പശുവും മണിയും
സുഭാഷ്ചന്ദ്രന്

അക്കൂട്ടത്തില്‍ വില്വലന് എന്ന ശിഷ്യനുമാത്രം ജ്ഞാനദത്തന്‍ പണിയൊന്നും നല്‍കിയിരുന്നില്ല. വില്വലനാണെങ്കില് പഠിക്കാനും മോശക്കാരനാണ്. പിന്നെ എന്തുകൊണ്ടാണ് ഗുരു അവനെ വെറുതെയിരുത്തുന്നത്? മറ്റു ശിഷ്യന്മാര്ക്ക് സംശയമായി. ഒടുവില്‍ ഇക്കാര്യം അവര്‍ ഗുരുവിനോട് ചോദിച്ചു.
ജ്ഞാനദത്തന്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പകരം അദ്ദേഹം വില്വലനെ അടുത്തുവിളിച്ച് പറഞ്ഞു: ''വില്വലാ, നമ്മുടെ ആശ്രമത്തിലെ പശുവിനെ കാട്ടുകള്ളന്മാര് കൊണ്ടു പോകാതെ ഇന്നു മുതല്‍ നീ പരിപാലിക്കണം.''
വില്വലന് സമ്മതിച്ചു. പിറ്റേന്ന് അവന് പശുവിനെ പുല്ലുതീറ്റിക്കാന്‍ കാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ ജ്ഞാനദത്തന്‍ ഒരു മണി കൊണ്ടുവന്ന് പശുവിന്റെ കഴുത്തില്‍ കെട്ടിയിട്ടു പറഞ്ഞു: ''ഈ മണിയുടെ ശബ്ദം പശു എവിടെയുണ്ടെന്നറിയാന്‍ ഉപകരിക്കും!''
അങ്ങനെ അന്നുമുതല്‍ വില്വലന് പശുവിനെ പരിപാലിക്കാന്‍ തുടങ്ങി!
ഒരു ദിവസം പശുവിനെ മേയാന്‍ വിട്ട് മരച്ചോട്ടില്‍ വിശ്രമിക്കുകയായിരുന്നു വില്വലന്. അപ്പോള്‍ അവന്റെ അരികിലേക്ക് ഒരു അപരിചിതന് വന്നിട്ടു പറഞ്ഞു: ''സുഹൃത്തേ, താങ്കളുടെ പശു കെട്ടിയിരിക്കുന്ന മണി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതെനിക്കു തരുമെങ്കില്‍ എന്തുവില തരാനും ഞാന്‍ തയ്യാറാണ്!''
വില്വലന് ചുറ്റും നോക്കി. അടുത്തെങ്ങും ആരുമില്ല! അവന് വേഗം പശുവിന്റെ മണി അഴിച്ച് അയാളുടെ കൈയില്‍കൊടുത്ത് പകരം പണം വാങ്ങി. കുറേക്കഴിഞ്ഞ് മടങ്ങാന്‍ നേരത്ത് അവന് പശുവിനെ തിരക്കിയപ്പോഴോ? കാട്ടിലെങ്ങും അതിനെ കാണുന്നില്ല!
വില്വലന് ഓടിക്കിതച്ച് ഗുരുവിന്റെ അടുത്ത് തിരിച്ചെത്തി. എന്നിട്ട് ഒരുഗ്രന്‍ നുണ തട്ടിവിട്ടു: ''ഗുരോ, നമ്മുടെ പശുവിനെ പുലി പിടിച്ചുകൊണ്ടു പോയി!''
അപ്പോള്‍ ജ്ഞാനദത്തന്റെ മറ്റു ശിഷ്യന്മാരും അവിടെ ഉണ്ടായിരുന്നു. ഗുരു ആശ്രമത്തിനു പിന്നിലേക്കുപോയിട്ട് കാണാതായ പശുവുമായി മടങ്ങിവന്നു. അതിന്റെ കഴുത്തില്‍ മണിയുമുണ്ടായിരുന്നു!
അമ്പരന്നു നില്ക്കുന്ന വില്വലനോട് ജ്ഞാനദത്തന്‍ പറഞ്ഞു: ''പശുവിന്റെ കഴുത്തിലെ മണിക്ക് വില ചോദിച്ചുവന്നത് ഞാന്‍ പറഞ്ഞുവിട്ട ഒരാളാണ്. പണം കിട്ടിയപ്പോള്‍ നീ ആ മണി കുറഞ്ഞ വിലയ്ക്ക് അയാള്‍ക്ക് വിറ്റു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പശുവിനെത്തന്നെ കാണാതായി. മണിയില്ലാത്തതുകൊണ്ട് നിന്റെ കണ്ണുവെട്ടിച്ച് പശുവിനെ അവിടെനിന്ന് കൊണ്ടുപോരാന്‍ മണി വാങ്ങിയ ആള്‍ക്ക് എളുപ്പത്തില്‍ സാധിച്ചു!''
കുറ്റബോധത്തോടെ നില്ക്കുന്ന വില്വലനോട് ഗുരു തുടര്‍ന്നു: ''സാരമില്ല. ഇക്കാലമത്രയും ആശ്രമത്തിലെ ജോലികളൊന്നും നിന്നെ ഏല്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ. ഈ സംഭവത്തില്‍ നിന്ന് വിലപിടിച്ച ഒരു പാഠം പഠിക്കാനും അവര്‍ക്ക് സാധിച്ചു. പണത്തോടുള്ള ആര്‍ത്തി കാരണമാണ് വില്വലന് പശുവിന്റെ മണി വിറ്റത്. എന്നാല്‍ പിന്നീട് അവന് പശുവിനെത്തന്നെ നഷ്ടപ്പെട്ടു. ചെറിയ ലാഭങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കള്ളത്തരങ്ങള്‍ വലിയ നഷ്ടങ്ങളിലേക്കാവും നമ്മെ നയിക്കുക എന്ന് എപ്പോഴും ഓര്‍മ്മ വേണം!''
NEXT