമുട്ടുകയും പരസ്പരം ഇഷ്ടപ്പെടുകയുമാണുണ്ടായത്. ദൂതന്മാര് വഴി ഈ വിവരം അറിഞ്ഞ സുല്‍ത്താന്‍ കലിതുള്ളിക്കൊണ്ട് അങ്ങുമിങ്ങും പാഞ്ഞു. പക്ഷേ, എന്നിട്ടും മെഹറിനെ പിണക്കാന്‍ ആ സ്നേഹസമ്പന്നനായ പിതാവിനു കഴിഞ്ഞില്ല.
ഒടുവില്‍ ആ പഴയ ഉപദേശി വീണ്ടും സുല്‍ത്താനെ തേടിയെത്തി. അയാള്‍ പറഞ്ഞു: ''അങ്ങുന്നേ, അങ്ങ് കോപിക്കരുത്. ഹസ്സനെ അങ്ങ് കൊട്ടാരത്തിലേക്കു ക്ഷണിക്കണം. എന്നിട്ട് ഒരു ചതിവിദ്യ പ്രയോഗിച്ച് അവനെ നമുക്ക് ഇല്ലാതാക്കാം.''
സുല്‍ത്താന്‍ വിശ്വാസംവന്നില്ല: ''എന്തു വിദ്യ? നാം ഹസ്സനെതിരെ എന്തു പ്രവര്‍ത്തിച്ചാലും മെഹറിനത് ദുഃഖമാകും. അത് നമുക്ക് താങ്ങാന്‍ വയ്യ!''
ഉപദേശി പറഞ്ഞു: ''ഒരു സൂത്രമുണ്ട്. ഹസ്സനെ കൊട്ടാരത്തില്‍ വരുത്തിയശേഷം അവന് രണ്ട് ചുരുട്ടിയ കടലാസുകള്‍ നല്‍കണം. ഒന്നില്‍ മരണം എന്നും ഒന്നില്‍ ജീവിതം എന്നും എഴുതിയ രണ്ട് കടലാസുതുണ്ടുകള്‍. അതില്‍ അവന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.''

ഇതു കേട്ട് സുല്‍ത്താന്‍ അട്ടഹസിച്ചു. ''എടോ വിഡ്ഢി, അവന് ജീവിതമെന്നെഴുതിയ കടലാസ് എടുത്താല്‍ നമ്മള് തോറ്റുപോവില്ലേ?''
ഉപദേശി പുഞ്ചിരിച്ചു. ''അതാണ് ഞാന്‍ പറഞ്ഞ സൂത്രം! നമ്മള് രണ്ടു കടലാസുകളിലും മരണം എന്നേ എഴുതാവൂ!''
സുല്‍ത്താന്‍ കാര്യം മനസ്സിലായി. സുല്‍ത്താന്‍ ഉപദേശിക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്കി. ഹസ്സനെ കൊട്ടാരത്തിലേക്ക് കൊണ്ടുവരാനായി സുല്‍ത്താന്റെ കിങ്കരന്മാര് പട്ടണത്തിലേക്ക് ചെന്നു.
പക്ഷേ, നമ്മുടെ അതിബുദ്ധിമതിയായ മെഹര്‍ ചിലതെല്ലാം ഊഹിച്ചെടുത്തിരുന്നു. അവള് ഒരു പരിചാരികയെ ഹസ്സന്റെ അരികിലേക്ക് സന്ദേശവുമായി പറഞ്ഞുവിട്ടു. സന്ദേശം ഇതായിരുന്നു: ''സുല്‍ത്താന്‍ താങ്കളെ അപായപ്പെടുത്തും. ഒരിക്കലും കൊട്ടാരത്തിലേക്ക് വരരുത്.''
രാജസദസ്സ് ഒരുങ്ങി. മന്ത്രിമാരും പൗരപ്രമുഖരുമെല്ലാം തിങ്ങിനിറഞ്ഞ വേദി. എല്ലാവരും ഹസ്സനെ കാത്തിരിക്കുകയാണ്. എന്താവും ഹസ്സന്റെ ഭാവി എന്നോര്‍ത്ത് പലരും പലതും കുശുകുശുത്തുകൊണ്ടിരുന്നു. ഹസ്സന് എവിടെയോ പോയി ഒളിച്ചെന്നും ചിലര്‍ പറഞ്ഞു. പെട്ടെന്ന് അതാ, പ്രധാന കവാടത്തിനടുത്ത് ഒരിരമ്പം! ഹസ്സന് രാജഭടന്മാരോടൊപ്പം കടന്നുവരുകയാണ്. ഏതൊരു സുല്ത്താനെക്കാളും തലയെടുപ്പുള്ള സുന്ദരനായ ഹസ്സന്! അയാള്‍ സുല്‍ത്താന്റെ മുന്നിലെത്തി വണങ്ങി. എന്നിട്ടു പറഞ്ഞു: ''പ്രഭോ, അങ്ങ് എനിക്കു വിധിച്ച പരീക്ഷണം നേരിടാന്‍ വന്നതാണ് ഞാന്‍.''
മട്ടുപ്പാവിലിരുന്ന് ഈ വാക്കുകള്‍ കേട്ട മെഹര്‍ രാജകുമാരി തലകറങ്ങി വീണുപോയി. രണ്ടു കടലാസുചുരുളുകള്‍ വെച്ച ഒരു തളിക ഹസ്സന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടു. എല്ലാവരും കണ്ണിമവെട്ടാതെ നോക്കിനില്‍ക്കെ, ഹസ്സന് അതിലൊരു ചുരുള്‍ തിരഞ്ഞെടുത്ത് വായിലിടലും വിഴുങ്ങലും ഒപ്പം കഴിഞ്ഞു.
കണ്ണുകള്‍ മിഴിച്ചുനില്‍ക്കുന്ന സഭാവാസികളോട് ഹസ്സന് ഉച്ചത്തില്‍ പറഞ്ഞു: ''ഇതാ, ഞാനെന്റെ വിധിയെ തിരഞ്ഞെടുത്തിരിക്കുന്നു. ബാക്കിയായ ചുരുളില്‍ 'ജീവിതം' എന്നുണ്ടെങ്കില്‍ ഞാന്‍ മരണമാണ് തിരഞ്ഞെടുത്തത്. ഇനി, മരണം എന്നാണെങ്കില്‍ എന്റെ ജീവനും മെഹര്‍ രാജകുമാരിയും എനിക്കവകാശപ്പെട്ടതാണ്.
പ്രധാനമന്ത്രി തളികയിലെ ചുരുള്‍ നിവര്‍ത്തിനോക്കി. ഉച്ചത്തില്‍ വായിച്ചു. ''മരണം!'' അപ്പോള്‍ ഹസ്സന് തിരഞ്ഞെടുത്തത് ജീവിതമാണ്. ആളുകള്‍ കരഘോഷം മുഴക്കി.
താന്‍ കരുതിയതിലേറെ ബുദ്ധിമാനും ധീരനുമായ ഹസ്സന് സുല്‍ത്താന്‍ തന്റെ ഓമന മകളെ വധുവായി നല്കി. അവര്‍ ഏറെക്കാലം സുഖമായി ജീവിച്ചു.
NEXT