ലെഫ്റ്റ് റൈറ്റ് ....പൂച്ചപ്പട്ടാളം!
പുഷ്പ ബി. ഗോവിന്ദ്

പടയ്ക്കുപോയ പൂച്ചയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പണ്ടുപണ്ട് ആര്‍തര്‍ രാജാവിന്റെ കാലത്തു നടന്ന കഥയാണ്. ഇംഗ്ലണ്ടിലെ ഒരു കാട്ടില്‍ കുറെ പൂച്ചകള്‍ ചേര്‍ന്ന് പട്ടാളമുണ്ടാക്കി. 'കമാന്‍ഡര്‍ ക്യാറ്റസണ്' എന്ന കര്‍ക്കശക്കാരനായ പൂച്ചയായിരുന്നു പൂച്ചപ്പട്ടാളത്തിന്റെ സൈന്യാധിപന്!
''ലെഫ്റ്റ് റൈറ്റ്... ലെഫ്റ്റ് റൈറ്റ്...'' അണിയണിയായി നീങ്ങുന്ന പൂശക സൈനികരുടെ സല്യൂട്ട് സ്വീകരിച്ച്, കോര്‍ക്കുമരം കൊണ്ടുണ്ടാക്കിയ മേശയില്‍ കയറിനിന്നുകൊണ്ട് കമാന്‍ഡര്‍ ക്യാറ്റ്സണ് സൈന്യത്തെ അഭിവാദ്യം ചെയ്തു!
''അറ്റന്ഷന്! എല്ലാവരും മ്യാവൂ മ്യാവൂ നിര്‍ത്തി ശ്രദ്ധിക്കുക:
സുഹൃത്തുക്കളേ, നമ്മുടെ രാജാവ് ആര്‍തര്‍, നോര്‍മന്‍ കാലാളുകള്ക്കെതിരെ പടയൊരുക്കം നടത്തുന്ന വിവരം നിങ്ങളെല്ലാവരും അറിഞ്ഞുകാണുമല്ലോ! കാംലറ്റിലെ വട്ടമേശസമ്മേളനം കഴിഞ്ഞ് ആര്‍തറിന്റെ പട നീങ്ങുമ്പോള്‍ അവര്‍ക്കൊപ്പം, ശക്തമായ പൂച്ചപ്പട്ടാളവും മാര്‍ച്ച് ചെയ്യും! മറ്റൊരു പ്രധാനകാര്യം, നമ്മുടെ കവാത്ത് മുടക്കുന്നതിനായി ശത്രുക്കളുടെ ചാരന്മാരായ കുറെ എലികള്‍ കാട്ടിലെത്തിയിട്ടുണ്ടെന്നുള്ള രഹസ്യവിവരം കിട്ടിയിട്ടുണ്ട്! അതുകൊണ്ട് പരേഡ് നടക്കുമ്പോള്‍ മുന്നോട്ടു മാത്രമേ നോക്കാവൂ എന്ന് നിങ്ങളെ പ്രത്യേകം ഓര്‍മിപ്പിക്കുകയാണ്!

''മ്യാവൂ... ഊണിനുമുന്പേ, പടയ്ക്കു പിന്‍പേ, എന്നല്ലേ പ്രമാണം! കലവറയിലെ കാര്യങ്ങള്‍ ഒന്നറിഞ്ഞാല്‍ കൊള്ളാം!'' കമാന്‍ഡര്‍ ക്യാറ്റ്സണ് മീശവിറപ്പിച്ചു: ''ങ്ഹും, ഒരിക്കലും ഒരു പട്ടാളക്കാരന് ചേരാത്ത ചോദ്യം ചോദിക്കുന്ന നിന്നെക്കണ്ടാല്‍ ലണ്ടനിലെ ഓടകളില്‍ ഒറ്റ എലിയെപ്പോലും കിട്ടാനില്ലെന്നു തോന്നുമല്ലോ! ശരി, ശരി! ചോദിച്ച സ്ഥിതിക്ക് പറയാം: കഞ്ഞി, പയര്‍, അയമോദകം!''
''കഞ്ഞീം പയറുമോ? ഛീ, ഇതിലും ഭേദം ലണ്ടനിലെ തെരുവുകളില്‍ കഴിയുന്നതായിരുന്നു!'', പൂച്ചകള്‍ മുറുമുറുക്കാന്‍ തുടങ്ങി. ''അയമോദകമോ? അതെന്തിനാ?'', അവര്‍ ചോദിച്ചു.
''എല്ലാംകൂടി വലിച്ചുവാരിത്തിന്ന് നിനക്കൊക്കെ ദഹനക്കേട് പിടിക്കാതിരിക്കാന്‍! അച്ചടക്കമില്ലാത്ത വര്‍ഗം!'', കമാന്‍ഡര്‍ ദേഷ്യംകൊണ്ട് വിറച്ചു! ''മ്യാവൂൂൂ...''
പെട്ടെന്നാണ് കാട്ടുപൊന്തകളുടെ ഇടയില്‍നിന്ന് കുറെ എലികളുടെ തലകള്‍ ഉയര്‍ന്നത്: ''ഹി! ഹി! ഹി!'' പച്ചക്കള്ളമാണേയ്! കലവറയിലെന്തുണ്ടെന്ന് ഞങ്ങള്‍ പറയാം: ''നെയ്യ്, പാല്‍പ്പാട, ശര്‍ക്കരപ്പാവ്, അയലത്തല...''
''ചാരന്മാര്! ചാരന്മാര്! നമ്മുടെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ ചാരന്മാരെത്തിയിരിക്കുന്നു സുഹൃത്തുക്കളേ!'', സൈന്യാധിപന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം അക്ഷമരായ അണികളുടെ ആരവത്തില്‍ മുങ്ങിപ്പോയി.
''മ്യാവൂ.... മ്യാവൂ...'', പൂച്ചകള്‍ കലപില തുടങ്ങി! ആദ്യം ഞങ്ങള്‍ അയലത്തലയുമായി യുദ്ധം ചെയ്യട്ടെ. അതുകഴിഞ്ഞിട്ടാവാം ശരിക്കുള്ള യുദ്ധം!'', ഒരു പൂച്ച പറഞ്ഞു.
''പാടില്ല, പാടില്ല!'' കമാന്‍ഡര്‍ ആജ്ഞാപിച്ചു. ''ഭക്ഷണമല്ല, യുദ്ധമാണ് പ്രധാനം! വേഗം പുറപ്പെടൂ! ലെഫ്റ്റ് റൈറ്റ്...'' ''ങ്യാവൂ... മ്യാവൂ... ങ്റൂ...'' പൂച്ചപ്പട്ടാളം കടിപിടികൂടാന്‍ തുടങ്ങി. ''കലവറ കാലിയാക്കിയിട്ടു മതി യുദ്ധത്തിനു പുറപ്പെടുന്നത്. ശര്‍ക്കരപ്പാവില്‍ കൈയിട്ടു നക്കുന്ന കാര്യമോര്‍ത്തിട്ട് സഹിക്കാന്‍ പറ്റുന്നില്ല!'', ഒരു പൂച്ച സൈനികന് തന്റെ ആര്‍ത്തി വെളിവാക്കി!
''പാല്‍പ്പാട വടിച്ചുനക്കുന്ന കാര്യമോര്‍ത്തിട്ട് എനിക്കും!'', മറ്റൊരുത്തനും ആര്‍ത്തി തലയ്ക്കു പിടിച്ചു പറഞ്ഞു. ''അയമോദകം വേണ്ട, ഒരു കുന്തോം വേണ്ട!'', വേറൊരു പൂച്ചസൈനികന് പൊട്ടിത്തെറിച്ചു. കലാപം പടരുകയായിരുന്നു! പെട്ടെന്ന് കാംലറ്റിലെ വനത്തില്‍നിന്ന് കൊമ്പും കുഴലും മുഴങ്ങി: ''ഡും! ഡും! ഡും! പെപ്പരപേ... പെപ്പെരപേ...''

കിങ് ആര്‍തര്‍ പടപ്പുറപ്പാട് തുടങ്ങിയിരുന്നു! കമാന്‍ഡര്‍ ക്യാറ്റ്സണ് ഉറക്കെ അലറി: ''ചതിച്ചു! അവര്‍ പുറപ്പെട്ടുകഴിഞ്ഞു! ഞാനും അവര്‍ക്കൊപ്പം ചെല്ലട്ടെ! മ്യാവൂൂൂ...'' ഛിന്നഭിന്നമായ അണികളെ ഉപേക്ഷിച്ച് കമാന്‍ഡര്‍ ക്യാറ്റ്സണ് വനത്തിനുള്ളിലേക്കു ഓടിമറഞ്ഞു! ആര്‍തറിന്റെ സൈന്യം ഇതൊന്നുമറിയാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു!
പടയ്ക്കു പോയ ക്യാറ്റ്സണിന്റെ വര്‍ഗക്കാരായ 'ഫോള്‍ഡ്' പൂച്ചകള്‍ പിന്നീട് ബ്രിട്ടീഷ് കുടുംബങ്ങളിലെ ഗമയുള്ള അന്തേവാസികളായി മാറി. എലികളുടെ വാക്ക് വിശ്വസിച്ച് തമ്മില്‍ത്തല്ലിയ പൂച്ചകളുടെ പിന്മുറക്കാരോ? അവരാണ് നമ്മുടെ വീടുകള്‍ക്കു ചുറ്റും ഗതികിട്ടാതെ അലയുന്ന തെണ്ടിപ്പൂച്ചകള്!
NEXT