കൊടുക്കുന്നതും കിട്ടുന്നതും
സുഭാഷ് ചന്ദ്രന്‍
ചിഞ്ചില്ലംകാട്ടില്‍ ഒരു മിങ്കന്‍ കുരങ്ങന്‍ ഉണ്ടായിരുന്നു. മിങ്കന്‍ കുരങ്ങന്‍ എപ്പോഴും മുഖം വീര്‍പ്പിച്ചിരിക്കുന്നതേ നമുക്കു കാണാന്‍ കഴിയൂ. കാരണമെന്തെന്നോ? അവന്‍ എല്ലാവരോടും പിണക്കത്തിലാണ്!

അങ്ങനെയുള്ള മിങ്കന്റെ അടുത്ത് ഒരു ദിവസം അവന്റെ അമ്മാവന്‍ പങ്കന്‍കുരങ്ങന്‍ വന്നു. പങ്കനമ്മാവനെ
മിങ്കന് ഇഷ്ടമാണ്. വല്ലപ്പോഴുമേ അമ്മാവന്‍ കാണാന്‍ വരൂ. പക്ഷേ വരുമ്പോഴൊക്കെ പങ്കനമ്മാവന്‍ മിങ്കന്‍കുരങ്ങന് എന്തെങ്കിലും മധുരപലഹാരങ്ങള്‍ കൊണ്ടുവരും!

അന്ന് പങ്കനമ്മാവന്‍ കൊണ്ടുവന്ന ലഡുവും ജിലേബിയുമൊക്കെ തിന്നുകയായിരുന്നു മിങ്കന്‍. അപ്പോള്‍ അമ്മാവന്‍ ചോദിച്ചു: ''മിങ്കാ, കുറേക്കാലമായി ഞാന്‍ ചോദിക്കണമെന്നു കരുതുന്നു. നിനക്ക് ഈ കാട്ടില്‍ കൂട്ടുകാര്‍ ആരുംതന്നെയില്ലേ? ഞാന്‍ എപ്പോള്‍ വരുമ്പോഴും നീ ഒറ്റയ്ക്കാണ്. കൂട്ടുകാരെയൊന്നും കാണാറില്ല എന്നുമാത്രമല്ല, ആരെക്കുറിച്ചും നീയൊന്നും മിണ്ടാറുമില്ല!''

അതു കേട്ടപ്പോള്‍ മിങ്കന്‍ പറഞ്ഞു: ''സത്യം പറയാമല്ലോ അമ്മാവാ. ഈ കാട്ടിലെ ആര്‍ക്കും എന്നോട് ഒരു തരിപോലും സ്‌നേഹമില്ല. ആരും എന്നെ തിരിഞ്ഞുനോക്കാറുമില്ല. അമ്മാവന്‍ മാത്രമാണ് വല്ലപ്പോഴും എന്നെ കാണാന്‍ വരുന്നതും എനിക്കു മധുരപലഹാരങ്ങള്‍ കൊണ്ടു വരുന്നതും.''
അപ്പോള്‍ പങ്കന്‍ കുരങ്ങന്‍ ചോദിച്ചു: ''നീയോ? നീ ആരെയൊക്കെ കാണാന്‍ പോകാറുണ്ട്? ആര്‍ക്കൊക്കെ എന്തെങ്കിലും കൊടുത്തിട്ടുണ്ട്?''
മിങ്കന്‍ കുരങ്ങന് ഉത്തരം മുട്ടി. അവന്‍ പക്ഷേ വിട്ടുകൊടുത്തില്ല. ''സത്യം പറയാമല്ലോ അമ്മാവാ, ഈ കാട്ടില്‍ ആരേയും വിശ്വസിക്കാന്‍ കൊള്ളില്ല. എല്ലാം മഹാതല്ലിപ്പൊളികളാ! അതുകൊണ്ടല്ലേ ഞാന്‍ ആരുമായും കൂട്ടുകൂടാത്തത്!''

അതുകേട്ട് പങ്കനമ്മാവന്‍ പൊട്ടിച്ചിരിച്ചു: ''ഹി! ഹി!ഹി! ഇപ്പോഴെനിക്ക് എല്ലാം മനസ്സിലായി. നീ ആരേയും സ്‌നേഹിക്കുന്നില്ല. ആരേയും വിശ്വസിക്കുന്നുമില്ല. എന്നിട്ടോ? നിനക്കു സ്‌നേഹം കിട്ടുന്നില്ല എന്നു പരാതി പറയുകയും ചെയ്യുന്നു!''

ചിരിനിര്‍ത്തിയിട്ട് അമ്മാവന്‍ ഗൗരവത്തോടെ മിങ്കന്റെ ചുമലില്‍ കൈവച്ചിട്ടു പറഞ്ഞു: ''മോനേ മിങ്കാ, സ്‌നേഹവും ബഹുമാനവുമെല്ലാം മററുള്ളവര്‍ക്കു നാം കൊടുക്കാറുണ്ടോ എന്ന് ആദ്യം ചിന്തിക്കണം. കാരണം അതു കൊടുത്താല്‍ മാത്രമേ നമുക്കു തിരിച്ചു കിട്ടൂ! എല്ലാവരും മോശക്കാരാണെന്ന തോന്നല്‍ ആദ്യം അവസാനിപ്പിക്കണം. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും എല്ലാവരോടും പെരുമാറണം. അപ്പോള്‍ ഈ കാടാകെ നിന്നേയും തിരിച്ചു സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും!''

മിങ്കന്‍ കുരങ്ങന്‍ തലകുനിച്ച് എല്ലാം കേട്ടുനിന്നു. അന്നുമുതല്‍ അമ്മാവന്‍ പറഞ്ഞതുപോലെ അവന്‍ കാട്ടിലെ ഓരോ മൃഗത്തേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി.

അടുത്ത തവണ പങ്കനമ്മാവന്‍ മിങ്കനെ കാണാന്‍ വന്നപ്പോള്‍ അവന്‍ താമസിക്കുന്ന മരത്തിലും മരത്തിനു ചുവട്ടിലും നിറയെ പലതരം മൃഗങ്ങളുണ്ടായിരുന്നു. എല്ലാം മിങ്കന്റെ കൂട്ടുകാര്‍! എല്ലാവരും മിങ്കനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍!