സൈന്യംവേണ്ടായേ!
ഗീത പി.എ. കല്ലട

ദിവസവും കിട്ടയ്യന്റെ പരാതി കേട്ട് രാജാവ് മടുത്തു.
ഒരു ദിവസം കിട്ടയ്യന് പുതിയൊരു പരാതിയുമായെത്തി: ''പ്രഭോ, അടിയന്റെ പച്ചക്കറിത്തോട്ടത്തില്‍ വല്ലാത്ത എലിശല്യം. അങ്ങ് സൈന്യത്തെ അയച്ച് അവയെ നശിപ്പിക്കണം!''
''എലിയെ കൊല്ലാന്‍ സൈന്യമോ? തനിക്കും വീട്ടുകാര്‍ക്കും കൂടി അവയെ നശിപ്പിച്ചാല്‍ പോരേ?'', രാജാവ് ചോദിച്ചു. പക്ഷേ, കിട്ടയ്യന് വഴങ്ങിയില്ല. എലിയെ കൊല്ലാന്‍ സൈന്യത്തെതന്നെ അയയ്ക്കണമെന്ന് അയാള്‍ വാശിപിടിച്ചു.
കിട്ടയ്യന്റെ പരാതി പറച്ചില് അവസാനിപ്പിക്കാന്‍ രാജാവ് ഒരു സൂത്രം കണ്ടെത്തി. അദ്ദേഹം സേനാനായകനെ വിളിച്ച് രഹസ്യമായി എന്തൊക്കെയോ ചട്ടംകെട്ടി.
കിട്ടയ്യന് വീട്ടിലെത്തുംമുന്പേ ഒരു വലിയ സൈന്യം അവിടെ എത്തിയിരുന്നു. അവര്‍ പച്ചക്കറിച്ചെടികള്‍ ഓരോന്നായി പിഴുതെറിയാനും നിലം കുഴിച്ചുനോക്കാനും തുടങ്ങി.

''രാജകല്പനയനുസരിച്ച് എലിയെ പിടിക്കാന്‍ നോക്കുകയാണ് ഞങ്ങള്‍. പക്ഷേ, ഒറ്റ എലിയെപ്പോലും കാണുന്നില്ല. എല്ലാം തന്റെ വീട്ടില്‍ കയറി ഒളിച്ചിട്ടുണ്ടാവും. അതുകൊണ്ട് ഇനി തന്റെ വീട് പൊളിച്ചുമാറ്റി അവിടം കുഴിക്കണം!'', സേനാനായകന് പറഞ്ഞു.
അതുകേട്ട് കിട്ടയ്യന് ഞെട്ടി.
കരഞ്ഞുകൊണ്ട് അയാള്‍ വീണ്ടും രാജാവിന്റെ മുന്നിലെത്തി! ''പ്രഭോ, എലിയെ കൊല്ലണ്ട. സൈന്യത്തെ പിന്‍വലിക്കണേ!''
ഇതുകേട്ട് രാജാവ് ചിരിച്ചുകൊണ്ട് പറഞ്ഞു: ''കിട്ടയ്യാ, എന്തു പ്രശ്നമുണ്ടായാലും ആദ്യം അത് സ്വയം പരിഹരിക്കാന്‍ ശ്രമിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ബന്ധുക്കളുടെയും സ്നേഹിതന്മാരുടെയുമൊക്കെ സഹായം തേടണം. എന്നിട്ടും പ്രശ്നം തീര്ന്നില്ലെങ്കില്മാത്രം ഇങ്ങോട്ടു വന്നാല്‍ മതി!''
രാജാവ് പറഞ്ഞതു കിട്ടയ്യന് സമ്മതിച്ചു. ഏതായാലും എന്തിനുമേതിനും പരാതി പറയുന്ന കിട്ടയ്യന്റെ സ്വഭാവം അതോടെ മാറി.
NEXT