
ഗീതാദര്‍ശനം - 494
Posted on: 08 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
അല്ലയോ പാപരഹിതനായ അര്‍ജുനാ, അതില്‍ (ആ ഗുണങ്ങളില്‍) സത്വം വിശുദ്ധിയാല്‍ പ്രകാശമാനവും ആരോഗ്യകരവുമാണ്. സുഖസംഗംകൊണ്ടും ജ്ഞാനസംഗംകൊണ്ടും (അത് ദേഹിയെ ദേഹത്തില്‍) ബന്ധിക്കുന്നു.
സമതുലിതാവസ്ഥയുടെ ലക്ഷണമാണ് സത്വഗുണം. അതിനാലത് 'ശുദ്ധ'മാണ്. ശുദ്ധമെന്നാല്‍ ദ്വന്ദ്വാതീതം, പക്ഷരഹിതം, അഥവാ നിര്‍മലം. (അധ്യാത്മവിദ്യ പഠിക്കുന്ന ശിഷ്യന്റെ മനസ്സിന് ഈ ശുദ്ധി വേണമെന്ന് 'ശുദ്ധബുദ്ധിയായ അര്‍ജുനാ' എന്ന സംബോധന സൂചിപ്പിക്കുന്നു.) ശുദ്ധബുദ്ധിയില്‍ പരംപൊരുളിന്റെ തനതവസ്ഥ പ്രതിഫലിക്കുന്നു. എന്നു വെച്ചാല്‍, അത് പ്രകാശമാനമാവുന്നു. മനഃപ്രസാദമാണ് ഇതിന്റെ ഫലം. ഇത് കറയറ്റ സുഖാനുഭൂതിയാണ്. ഇതിന് ദൂഷ്യഫലങ്ങളില്ല, ചുറ്റുപാടുകള്‍ മാറിയാലും മാറ്റു കുറയുന്നുമില്ല. അതിനാലത് അനാമയമാണ്. സത്വഗുണം ഇത്തരമുള്ള സുഖാനുഭവത്തിലൂടെയും ജ്ഞാനാനുഭൂതിയിലൂടെയുമാണ് ജീവനെ ദേഹത്തില്‍ തളയ്ക്കുന്നത്. പൂര്‍വാനുഭവസ്മരണ കെട്ടുകയറായി ഭവിക്കുന്നതിനെയാണ് ഇവിടെ തളയ്ക്കല്‍ എന്നു പറയുന്നത്. 'ഞാന്‍ സുഖിയാണ്', 'ഞാന്‍ ജ്ഞാനിയാണ്' എന്നിങ്ങനെയുള്ള അഭിമാനമാണ് ഈ അനുഭവ സ്മരണയുടെ ഫലം. ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ! അതിനാല്‍ സത്വഗുണഫലവും (ജീവന് ദേഹത്തിലുള്ള) ബന്ധനം എന്നു വിളിക്കപ്പെടുന്നു.
ഉണ്ടായിക്കിട്ടുന്ന അറിവിന്റെ ആഹ്ലാദത്തില്‍ മറ്റെല്ലാം മറക്കുന്ന ശാസ്ത്രകാരനും സാധ്യമായി ഭവിക്കുന്ന സൗന്ദര്യാവിഷ്‌കാരത്തില്‍ അഭിരമിച്ച് സ്വയം വിസ്മരിക്കുന്ന കലാകാരനും ഈ ബന്ധനത്തില്‍ അകപ്പെടുന്നു. (ധര്‍മത്തിന് വിരുദ്ധമല്ലാത്ത) സ്വാഭാവികമായ ഇണചേരല്‍ മറ്റൊരു ഉദാഹരണം. ഇതെല്ലാം, മുന്നനുഭവത്തിന്റെ വെളിച്ചത്തില്‍ പോസിറ്റീവ് പ്ലഷര്‍ കണ്ടീഷനിങ്ങിന് വഴിയൊരുക്കുന്നു.
(തുടരും)
