പിശുക്കന്റെ സമ്പത്ത്!
സുഭാഷ് ചന്ദ്രന്‍


മഥുരയില്‍ പണ്ടുപണ്ട് മണിലാല്‍ എന്നൊരു പിശുക്കന്‍ ഉണ്ടായിരുന്നു. മണിലാലിനെ വെറും പിശുക്കനെന്നു പോരാ അറുപിശുക്കനെന്നു തന്നെ വിളിക്കണം. നന്നായി ഭക്ഷണം കഴിക്കാതെ, നല്ല വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാതെ, അയാള്‍ കിട്ടുന്ന ഓരോ നാണയവും സൂക്ഷിച്ചുവയ്ക്കും. എന്നിട്ടോ? പണം കുറേയായിക്കഴിയുമ്പോള്‍ അതുകൊടുത്ത് ഒരു സ്വര്‍ണക്കട്ടി വാങ്ങും! അങ്ങനെ വാര്‍ദ്ധക്യമെത്തിയപ്പോഴേക്കും അയാള്‍ കുറേയേറെ സ്വര്‍ണക്കട്ടികളുടെ ഉടമയായി മാറി!
അതോടെ മണിലാലിന്റെ പ്രശ്‌നങ്ങളും തുടങ്ങി. ഇത്രയേറെ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നത് അപകടമാവില്ലേ? വല്ല കള്ളന്മാരും ഇക്കാര്യമറിഞ്ഞാല്‍ തന്റെ ജീവന്‍ അപകടത്തിലാവില്ലേ?

ഒടുവില്‍ മണിലാല്‍ ഒരു സൂത്രം കണ്ടെത്തി. കാട്ടിലൊരിടത്ത് ചെന്ന് അയാള്‍ ഒരു കുഴിയുണ്ടാക്കി അതില്‍ തന്റെ സ്വര്‍ണക്കട്ടികള്‍ മുഴുവനുമിട്ടു. എന്നിട്ട് അതിനുമീതെ മണ്ണിട്ടു മൂടി മടങ്ങിപ്പോന്നു!
തന്റെ സ്വര്‍ണക്കട്ടികളെല്ലാം കുഴിയില്‍ ഭദ്രമായി ഇരിപ്പുണ്ടെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ എന്നും കാട്ടില്‍പ്പോകും. മണ്ണുമാറ്റി സ്വര്‍ണക്കട്ടികള്‍ എണ്ണിനോക്കിയിട്ട് മടങ്ങിപ്പോരുകയും ചെയ്യും. അങ്ങനെ ഒരു ദിവസം മണ്ണുമാറ്റി നോക്കിയ മണിലാല്‍ ഞെട്ടിപ്പോയി. കുഴിയില്‍ ഒരു സ്വര്‍ണക്കട്ടിപോലുമില്ല! പകരം നിറയെ കരിങ്കല്‍ത്തുണ്ടുകള്‍!

''അയ്യോ!, എന്റെ സ്വര്‍ണക്കട്ടികള്‍ മുഴുവന്‍ പോയേ!'', മണിലാല്‍ ഉറക്കെ നിലവിളിച്ചു:''കഷ്ടപ്പെട്ട് ഞാനുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ പോയേ!''
അയാള്‍ ഒരു ഭ്രാന്തനെനെപ്പോലെ അവിടേയും ഇവിടേയുമെല്ലാം തിരയാന്‍ തുടങ്ങി. അപ്പോഴാണ് കുഴിയില്‍ കിടന്ന ഒരു കടലാസുതുണ്ട് അയാള്‍ കണ്ടത്. മണിലാല്‍ അതെടുത്തുനോക്കി. അതില്‍
ഇങ്ങനെ എഴുതിയിരുന്നു:
പ്രിയപ്പെട്ട പിശുക്കാ,

താങ്കള്‍ എന്നും കാട്ടില്‍ വരുന്നതും കുഴിയിലെ മണ്ണുമാറ്റി സ്വര്‍ണക്കട്ടികള്‍ എണ്ണിനോക്കുന്നതും ചെയ്യുന്നത് ഞാന്‍ ഒളിച്ചിരുന്നു കാണാറുണ്ട്. താങ്കള്‍ കൃത്യമായി ഭക്ഷണം കഴിക്കാറില്ല എന്ന് രൂപം കണ്ടപ്പോള്‍ത്തന്നെ എനിക്കുമനസ്സിലായി. ഇത്രയും സ്വര്‍ണക്കട്ടികള്‍ സ്വന്തമായുള്ള താങ്കള്‍ക്ക് സ്വന്തമായി ഒരു നല്ല വസ്ത്രം പോലുമില്ല. അത്യാവശ്യത്തിനു പോലും ഉപയോഗിക്കാതെ സൂക്ഷിച്ചു വയ്ക്കുന്ന സ്വര്‍ണക്കട്ടികള്‍ വാസ്തവത്തില്‍ കരിങ്കല്‍ച്ചീളുകള്‍ക്ക് സമമാണ്. എനിക്കാണെങ്കില്‍ സ്വര്‍ണക്കട്ടികള്‍കൊണ്ട് പല ആവശ്യങ്ങളുമുണ്ട്. അതുകൊണ്ട് സ്വര്‍ണക്കട്ടികള്‍ ഞാനെടുത്തിട്ട് അത്രയും എണ്ണം കരിങ്കല്‍ച്ചീളുകള്‍ കുഴിയില്‍ വയ്ക്കുന്നു. വെറുതെ എണ്ണി രസിക്കാന്‍ ഈ കരിങ്കല്‍ച്ചീളുകള്‍ ധാരാളം മതിയാകുമല്ലോ.
എന്ന് സ്വന്തം കള്ളന്‍'

കത്തു വായിച്ച് മണിലാല്‍ തലയ്ക്കു കൈവച്ചിരുന്നു. ഉപയോഗമില്ലാതെ കൂട്ടിവയ്ക്കുന്ന സമ്പത്തിന് കരിങ്കല്‍ച്ചീളുകളുടെ വിലയേ ഉള്ളൂ എന്ന് അതോടെ അയാള്‍ പഠിച്ചു.