മോഷണത്തിന്റെ ശിക്ഷ
ചന്ദ്രന്‍ മുക്കോത്തൊടി
വീരവര്‍മ മഹാരാജാവ് ചിലപ്പോള്‍ ചില വികൃതികള്‍ ഒപ്പിക്കും. ഒരു ദിവസം അദ്ദേഹം മന്ത്രിയോടു പറഞ്ഞു: ''മന്ത്രീ, നാം വേഷം മാറി നാടു ചുറ്റാന്‍ പോകുകയാണ്. നാളെയേ മടങ്ങിവരികയുള്ളൂ!''

''അടിയന്‍'', മന്ത്രി പറഞ്ഞു. അങ്ങനെ പറയാന്‍ മാത്രമേ മന്ത്രിക്ക് കഴിയൂ! കാരണം, രാജാവിന്റെ സ്വഭാവം മന്ത്രിക്ക് നന്നായി അറിയാം. ഒരു കാര്യം തീരുമാനിച്ചാല്‍ അദ്ദേഹം അത് ചെയ്യുകതന്നെ ചെയ്യും.

അങ്ങനെ രാജാവ് ഒരു സാധാരണക്കാരന്റെ വേഷത്തില്‍ നാട്ടുവഴിയിലൂടെ നടന്നു. ഇടയ്ക്കു വച്ച് എതിരെ വന്ന ഒരാളെ കണ്ടപ്പോള്‍ രാജാവ് ചോദിച്ചു: ''ചങ്ങാതീ, എനിക്ക് എന്തെങ്കിലും ജോലി തരപ്പെടുത്തിത്തരാമോ?''

''എന്തു പണിയും ചെയ്യുമോ?'', എതിരെ വന്ന ആള്‍ ചോദിച്ചു. വേലാണ്ടി എന്ന കള്ളനായിരുന്നു അത്.''ചെയ്യാം!'' രാജാവ് സമ്മതിച്ചു. ''എങ്കില്‍ എന്റെ കൂടെ വാ!'', വേലാണ്ടി രാജാവിനേയും കൂട്ടി മുന്നോട്ടു നടന്നു.

സമയം രാത്രിയായി. ആളൊഴിഞ്ഞ ഒരിടത്തെത്തിയപ്പോള്‍ വേലാണ്ടി പറഞ്ഞു: ''നീ ഇവിടെ നില്‍ക്ക്. ഞാന്‍ ആ വീട്ടില്‍ കയറിയിട്ടു വരാം! ആരെങ്കിലും വന്നാല്‍ നീ ചുമച്ച് ഒച്ചയുണ്ടാക്കണം!''
''ശരി!'', തന്റെ ചങ്ങാതി ഒരു കള്ളനാണെന്ന് മനസ്സിലായെങ്കിലും രാജാവ് ഒന്നും അറിയാത്തതുപോലെ മറുപടിപറഞ്ഞു.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വേലാണ്ടിയുടെ നിലവിളി കേട്ടു. അയാളെ വീട്ടുകാര്‍ പിടികൂടിയെന്ന് രാജാവിന് മനസ്സിലായി. രാജാവ് വീടിനടുത്തേക്ക് ഓടിച്ചെന്നു. എന്നിട്ട്ഒരുവിധത്തില്‍ വേലാണ്ടിയെ രക്ഷിച്ചു. ഇതിനിടെ രാജാവിനും കിട്ടി ആവശ്യംപോലെ അടി!

പുറത്തെത്തിയപ്പോള്‍ കള്ളന്‍ വേലാണ്ടി പറഞ്ഞു: ''പാവം! എന്നെ രക്ഷിക്കാന്‍ ശ്രമിച്ച് നിനക്കും അടികിട്ടി, അല്ലേ?''

അപ്പോള്‍ രാജാവ് ചോദിച്ചു: ''ഇങ്ങനെ അടി കിട്ടുന്ന പണി നിര്‍ത്തിക്കൂടെ?''

''ഹ! ഹ! ഹ!'' വേലാണ്ടി ചിരിച്ചു: ''എന്റെ അപ്പൂപ്പന്‍ കള്ളനായിരുന്നു. അച്ഛനും കള്ളനായിരുന്നു. അതുകൊണ്ട് എനിക്ക് ആരും പണിയൊന്നും തരില്ല! അങ്ങനെ ഞാനും കള്ളനായി!''
''ശരി, എങ്കില്‍ നീ നാളെ രാജകൊട്ടാരത്തില്‍ ചെന്ന് രാജാവിനെ കണ്ട് എന്തെങ്കിലും ജോലി തരാന്‍ അപേക്ഷിക്ക്!'', രാജാവ് കള്ളച്ചിരിയോടെ പറഞ്ഞു.

കള്ളന്‍ വേലാണ്ടി മനസ്സില്ലാമനസ്സോടെയാണെങ്കിലും അതു സമ്മതിച്ചു. തന്നെ രക്ഷിക്കാന്‍വേണ്ടി അടികൊണ്ട ആള്‍ പറഞ്ഞത് അനുസരിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല.

പിറ്റേന്ന് രാവിലെ കള്ളന്‍വേലാണ്ടി പേടിച്ച് പേടിച്ച് രാജകൊട്ടാരത്തിലെത്തി. രാജാവിന്റെ മുഖത്തേക്ക് നോക്കിയ വേലാണ്ടി നടുങ്ങിപ്പോയി. ഇന്നലെ രാത്രിയില്‍ കണ്ട അതേ ആള്‍!
വേലാണ്ടി രാജാവിന്റെ കാല്‍ക്കല്‍വീണ് മാപ്പു ചോദിച്ചു. ഉടന്‍തന്നെ രാജാവ് വേലാണ്ടിക്ക് കൊട്ടാരത്തില്‍ ജോലി കൊടുക്കുകയും ചെയ്തു.

അപ്പോള്‍ മന്ത്രി ചോദിച്ചു: ''പ്രഭോ! കള്ളന്മാര്‍ക്ക് ശിക്ഷ കൊടുക്കുകയല്ലേ വേണ്ടത്?''

''പക്ഷേ, മന്ത്രീ'', രാജാവ് പറഞ്ഞു: ''ശിക്ഷ കൊടുത്താല്‍ അതു കഴിയുമ്പോള്‍ അയാള്‍ വീണ്ടും മോഷണം തുടങ്ങും. പക്ഷേ, ഇപ്പോള്‍ വേലാണ്ടിയുടെ മനസ്സു മാറി. ഇനി അയാള്‍ മോഷ്ടിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ''രാജാവിന്റെ ഊഹം ശരിയായിരുന്നു. പിന്നീടുള്ള കാലം വേലാണ്ടി വളരെ നല്ലവനായി കൊട്ടാരത്തില്‍ ജോലി ചെയ്തു.