
ഗീതാദര്‍ശനം - 491
Posted on: 05 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
വസ്തുതകളുടെ നിരീക്ഷണത്തിലൂടെ സംഭവങ്ങളെ സാമാന്യസ്വഭാവമനുസരിച്ച് ഏകീകരിക്കുന്ന രീതി സയന്‍സിന് പരിചയമുള്ളതാണ്. ഈ പ്രക്രിയയെ ലഘൂകരണം എന്നു വിളിക്കുന്നു. പ്രകൃതിയില്‍ കാണപ്പെടുന്ന ബീജാധാനങ്ങളെ എല്ലാം ഒരേ ലോകപിതാവിന്റെയും ലോകമാതാവിന്റെയും കാര്യമായി കാണുന്നത് യുക്തിഭദ്രമാണ്. ഭ്രൂണശാസ്ത്രത്തില്‍ ആദ്യം വരുന്നത്, ആദികാലജീവരൂപങ്ങളില്‍ മാതൃത്വവും പിതൃത്വവും ഒരേ ജീവിയില്‍ത്തന്നെ ഇരിക്കുന്ന കാഴ്ചയാണ്. ദൈ്വതമില്ലാത്ത അര്‍ധനാരീശ്വരസങ്കല്പം പുരാതനമായ ഒന്നാണ്. അച്ഛനും അമ്മയും വെവ്വേറെ ആകുമ്പോഴും, സകലസ്രഷ്ടാവായി ഏകമായ ഉരുവത്തെ വിഭാവനം ചെയ്യാന്‍ പ്രയാസമില്ല.
ജ്ഞാനേശ്വര്‍ മഹാരാജ് പറയുന്നു, ''ഹേ പാണ്ഡുപുത്രാ, ഞാനാണ് എല്ലാറ്റിന്റെയും പിതാവ്. മഹദ്ബ്രഹ്മം അമ്മയാണ്. ദൃശ്യപ്രപഞ്ചം ശിശുവാണ്. പ്രത്യക്ഷങ്ങളായ അനേകം ശരീരരൂപങ്ങള്‍ കണ്ട് നീ ഭ്രമിച്ചുപോകരുത്. ഒരേ ശരീരത്തില്‍ത്തന്നെ പല അവയവങ്ങള്‍ കാണുന്നില്ലേ? എന്നിട്ടും ആ നാനാത്വം കണക്കിലെടുക്കാതെ അതില്‍ ഏകത്വം ദര്‍ശിക്കുന്നില്ലേ? അതുപോലെ എല്ലാറ്റിലുമിരിക്കുന്നത് ഞാനാണ് .... കടലിലേക്കു നോക്കൂ. അമ്മ മക്കളെ എന്നപോലെ എത്രയെത്ര അലകളെയാണ് കടല്‍ നിരന്തരം പ്രസവിച്ചുകൊണ്ടിരിക്കുന്നത്!''
ക്ഷേത്രത്തില്‍ ക്ഷേത്രജ്ഞസാന്നിധ്യത്തിന്റെ ബലതന്ത്രം എന്താണ്?
സത്വം രജസ്തമ ഇതി
ഗുണാഃ പ്രകൃതിസംഭവാഃ
നിബദ്ധന്തി മഹാബാഹോ
ദേഹേ ദേഹിനമവ്യയം
മഹാബാഹുവായ അര്‍ജുനാ, പ്രകൃതിയില്‍നിന്നുളവാകുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ നാശരഹിതനായ ദേഹിയെ ദേഹത്തില്‍ തികച്ചും ബദ്ധനാക്കിത്തീര്‍ക്കുന്നു.
(തുടരും)
