നേതാവുംകിരീടവും
സുഭാഷ് ചന്ദ്രന്‍


തട്ടിന്‍മുകളിലെ എലികള്‍ക്കിടയില്‍ പുതിയൊരു പേടി പടര്‍ന്നു. ആ വീട്ടിലെ യജമാനന്‍ പുതിയൊരു പൂച്ചയെ കൊണ്ടുവന്നിരിക്കുന്നു. ഇതുവരെ ഉണ്ടായിരുന്ന മടിയന്‍പൂച്ചയെപ്പോലെയല്ല ഇവന്‍! എലിയെ കണ്ടാല്‍ ചടുപിടുവെന്ന് ചാടിപ്പിടിക്കും; കറുമുറു എന്ന് കടിച്ചുകീറി തിന്നുകയും ചെയ്യും!
ഗുലുമാലായില്ലേ? എല്ലാ എലികളും അന്നു രാത്രി തട്ടിന്‍പുറത്ത് അടിയന്തരമായി യോഗംചേര്‍ന്നു. പണ്ടത്തെപ്പോലെ പൂച്ചയ്ക്ക് മണികെട്ടിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. പുതിയ എന്തെങ്കിലും സൂത്രം കണ്ടുപിടിക്കുകതന്നെ വേണം!

എലികളുടെ കൂട്ടത്തില്‍ മഹാ പൊങ്ങച്ചക്കാരനായ ഒരുത്തനുണ്ടായിരുന്നു- പൊങ്ങാണ്ടന്‍ എന്നായിരുന്നു അവന്റെ പേര്. താനൊരു കേമനാണ് എന്നായിരുന്നു അവന്റെ വിചാരം. പക്ഷേ, അങ്ങനെ വിചാരിച്ചുകൊണ്ടിരുന്നാല്‍പോരല്ലോ? നാലാള്‍ അക്കാര്യം സമ്മതിക്കുകകൂടി വേണ്ടേ?
തന്റെ കേമത്തം സ്ഥാപിച്ചുകിട്ടാന്‍ ഇതുതന്നെ അവസരം! പൊങ്ങാണ്ടന്‍ തീരുമാനിച്ചു.

''പ്രിയപ്പെട്ടവരേ, പൊങ്ങാണ്ടന്‍ പറഞ്ഞു: ''നിങ്ങള്‍ക്ക് സമ്മതമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ നേതാവാകാന്‍ തയ്യാറാണ്. ഒരു നേതാവെന്ന നിലയ്ക്ക് നിങ്ങളുടെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുക്കാനും തയ്യാറാണ്!''

എലികള്‍ കൈയടിച്ചു. കൈയടി താഴെ കേള്‍ക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.

അപ്പോള്‍ പൊങ്ങാണ്ടന്‍ എലി തുടര്‍ന്നു: ''പക്ഷേ, ഒരു നേതാവിനെ തിരിച്ചറിയണമെങ്കില്‍ ഒരടയാളം വേണ്ടേ? എല്ലാവര്‍ക്കും എന്നെ പെട്ടെന്ന് തിരിച്ചറിയാന്‍ ഏറ്റവും നല്ലത് ഒരു കിരീടംതന്നെയാണ്, എന്താ?''

എല്ലാവരും സമ്മതിച്ചു. അവര്‍ അന്നുതന്നെ ഒരുഗ്രന്‍ കിരീടമുണ്ടാക്കി പൊങ്ങാണ്ടനെ അണിയിച്ചു. ഓടുമ്പോഴും ചാടുമ്പോഴും ഊരിപ്പോകാത്തവിധം ആ വമ്പന്‍ കിരീടം പൊങ്ങാണ്ടന്റെ തലയില്‍ ഉറപ്പിക്കുകയും ചെയ്തു.

പിറ്റേന്നു പകല്‍ പുതിയ പൂച്ച തട്ടിന്‍പുറത്തെത്തി. കിരീടംവെച്ചു നില്‍ക്കുന്ന പൊങ്ങാണ്ടനെയും കിരീടമില്ലാത്ത കുറെ എലികളെയും കണ്ട് അവന്റെ വായില്‍ വെള്ളമൂറി.

''ഹും! നേതാവായ ഞാന്‍ പറയുന്നു താങ്കള്‍ മടങ്ങിപ്പോകണമെന്ന്!'', പൊങ്ങാണ്ടന്‍ ഞെളിഞ്ഞുനിന്ന് പൂച്ചയോടു കല്പിച്ചു.

പൂച്ച മുതുകു നിവര്‍ത്തി വാല്‍ വിറപ്പിച്ച് ചാടിവീണു! എല്ലാ എലികളും ഒറ്റനിമിഷംകൊണ്ട് കൊച്ചുകൊച്ചു മാളങ്ങളിലേക്ക് പാഞ്ഞുകയറി രക്ഷപ്പെട്ടു. പൊങ്ങാണ്ടനോ? തലയിലെ വമ്പന്‍കിരീടം കാരണം അവന് സ്വന്തം മാളത്തിലേക്ക് തല കടത്താനായില്ല!

അങ്ങനെ ആദ്യത്തെ ദിവസം, നേതാവായ പൊങ്ങാണ്ടന്‍ എലിതന്നെ പൂച്ചയുടെ പിടിയിലായി. കിരീടം അഴിച്ച് ദൂരെ കളഞ്ഞിട്ട് പൂച്ച പൊങ്ങാണ്ടനെ ശാപ്പിട്ടു. കണ്ടില്ലേ? അനാവശ്യമായി നേതാവ് ചമയാന്‍ നിന്നാല്‍ വന്നുപെടുന്ന അപകടം?