സൂത്രം പൊളിഞ്ഞേ!
സജനു ജോണ്‍, പാലാരിവട്ടം

അമ്മിണിയമ്മയുടെ വീട്ടില്‍ രണ്ട് സുന്ദരിപ്പൂച്ചക്കുഞ്ഞുങ്ങള് ഉണ്ടായിരുന്നു. മിന്നുവും മീട്ടുവും! രണ്ടുപേരെയും കണ്ടാല്‍ ഒരേപോലെയുണ്ടായിരുന്നു. മീട്ടുപ്പൂച്ച മഹാവിരുതത്തിയാണ്.
എന്നാല്‍ മിന്നുപ്പൂച്ചയാവട്ടെ ശുദ്ധപാവവും.
ഒരു ദിവസം അമ്മിണിയമ്മ വീട്ടില്‍ പാല്‍പ്പായസമുണ്ടാക്കി. കളിച്ചുകൊണ്ടിരുന്ന മിന്നുവിനെയും മീട്ടുവിനെയും പായസം കുടിക്കാന്‍ വിളിച്ചു. ഉടനെ മീട്ടു, മിന്നുവിനോട് പറഞ്ഞു: ''മിന്നൂ, മിന്നൂ, വേഗം ചെന്ന് കൈയും മുഖവും കഴുകിവാ. നിന്റെ മുഖത്താകെ അഴുക്കാണല്ലോ.''
പാവം മിന്നുപ്പൂച്ച കൈ കഴുകാന്‍ പോയ തക്കത്തിന് മീട്ടു ചെന്ന് പായസം മുഴുവന്‍ അകത്താക്കി. അമ്മിണിയമ്മ ഇതൊന്നും കണ്ടതേയില്ല.
ഇങ്ങനെ എപ്പോഴും മീട്ടു, മിന്നുവിനെ പറ്റിച്ചുകൊണ്ടിരുന്നു. ഒന്നും തിന്നാതെ മിന്നു മെലിഞ്ഞ് മെലിഞ്ഞ് വന്നു. ഇതുകണ്ട അമ്മിണിയമ്മയ്ക്ക് സംശയം തോന്നി. ഒരുദിവസം അമ്മിണിയമ്മ മിന്നുവും മീട്ടുവും ഉറങ്ങുന്ന തക്കത്തിന് ഒരു പണി പറ്റിച്ചു- മിന്നുവിന്റെ നെറ്റിയില്‍ ഒരു ചുവന്നപൊട്ടും മീട്ടുവിന്റെ നെറ്റിയില്‍ ഒരു കറുത്തപൊട്ടും തൊട്ടുകൊടുത്തു.
അന്നുമുഴുവന്‍ അമ്മിണിയമ്മ, താന്‍ കൊടുക്കുന്ന ഭക്ഷണമെല്ലാം അകത്താക്കാന്‍ വരുന്ന പൂച്ചക്കുട്ടികളെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. കറുത്ത പൊട്ടുതൊട്ട മീട്ടുവാണ് എല്ലാ പ്രാവശ്യവും തീറ്റ മുഴുവന്‍ തട്ടിയത് എന്ന് അമ്മിണിയമ്മ കണ്ടുപിടിച്ചു. പിന്നീട് അമ്മിണിയമ്മ എന്തു ചെയ്തെന്നോ? മീട്ടുവിനെ ഒരു കൂട്ടില്‍ അടച്ചിട്ട് വളര്‍ത്താന്‍ തുടങ്ങി. സ്വാതന്ത്ര്യത്തോടെ ഓടി നടന്ന് സന്തോഷിക്കുന്ന മിന്നുവിനെ നോക്കി മീട്ടു നിരാശയോടെ കരഞ്ഞു.
NEXT