മക്രുണ്ണിയും മാന്ത്രിക വാലും
നൗഷാദ് പൂളമണ്ണ
മഹാ വികൃതിയാണ് മങ്ങാട്ടുവീട്ടിലെ മങ്ങുണ്ണിയമ്മയുടെ മകന്‍ മക്രുണ്ണി. ഒരു ദിവസം മക്രുണ്ണി,
മങ്ങാട്ടുവീട്ടിലെ മഞ്ചാടി മരച്ചോട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞന്‍ പൂച്ച അതുവഴി വന്നത്. കുഞ്ഞന്‍ പൂച്ചയെ കണ്ടതും മക്രുണ്ണി ഓടിച്ചെന്ന് അവന്റെ വാലില്‍ ഒറ്റപ്പിടുത്തം!

''വാലേ വാലേ ഐലേസാ...
വാലു പിടിച്ചേ ഐലേസാ!''


ഇങ്ങനെ പാടി മക്രുണ്ണി കുഞ്ഞന്‍പൂച്ചയുടെ വാലില്‍ പിടിച്ച് ആഞ്ഞുവലിക്കാന്‍ തുടങ്ങി. പാവം കുഞ്ഞന്‍ പൂച്ച! അവന്‍ 'മ്യാവൂ മ്യാവൂ' എന്ന് ഉറക്കെ നിലവിളിച്ചു. കുഞ്ഞന്‍പൂച്ചയുടെ നിലവിളി കണ്ട് രസം കയറിയ മക്രുണ്ണി 'ഹ! ഹ! ഹ!' എന്ന് കൈകൊട്ടിച്ചിരിച്ചു.
ഈ തക്കത്തിന് കുഞ്ഞന്‍പൂച്ച മറിഞ്ഞും കുടഞ്ഞും ഒരുവിധം രക്ഷപ്പെട്ടു.
അല്‍പ്പം കഴിഞ്ഞപ്പോഴുണ്ട് അക്കരവീട്ടിലെ അക്കുപ്പട്ടി അതിലെ വരുന്നു! അക്കുപ്പട്ടിയെ കണ്ടതും മക്രുണ്ണി കളി നിര്‍ത്തി അവന്റെ
യടുത്ത് ഓടിച്ചെന്ന് വാലില്‍ ഒറ്റപ്പിടുത്തം!

''വാലേ വാലേ ഐലേസാ
വാലു പിടിച്ചേ ഐലേസാ!''


ഇങ്ങനെ പാടി മക്രുണ്ണി അവന്റെ വാലില്‍ പിടിച്ച് ആഞ്ഞുവലിച്ചു. എന്നിട്ടോ? അക്കുപ്പട്ടി വേദനകൊണ്ട് പുളയുന്നതും നോക്കി 'ഹ! ഹ! ഹ!' എന്ന് കൈകൊട്ടിച്ചിരിച്ചു. മക്രുണ്ണി പൊട്ടിച്ചിരിക്കുന്നതിനിടയില്‍ അക്കുപ്പട്ടി ഒരുവിധം ഓടി രക്ഷപ്പെട്ടു.
അപ്പോഴാണ് വഴിയേ പോകുന്ന പൂവാലിപ്പശുവിനെ മക്രുണ്ണി കണ്ടത്. അവന്‍ ഓടിച്ചെന്ന് അതിന്റെ വാലില്‍പ്പിടിച്ചു.


''വാലേ വാലേ ഐലേസാ...
വാലു പിടിച്ചേ ഐലേസാ!''


എന്നു പാടി അവന്‍ പൂവാലിപ്പശുവിന്റെ വാല്‍ ആഞ്ഞുവലിക്കാന്‍ തുടങ്ങി. 'ബേ...ബേ..' എന്ന് നിലവിളിച്ച് പിടയുന്ന പൂവാലിപ്പശുവിനെ നോക്കി അവന്‍ 'ഹ! ഹ! ഹ!' എന്ന് പൊട്ടിച്ചിരിക്കാനും തുടങ്ങി.
മക്രുണ്ണിക്ക് ഒരു തൊഴിയും കൊടുത്ത് പൂവാലിപ്പശുവും ഒരുവിധം ഓടിരക്ഷപ്പെട്ടു.

പിന്നെ അവിടെയെങ്ങും ആരെയും കാണാഞ്ഞ് മക്രുണ്ണി അങ്ങനെ നടക്കാന്‍ തുടങ്ങി. നടന്നുനടന്ന് അവന്‍ അകലെയുള്ള ഒരു മൊട്ടക്കുന്നിലെത്തി. 'ഇനി ആരുടെ വാലു പിടിക്കും?', ഇങ്ങനെ ചിന്തിച്ചു നടക്കുമ്പോഴാണ് ഒരു ഗുഹ കണ്ടത്. മക്രുണ്ണി ഗുഹയ്ക്കകത്തു കയറി. അതൊരു മഹാ മന്ത്രവാദിയുടെ ഗുഹയായിരുന്നു എന്ന കാര്യം മക്രുണ്ണിയുണ്ടോ അറിയുന്നു!
മന്ത്രവാദിയുടെ മാന്ത്രികപ്പൂച്ച മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. പൂച്ചയെ കണ്ടതും അവന്‍ മറ്റൊന്നുമാലോചിക്കാതെ അതിന്റെ വാലില്‍ കയറിപ്പിടിച്ചു.

''വാലേ വാലേ ഐലേസാ...''

എന്ന് പാടിത്തുടങ്ങിയില്ല, അപ്പോഴേക്കും പൂച്ചയുടെ വാല് 'ക്ടും' എന്ന് മുറിഞ്ഞുവീണു. അതുകണ്ട് മക്രുണ്ണിക്ക് ചിരിയടക്കാനായില്ല: ''ഹ! ഹ! ഹ!''

മക്രുണ്ണി ചിരിച്ചതും നിലത്തു കിടന്ന പൂച്ചവാല്‍ ഒന്നനങ്ങി! അത് പറന്നുവന്ന് മക്രുണ്ണിയുടെ പിന്‍ഭാഗത്ത് 'ധും' എന്ന് ഒട്ടിപ്പിടിച്ചു! എത്ര ശ്രമിച്ചിട്ടും അത് ഊരിക്കളയാന്‍ പറ്റുന്നില്ല. അവന്റെ കളിയും ചിരിയുമെല്ലാം മാഞ്ഞു. അവന്‍ നേരെ വീട്ടിലേക്ക് ഓടി.

വാലു മുളച്ച മക്രുണ്ണിയെ കണ്ട് വീട്ടുമുറ്റത്തുണ്ടായിരുന്ന കുഞ്ഞന്‍പൂച്ചയ്ക്ക് ചിരിയടക്കാനായില്ല. 'ഹി! ഹി! ഹി! ഹി!', കുഞ്ഞന്‍പൂച്ചയുടെ ചിരി കേട്ട് മക്രുണ്ണി നാണിച്ചുപോയി. ഈ രംഗം കണ്ട് അക്കുപ്പട്ടിയും അവടെയെത്തി. അവനും വാലു മുളച്ച മക്രുണ്ണിയെ കണ്ട് 'ഹി! ഹി! ഹി!' എന്ന് ചിരിച്ചു. ഇതു കണ്ട് അവിടെയെത്തിയ പൂവാലിപ്പശുവിനും ചിരിപൊട്ടി. അവരെല്ലാവരും കൂടി മക്രുണ്ണിയുടെ വാലില്‍ കയറി ഒരു പിടിത്തം!

''വാലു പറിക്കും മക്രുണ്ണിക്ക്
വാലു മുളച്ചേ അയ്യയ്യേ!
വാലേ വാലേ ഐലേസാ...
വാലേ വാലേ ഐലേസാ!''


ഇത്രയുമായപ്പോള്‍ മക്രുണ്ണി തൊഴുതുകൊണ്ട് പറഞ്ഞു: ''ചങ്ങാതിമാരേ, എന്നോടു ക്ഷമിക്കൂ. ഇനിയൊരിക്കലും നിങ്ങളെ ഞാന്‍ ഉപദ്രവിക്കുകയോ കളിയാക്കുകയോ ഇല്ല!''

മക്രുണ്ണി ഇങ്ങനെ പറഞ്ഞതും അടുത്ത നിമിഷം അവന്റെ പിന്നില്‍ ഒട്ടിപ്പിടിച്ച മാന്ത്രികവാല്‍
'ക്ടും' എന്ന് മുറിഞ്ഞുവീണു!

പിന്നീടുള്ള കാലം മക്രുണ്ണി വികൃതിയൊന്നും കാട്ടാതെ നല്ലവനായി ജീവിച്ചു.