ആലോപെയുംപോസിഡോണും
പ്രിയദര്‍ശിനി

ആലോപെയുടെ സൗന്ദര്യത്തെപ്പറ്റി കേട്ടവരൊക്കെ അവളെ ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചു. രാജകുമാരന്മാര് മാത്രമല്ല, ദേവന്മാര്വരെ അവളെ വിവാഹംചെയ്യാന്‍ കൊതിച്ചു. സെര്‍സിയോണ്‍ ചക്രവര്‍ത്തിയും ആലോപെയുടെ വിവാഹക്കാര്യത്തെപ്പറ്റി ചിന്തിച്ചുതുടങ്ങിയിരുന്നു.
സമുദ്രങ്ങളുടെ ദേവനായ പോസിഡോണിനും ആലോപെയോട് ഇഷ്ടം തോന്നിയിരുന്നു. പോസിഡോണ്‍ ദേവന് ഒരു സൂത്രം കണ്ടെത്തി. സുന്ദരനായ ഒരു യുവാവിന്റെ രൂപത്തില്‍ ദേവന് ആലോപെയുടെ അന്തഃപുരത്തിലെത്തി. പോസിഡോണ്‍ ദേവനെ കണ്ടമാത്രയില്‍ ആലോപെ അദ്ദേഹവുമായി ഇഷ്ടത്തിലായി.
ആരോരുമറിയാതെ ആലോപെയും പോസിഡോണും ഇടയ്ക്കിടെ കണ്ടുമുട്ടാന്തുടങ്ങി. ആലോപെയുടെ വിശ്വസ്തയായ തോഴിക്ക് മാത്രമായിരുന്നു ആ രഹസ്യം അറിയാമായിരുന്നത്.
അങ്ങനെയിരിക്കെ ആലോപെ ഗര്‍ഭിണിയായി. അവള് അന്തഃപുരത്തില്‍ നിന്നു പുറത്തിറങ്ങാതെ നാളുകള്‍ കഴിച്ചുകൂട്ടി. ആലോപെ താമസിയാതെ ഒരു തേജസ്വിയായ ആണ്‍കുഞ്ഞിന് ജന്മംനല്കി. ഉടനെ പട്ടുതുണിയില്‍ ആ കുഞ്ഞിനെ പൊതിഞ്ഞെടുത്ത് ആലോപെ തോഴിക്ക് നല്കി ഇങ്ങനെ പറഞ്ഞു: ''ഇവനെ കാട്ടിലുള്ള ഏതെങ്കിലും നദിക്കരയില്‍ കിടത്തിയിട്ട് വരൂ. നദികളുടെയും സമുദ്രങ്ങളുടെയും ദേവനായ പോസിഡോണ്‍ ഇവനെ കാത്തുകൊള്ളും!''
ആലോപെയുടെ നിര്‍ദേശം തോഴി അനുസരിച്ചു. കുഞ്ഞിനെ നദിക്കരയിലുള്ള ഒരു പുല്‍മൈതാനത്ത് അവള് കിടത്തി. കുറെ സമയം കഴിഞ്ഞു. ഒരു പെണ്‍കുതിര അവിടെ പുല്ലുമേയാനെത്തി. ദയനീയമായി കരയുന്ന ഒരു പിഞ്ചു കുഞ്ഞിനെക്കണ്ട് ആ കുതിര അമ്പരന്നു. അത് ആ കുഞ്ഞിനെ
നക്കിത്തോര്‍ത്തിക്കൊണ്ട് ആശ്വസിപ്പിച്ചു.
ആ നേരത്താണ് ഒരിടയന്‍ അതുവഴി വന്നത്. കുതിരയുടെ അരികില്‍ക്കിടന്ന സുന്ദരനായ കുട്ടിയെക്കണ്ട് അയാള്‍ ഓടിച്ചെന്ന് അവനെ വാരിയെടുത്തു. അതേ സമയംതന്നെ മറ്റൊരിടയനും

അവിടെയെത്തി. രണ്ടാമന് പറഞ്ഞു: ''ചങ്ങാതീ, ഈ അനാഥ ബാലനെ എനിക്കു തരൂ. താങ്കള്‍ക്ക് കുട്ടികളുണ്ടല്ലോ. ഞാനാണെങ്കില്‍ മക്കളില്ലാതെ വിഷമിക്കുകയാണ്!''
പക്ഷേ, ആദ്യത്തെ ഇടയന് സമ്മതിച്ചില്ല. അവര്‍ തമ്മില്‍ വഴക്കായി. അവരുടെ അടികലശല്‍ കണ്ട് മറ്റ് ഇടയന്മാര് രാജാവിനെ വിവരമറിയിച്ചു. അങ്ങനെ രാജഭടന്മാര് വന്ന് ഇടയന്മാരെ കുഞ്ഞുമൊത്ത് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
രാജാവ് ആ കുഞ്ഞിനെ കണ്ട് വിസ്മയിച്ചു. കാരണം അവനെ പൊതിഞ്ഞിരുന്ന പട്ടുതുണി തന്റെ പ്രിയപുത്രിയുടെതാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം പുത്രിയെയും തോഴിമാരെയും വിളിപ്പിച്ചു. സംഭവിച്ചതെല്ലാം അങ്ങനെ എല്ലാവരും അറിഞ്ഞു.
കോപംകൊണ്ടു വിറച്ച സെര്‍സിയോണ്‍ തന്റെ പുത്രിയെ ജയിലിലടയ്ക്കാന്‍ കല്പിച്ചു. പക്ഷേ, ആ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിനു മനസ്സുവന്നില്ല. മക്കളില്ലാത്ത ഇടയനെയും കുടുംബത്തെയും കുഞ്ഞിന്റെ സംരക്ഷണത്തിനായി അദ്ദേഹം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കുഞ്ഞ് ഹിപ്പോത്യൂസ് എന്നപേരില്‍ കൊട്ടാരത്തില്‍ വളര്‍ന്നു. അവന് അവിടെ രാജകുമാരന്റെ പരിഗണന ലഭിച്ചു. പിന്നീട് തേസിയൂസുമായുള്ള യുദ്ധത്തില്‍ സെര്‍സിയോണ്‍ ചക്രവര്‍ത്തി കൊല്ലപ്പെട്ടപ്പോള്‍ ഹിപ്പോത്യൂസ് ആര്‍ക്കേഡിയയുടെ ചക്രവര്‍ത്തിയായി മാറി.
ആലോപെയാവട്ടെ തന്റെ പ്രിയനായ പോസിഡോണിന്റെ അനുഗ്രഹത്താല്‍ ഒരിക്കലും വറ്റാത്ത ഉറവയായിമാറി രാജകൊട്ടാരത്തിലെ ഉദ്യാനത്തിലൂടെ ഒഴുകി. അവള് തന്റെ പ്രിയപുത്രനെ കാണുമ്പോഴൊക്കെ കളകളശബ്ദം മുഴക്കിക്കൊണ്ടിരുന്നു. ആലോപെ എന്നു പേരുള്ള ആ ഉറവ ഇപ്പോഴും ആര്‍ക്കേഡിയയില്‍ ഉണ്ടത്രേ!
NEXT