
ഗീതാദര്‍ശനം - 497
Posted on: 12 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
തമസ്ത്വജ്ഞാനജം വിദ്ധി
മോഹനം സര്‍വദേഹിനാം
പ്രമാദാലസ്യ നിദ്രാഭിഃ
തന്നിബധ്‌നാതി ഭാരത
അല്ലയോ ഭാരതാ, തമോഗുണമാകട്ടെ, അറിവില്ലായ്മയില്‍നിന്നുണ്ടാകുന്നതും സകല ദേഹികളെയും മോഹിപ്പിക്കുന്നതുമാണെന്നറിയുക. അത് പ്രമാദം, ആലസ്യം, നിദ്ര എന്നിവകൊണ്ട് (ദേഹിയെ ദേഹത്തില്‍) ബന്ധിക്കുന്നു.
പ്രമാദം = കര്‍ത്തവ്യത്തിന്റെ മറവി. ആലസ്യം = ശ്രദ്ധക്കുറവുകൊണ്ട് കര്‍ത്തവ്യത്തില്‍ താത്പര്യമില്ലായ്മ. നിദ്ര = ബുദ്ധികെട്ട് കര്‍ത്തവ്യം പരിത്യജിച്ചുള്ള ഉറക്കം. (തമോഗുണം മറ്റു രണ്ടിനേക്കാള്‍ ദോഷമുള്ളതും ബന്ധനശേഷിയുള്ളതുമാകയാല്‍ അതിനെ പ്രത്യേകിച്ചറിയണമെന്നു സൂചിപ്പിക്കാനായി 'തു' ശബ്ദം ഉപയോഗിച്ചിരിക്കുന്നു.)
സത്ത്വഗുണാവസ്ഥയില്‍ അന്തഃകരണം സമാവസ്ഥയിലായതിനാല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവ് അന്തഃകരണത്തില്‍ നേരായി പതിയും, തെളിയും. രജോഗുണം ഏകാഗ്രത നശിപ്പിക്കുന്നതിനാല്‍ ഈ സൗകര്യം നഷ്ടമാകുന്നു. തമോഗുണമാകട്ടെ, ഒരു വിഷയത്തെയും ക്ഷണനേരംപോലും ശരിയായി അറിയാന്‍ അനുവദിക്കില്ല. പിഴച്ചു ചെയ്യുക, വേണ്ടതൊന്നും ചെയ്യാതിരിക്കുക എന്ന ശീലംകൊണ്ടാണ് അത് ദേഹിയെ ദേഹത്തില്‍ തളയ്ക്കുന്നത്.
എല്ലാ സൃഷ്ടികളിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന സഹജമായ പ്രാകൃതികത തമസ്സാണെന്ന് അവയുടെ കേവലമായ ജന്തുസ്വഭാവം തെളിയിക്കുന്നു. അചരങ്ങളെ നോക്കുക. സ്ഥിരമായ ആലസ്യമോ നിദ്രയോ ആണ് അവയുടെ സ്വഭാവം എന്നു പറയാം. ജീവജാലങ്ങളില്‍ മിക്കതും അവയുടെ വിശപ്പും ദാഹവും പ്രത്യുത്പാദനത്വരയും ശമിച്ചാല്‍ ആലസ്യത്തിലാണ്. ഈ അടിസ്ഥാനസ്വഭാവം മനുഷ്യരിലുമുണ്ട്. (ഒരു ജോലി കിട്ടിയിട്ടു വേണം രണ്ടു ദിവസം ലീവെടുത്ത് നന്നായി ഒന്ന് ഉറങ്ങാന്‍ എന്ന ഫലിതം പ്രസിദ്ധമാണല്ലൊ.) സര്‍വദേഹിനാം എന്നു പറഞ്ഞത് അതിനാലാണ്. എല്ലാറ്റിനെയും അത് ഒരുപോലെ മോഹിപ്പിക്കുന്നു.
(തുടരും)
