കാല്‍പ്പാടുകളുടെ അര്‍ത്ഥം
സുഭാഷ് ചന്ദ്രന്

ചൈനയില്‍ ഒരു ബുദ്ധസന്ന്യാസി ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ശിഷ്യനും.
ഒരിക്കല്‍ ധ്യാനിക്കാന്‍ പറ്റിയ ഒരിടം തേടി രണ്ടാളും കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. കുറേക്കൂടി തെക്കോട്ടുപോയാല്‍ ആരും ശല്യപ്പെടുത്താത്ത ഒരു സ്ഥലമുണ്ടെന്നു കേട്ട് രണ്ടാളും കടലോരത്തിലൂടെ അങ്ങോട്ടു പുറപ്പെട്ടു. കുറച്ചുദൂരം ചെന്നപ്പോഴാണ് ശിഷ്യന് ഒരു കാര്യം ശ്രദ്ധിച്ചത്- തങ്ങള്‍ക്കുമുമ്പേ രണ്ടു പേര് അതു വഴി പോയതിന്റെ കാല്പാടുകള്!
''നോക്കൂ ഗുരോ'', ആ കാല്പാടുകള് ചൂണ്ടിക്കാട്ടി അവന് പറഞ്ഞു: ''നമുക്കു മുമ്പേ രണ്ടു പേര് അങ്ങോട്ടു പോയിട്ടുണ്ടെന്ന് ഉറപ്പ്. അതുകൊണ്ട് അവിടെ ഏകാന്തത പ്രതീക്ഷിക്കേണ്ട. നമുക്ക് മടങ്ങിപ്പോകാം!''
ഗുരു മറുപടി ഒന്നും പറഞ്ഞില്ല. അദ്ദേഹം മുന്നോട്ടുനടക്കുകമാത്രം ചെയ്തു. വേറെ പോംവഴിയില്ലാതെ ശിഷ്യനും ഒപ്പം പോയി.
കുറേക്കൂടി മുന്നേറിക്കഴിഞ്ഞപ്പോള് ശിഷ്യന് വീണ്ടും നിന്നു. മുന്നിലുള്ള കാല്പാടുകളിലേക്ക് കുനിഞ്ഞുനോക്കിയിട്ട് അവന് പറഞ്ഞു: ''നോക്കൂ, ഇപ്പോള്‍ ഒരാളുടെ കാല്പാടുകള് മാത്രമേ കാണുന്നുള്ളൂ. എനിക്കുതോന്നുന്നത് ആ രണ്ടുപേരും തമ്മില്‍ ഇവിടെ വച്ച് ഒരു പോരാട്ടം നടന്നിരിക്കുമെന്നാണ്. ഒരാള്‍ മേറ്റയാളെ കൊന്ന് കടലില്‍ എറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടല്ലേ മേറ്റയാള് മടങ്ങിപ്പോയ കാല്പാടുകള് പോലും കാണാത്തത്!''
അപ്പോഴും ഗുരു ചിരിച്ചുകൊണ്ട് മുന്നോട്ടുനടന്നതേയുള്ളൂ. സംശയത്തോടെയാണെങ്കിലും ശിഷ്യനും പിന്നാലെ നടന്നു. വൈകാതെ അവര്‍ ആ പ്രശാന്തമായ സ്ഥലത്ത് എത്തിച്ചേര്‍ന്നു. നോക്കുമ്പോഴതാ, അവിടെ രണ്ടുപേര്‍ ഇരുന്ന് ധ്യാനിക്കുന്നു!
അപ്പോള്‍ ഗുരു പറഞ്ഞു: ''വഴിയില്‍ കാല്പാടുകള് കണ്ടപ്പോഴൊക്കെ നീ അതില്‍ ദോഷങ്ങളാണ് ആരോപിച്ചത്. രണ്ടുപേരുടെ കാലടിപ്പാടുകള്‍ വഴിയില്‍ കണ്ടെത്തിയപ്പോള്‍ത്തന്നെ ഈ സ്ഥലത്ത് ശാന്തിയുണ്ടാവില്ലെന്ന് നീ ഉറപ്പിച്ചു. എന്നാല്‍ അവരുടെ കാല്പാടുകള് അധികം ആഴത്തില്‍ പതിഞ്ഞിരുന്നില്ല. ഒന്നു ശ്രദ്ധിച്ചാല്‍ അത് രണ്ടു യോഗികളുടേതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ!''
''അപ്പോള്‍ ഇടയ്ക്കുവച്ച്് അതില്‍ ഒരാളുടെ കാല്പാടുകള് അപ്രത്യക്ഷമായതോ?'', ശിഷ്യന് ചോദിച്ചു.
''അക്കാര്യവും ആ കാലടിപ്പാടുകളില്നിന്നുതന്നെ മനസ്സിലാക്കാമായിരുന്നു'', ഗുരു പറഞ്ഞു: ''ഒരാളുടെ കാലടിപ്പാടുകള്‍ മാത്രം കണ്ടപ്പോള്‍ നീ ഒരു കാര്യം ശ്രദ്ധിച്ചില്ല. മുമ്പത്തേക്കാള്‍ കൂടുതല്‍ അത് ആഴത്തില്‍ പതിഞ്ഞിരുന്നു. ഇവര്‍ രണ്ടാളും വളരെ ദൂരെനിന്ന് ഈ സ്ഥലം അന്വേഷിച്ച് എത്തിയതാവാം. ദീര്‍ഘമായ വഴിയാത്രയില്‍ ഒരാള്‍ ക്ഷീണിച്ച്് അവശനായതാവാം. അപ്പോള്‍ മേറ്റയാള് അയാളെ ചുമലിലെടുത്ത് നടപ്പു തുടര്‍ന്നിരിക്കാം. അതുകൊണ്ടാണ് ഒരാളുടെ കാലടിപ്പാടുകള്‍ മാത്രം അവശേഷിച്ചതും അത് മണലില്‍ കൂടുതല്‍ ആഴ്ന്നിരുന്നതും!''
കാര്യങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാനുള്ള ഗുരുവിന്റെ കഴിവിനുമുന്നില്‍ ശിഷ്യന് നമസ്ക്കരിച്ചു. പിന്നെ അവര്‍ രണ്ടാളും ധ്യാനിക്കാന്‍ തുടങ്ങി.
NEXT