യഥാര്‍ത്ഥ രക്ഷ!
സുഭാഷ് ചന്ദ്രന്‍

സിംഹവും കടുവയും പുലിയും കാട്ടരുവിയുടെ തീരത്തു കണ്ടുമുട്ടി.''എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?'', സിംഹം കുശലം ചോദിച്ചു.
''ഓ, അങ്ങനെ ജീവിച്ചുപോകുന്നു!'', കടുവ പറഞ്ഞു: ''എന്നും ഇരകളെ ഓടിച്ചിട്ടു പിടിക്കുന്നു, കടിച്ചുകൊല്ലുന്നു, തിന്നു തിമിര്‍ക്കുന്നു!''
''ഞാനും അങ്ങനെതന്നെ!'', പുലി പറഞ്ഞു: ''ഇനി കുറച്ചു കാലം മറ്റുള്ളവര്‍ക്ക് എന്തെങ്കിലും നല്ലതു ചെയ്ത് ജീവിച്ചാല്‍ കൊള്ളാമെന്നുണ്ട്!''

അപ്പോഴാണ് അരുവിയിലൂടെ ഒരു മുയല്‍ക്കുഞ്ഞ് നിലവിളിച്ചുകൊണ്ട് ഒഴുകിപ്പോകുന്നത് അവര്‍ കണ്ടത്. ''ഹയ്യോ, അതു നോക്കൂ'', കടുവ പറഞ്ഞു: ''ഞാനതിനെ രക്ഷിക്കട്ടെ!'', കടുവ അരുവിയിലേക്ക് ചാടി മുയല്‍ക്കുഞ്ഞിനെ രക്ഷപ്പെടുത്തി.
കുറച്ചു കഴിഞ്ഞില്ല, അതാ മറ്റൊരു മുയല്‍ക്കുഞ്ഞ് കരഞ്ഞുകൊണ്ട് അരുവിയിലൂടെ ഒഴുകിപ്പോകുന്നു! ഇത്തവണ എടുത്തു ചാടിയത് പുലിയാണ്. അവനും ആ മുയല്‍ക്കുഞ്ഞിനെ കരയിലേക്ക് പിടിച്ചു കയറ്റി.

''ഇനിയും മുയല്‍ക്കുഞ്ഞ് ഒഴുകിവന്നാല്‍ രക്ഷിക്കേണ്ട ചുമതല താങ്കള്‍ക്കാണ്'', കടുവയും പുലിയും സിംഹത്തോട് പറഞ്ഞു. അതു കേട്ട് സിംഹം പുഞ്ചിരിച്ചു. രക്ഷപ്പെട്ട് കരയ്‌ക്കെത്തിയ മുയല്‍ക്കുഞ്ഞുങ്ങളോട് സിംഹം ചോദിച്ചു: ''കുട്ടികളേ, ആരാണ് നിങ്ങളെ എടുത്ത് അരുവിയിലേക്ക് എറിഞ്ഞത്?''

''ഒരു ദുഷ്ടന്‍ കരടി!'', മുയല്‍ക്കുഞ്ഞുങ്ങള്‍ പറഞ്ഞു: ''അമ്മയില്ലാത്ത തക്കംനോക്കി അവന്‍ ഞങ്ങളുടെ ആറ്റുവക്കിലുള്ള വീട്ടില്‍ വന്നു. എന്നിട്ട് ഓരോരുത്തരെയായി പിടികൂടി വെള്ളത്തിലെറിയുകയാണ്!''

''ഇനി എത്ര പേരുണ്ട് നിങ്ങളുടെ വീട്ടില്‍?'', സിംഹം ചോദിച്ചു.''ഇനിയും നാലുപേര്‍ കൂടിയുണ്ട്!'', അവര്‍ പറഞ്ഞു.

''എങ്കില്‍ ഞാന്‍ ഇപ്പോള്‍വരാം!'', ഇങ്ങനെ പറഞ്ഞിട്ട് സിംഹം ആറ്റുവക്കിലൂടെ മുകളിലേക്കു പാഞ്ഞു. കുറച്ചുദൂരം ചെന്നപ്പോഴേക്കും സിംഹം ആ കാഴ്ച കണ്ടു. അതാ ഒരു കരടി മുയല്‍ക്കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നു! ഒരു മുയല്‍ക്കുഞ്ഞിനെ എടുത്തുപൊക്കി ആറ്റിലേക്ക് എറിയാന്‍ അവന്‍ ഒരുങ്ങുമ്പോഴാണ് സിംഹം അങ്ങോട്ടു ചെന്നത്.

സിംഹം ഒറ്റച്ചാട്ടത്തിന് മുയല്‍ക്കുഞ്ഞിനെ രക്ഷിച്ച് താഴെയിരുത്തി. പിന്നെ ദുഷ്ടനായ കരടിക്ക് കണക്കിന് കൊടുത്ത് അവിടെനിന്നും തുരത്തി.അപ്പോഴേക്കും നേരത്തേ അരുവിയില്‍നിന്നും രക്ഷിച്ച മുയല്‍ക്കുഞ്ഞുങ്ങളേയും തോളിലിരുത്തി കടുവയും പുലിയും അങ്ങോട്ടെത്തിയിരുന്നു.

അവരോടായി സിംഹം പറഞ്ഞു: ''അപകടത്തില്‍ പെടുന്നവരെ സഹായിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷേ തുടര്‍ച്ചയായി ഒരേ തരത്തിലുള്ള അപകടം കാണുമ്പോള്‍ നമ്മള്‍ അതിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. അതുകൊണ്ടാണ് അടുത്ത മുയല്‍ക്കുട്ടി അരുവിയിലൂടെ ഒഴുകിവരുന്നതു വരെ കാത്തുനില്‍ക്കാതെ ഞാന്‍ ഇങ്ങോട്ടു പാഞ്ഞുവന്നത്. ദുഷ്ടനായ ആ കരടിയെ ഓടിക്കാന്‍ കഴിഞ്ഞതുകൊണ്ട് എല്ലാ മുയല്‍ക്കുഞ്ഞുങ്ങളും ഒറ്റയടിക്ക് രക്ഷപ്പെട്ടു!''

ബുദ്ധിമാനായ സിംഹത്തിന്റെ പ്രവൃത്തിയില്‍ കടുവയ്ക്കും പുലിക്കും മതിപ്പുതോന്നി. ഒരു പുതിയ പാഠം പഠിച്ച സന്തോഷത്തോടെ സിംഹത്തിനു കൈകൊടുത്ത് അവര്‍ മൂവരും പിരിഞ്ഞു.