
ഗീതാദര്‍ശനം - 493
Posted on: 07 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
വിശ്വപ്രാണന്‍ മുതല്‍ പ്രകൃതി സ്പന്ദിക്കാന്‍ തുടങ്ങുന്നത് അഹംബോധത്തോടെയാണ്. സ്പന്ദത്തിലെ ഗുണങ്ങളുടെ മൊത്തം നീക്കിബാക്കിയാണ് അതിന്റെ അഹംബോധത്തിന്റെ കാതല്‍. ഇതാണ് സ്പന്ദങ്ങളില്‍ കൂട്ടായ്മകളും അടുത്തുകൂടായ്മകളും ഉടലെടുക്കാനുള്ള പ്രേരണ. ഈ അഹംബോധം ശരീരത്തിലെ അടിസ്ഥാനബലത്തിന് ആവരണമായി ഭവിക്കുന്നു. ഗുണങ്ങളാണ് ദേഹത്തെ വളര്‍ത്തുന്നത്. അതിനാല്‍ ഗുണബന്ധംതന്നെയാണ് പരംപൊരുളിന് ദേഹബന്ധം.
പ്രപഞ്ചപ്രതിഭാസങ്ങളുടെ സമ്പൂര്‍ണവിശകലനം നടത്താന്‍ ഉതകുംവിധം, അനേകം മേഖലകളില്‍ ഗുണത്രയം എങ്ങനെ സംഗതമായി വരുന്നെന്ന് വ്യാസര്‍ ഉദാഹരിച്ചു കാണിക്കുന്നു.
ഗുണത്രയവിഭാഗത്തെ ജാതിവ്യവസ്ഥയുടെ അടിത്തറയാക്കി ദുരുപയോഗം ചെയ്യാന്‍ ഒരു പഴുതും ഗീത തരുന്നില്ല. പക്ഷേ, 'മനുസംഹിത'യുടെ കാലം മുതല്‍ അത്തരം ദൗര്‍ഭാഗ്യകരമായ പ്രമാദം ഇവിടെ സംഭവിച്ചിട്ടുണ്ട്. മനുഷ്യജാതിയില്‍ ആരിലും എപ്പോഴും ഏതു ഗുണവും മുന്നിട്ടു നില്‍ക്കാം, ഏതു വര്‍ണവും സന്നിഹിതമാകാം. അതിന്റെ പേരില്‍ തരംതിരിവോ വലിപ്പച്ചെറുപ്പമോ കല്പിക്കാനാവില്ല. മാത്രമല്ല, സത്വരജസ്തമോഗുണങ്ങളില്‍ ഏതെങ്കിലുമൊന്ന് തത്ത്വത്തില്‍ മറ്റൊന്നിനേക്കാള്‍ ഉത്തമമോ അധമമോ അല്ല. മൂന്നുമുണ്ടെങ്കിലേ പ്രപഞ്ചത്തിന് അസ്തിത്വമുള്ളൂ. ഇവയുടെ സാന്ദര്‍ഭികമായ ഏറ്റക്കുറച്ചില്‍ വ്യക്തിത്വത്തില്‍ സ്വഭാവമാറ്റങ്ങള്‍ ഉളവാക്കുന്നെന്നു മാത്രം.
ഈ സ്വഭാവമാറ്റങ്ങളുടെ തരാതരം നിര്‍ണയിക്കുകയാണ് അടുത്ത മൂന്നു പദ്യങ്ങളില്‍. സത്വഗുണത്തെപ്പറ്റിയാണ് ആദ്യം പറയുന്നത്.
തത്ര സത്വം നിര്‍മലത്വാത്
പ്രകാശകമനാമയം
സുഖസംഗേന ബധ്‌നാതി
ജ്ഞാനസംഗേന ചാനഘ
(തുടരും)
