കരിക്കട്ടയും ജീവിതവും
സുഭാഷ് ചന്ദ്രന്

ജപ്പാനില്‍ പണ്ട് രണ്ടു മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. മിഫൂണും അകിരയും.
കഠിനാദ്ധ്വാനിയായ മിഫൂണ് നേരം പുലര്‍ന്നാല്‍ അന്തിയാകുംവരെയും കാട്ടില്‍ വിറകുവെട്ടാന്‍ പോകും. എന്നിട്ട് അതൊക്കെ ചുമന്നുകൊണ്ടുവന്ന് തന്റെ കുടിലിനോട് ചേര്‍ന്നുളള വിറകുപുരയില്‍ ശേഖരിക്കുകയും ചെയ്യും.
നേരേ മറിച്ചായിരുന്നു അകിരയുടെ സ്വഭാവം. മഹാമടിയനായ അവന് മിഫൂണിനോട് കടുത്ത അസൂയയും ഉണ്ടായിരുന്നു. എന്നും ആളുകള്‍ മിഫൂണിന്റെ അടുത്തുവന്ന് പറഞ്ഞ പൈസയ്ക്ക് വിറകുംവാങ്ങിപ്പോകുന്നത് കാണുമ്പോള്‍ അകിരയ്ക്ക് സഹിക്കില്ല.
ഒടുവില്‍ അസൂയ മൂത്തപ്പോള്‍ അകിര എന്തുചെയ്തെന്നോ? ഒരു രാത്രിയില്‍ അവന് മിഫൂണിന്റെ സമ്പാദ്യപ്പെട്ടി കട്ടെടുത്തു. എന്നിട്ട് അവന്റെ വിറകുപുരയ്ക്ക് തീയിട്ടിട്ട് അവിടെ നിന്ന് സ്ഥലം വിട്ടു!
അകിര നേരേ പോയത് പട്ടണത്തിലേക്കാണ്. അവന് മോഷ്ടിച്ചുകൊണ്ടുവന്ന പണം ഇഷ്ടംപോലെ ചെലവഴിച്ച് ജീവിക്കാന്‍ തുടങ്ങി. അങ്ങനെ കുറേമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണമെല്ലാം തീര്‍ന്നു. പിന്നെ എന്തുചെയ്യും? പണിചെയ്യാനാണെങ്കില് അകിരയ്ക്ക് തീരെ ഇഷ്ടമല്ല. ഒടുവില്‍ അവന് പട്ടണത്തിലെ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറി. പക്ഷേ വീട്ടുടമസ്ഥന് അവനെ കൈയോടെ പിടികൂടി ഭടന്മാരെ ഏല്പിച്ചു. മോഷണക്കുറ്റത്തിന് ഒരു വര്‍ഷത്തെ തടവുശിക്ഷയും അകിരയ്ക്ക് കിട്ടി.
തടവറയിലെ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും അകിര ആളാകെ മാറിയിരുന്നു. തന്റെ കൂട്ടുകാരനോട് ചെയ്ത ചതിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവന് കുറ്റബോധം തോന്നി. മിഫൂണിനെ പോയി കണ്ട് കുറ്റമെല്ലാം ഏറ്റു പറയാനായി അവന് ഗ്രാമത്തിലേക്കു തിരിച്ചു.
പണവും വിറകുപുരയുമെല്ലാം നഷ്ടപ്പെട്ട് തന്റെ പഴയ കൂട്ടുകാരന് ആകെ കഷ്ടപ്പാടിലായിരിക്കും ഇപ്പോള്‍ എന്നു കരുതിയാണ് അകിര ഗ്രാമത്തിലെത്തിയത്. പക്ഷേ നോക്കുമ്പോഴതാ, മിഫൂണിന്റെ കുടിലുണ്ടായിരുന്ന സ്ഥലത്ത് നല്ലൊരു വീട്! കത്തിച്ചാമ്പലായ വിറകുപുരയുടെ സ്ഥാനത്ത് അതിലും വലുതൊരെണ്ണം!
അമ്പരന്നു നില്ക്കുന്ന അകിരയോട് അരികിലെത്തിയ മിഫൂണ് പറഞ്ഞു: ''നീയെന്നോട് ചെയ്തത് വാസ്തവത്തില്‍ എനിക്ക് വലിയ ഉപകാരമായിത്തീര്‍ന്നു! വിറകുപുര മുഴുവന്‍ കത്തിത്തീര്ന്നപ്പോള് ഒരു പാട് കരിക്കട്ടകള്‍ ബാക്കിവന്നു.
പട്ടണത്തിലെ സമ്പന്നര്‍ തണുപ്പുകാലത്തേക്ക് തീ കായുവാന്‍ കരിക്കട്ടകള്‍ വാങ്ങാറുണ്ടെന്ന കാര്യം ഞാന്‍ അപ്പോഴാണ് ഞാന്‍ ഓര്‍മ്മിച്ചത്. അങ്ങനെ ആ കരിക്കട്ടകള്‍ മുഴുവന്‍ നല്ല വിലയ്ക്ക് ഞാന്‍ അവര്‍ക്കു വിറ്റു. നീ എടുത്തുകൊണ്ടുപോയ പണത്തേക്കാള്‍ കൂടുതല്‍ എനിക്ക് ആ വകയില്‍ കിട്ടി. എങ്കിലും ഞാന്‍ വെറുതെയിരുന്നില്ല. പഴയതുപോലെ ഞാന്‍ വീണ്ടും നന്നായി അദ്ധ്വാനിച്ചു. ഇതാ ഈ കാലം കൊണ്ട് പഴയതിനേക്കാള്‍ നല്ല നിലയിലെത്തുകയും ചെയ്തു!''
എത്ര പ്രതികൂലമായ സാഹചര്യങ്ങളേയും മറികടന്ന് നല്ല നിലയിലെത്തിയ കുട്ടുകാരന്റെ മുന്നില്‍ അകിര മുട്ടുമടക്കി. അന്നുമുതല്‍ അവന് മിഫൂണിനെപ്പോലെ അന്തസ്സായി അദ്ധ്വാനിച്ച് ജീവിക്കാന്‍ തുടങ്ങി.
NEXT