
ഗീതാദര്‍ശനം - 490
Posted on: 04 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയവിഭാഗയോഗം
സര്‍വയോനിഷു കൗന്തേയ
മൂര്‍ത്തയഃ സംഭവന്തി യാഃ
താസാം ബ്രഹ്മ മഹദ്‌യോനിഃ
അഹം ബീജപ്രദഃ പിതാ
ഹേ കുന്തീപുത്രാ, (പ്രപഞ്ചത്തില്‍) ഏതേതെല്ലാം ഉത്ഭവസ്ഥാനങ്ങളില്‍നിന്ന് ഏതേതെല്ലാം രൂപങ്ങള്‍ ആവിര്‍ഭവിക്കുന്നുവോ അവയ്‌ക്കൊക്കെ മഹത്തായ ഗര്‍ഭപാത്രം ഏകമായ അക്ഷരബ്രഹ്മമെന്ന മാധ്യമമാണ്. ബീജത്തെ പ്രദാനം ചെയ്യുന്ന പിതാവാകട്ടെ, (അക്ഷരാതീതമെന്ന) ഞാനാണ്.
അക്ഷരമാധ്യമത്തില്‍ സ്ഥലകാലങ്ങളുടെ പിറവിക്കു മുമ്പുള്ള സമാവസ്ഥയില്‍ (ഇതിനെയാണ് തങ്ങള്‍ക്ക് കടന്നു ചെല്ലാനാവാത്ത ഇടമായി ഭൗതികശാസ്ത്രജ്ഞര്‍ മാറ്റി നിര്‍ത്തിയിരിക്കുന്നത്) ആദ്യസ്പന്ദത്തിന് ബീജാവാപം നടത്തുന്നതും പരംപൊരുള്‍തന്നെ. (ഏകീകൃതബലത്തെക്കുറിച്ച് അറിഞ്ഞാലേ ഈ അല്ഭുതപ്രക്രിയയുടെ പടിപടിയായ നിര്‍ധാരണം സാധ്യമാകൂ.)
പരംപൊരുള്‍ ആദ്യബീജാവാപത്തോടെ പിന്‍വാങ്ങുകയാണോ എന്ന സംശയത്തിന് മറുപടി തരുന്നു. അല്ല. അത് അതിന്റെ പ്രകൃതിയെന്ന അക്ഷരമാധ്യമത്തില്‍ നിറഞ്ഞു നില്ക്കുന്നു. അളവറ്റ അനുരണനസ്പന്ദങ്ങള്ക്ക് ജന്‍മം നല്‍കുന്നു. ഇവയുടെ പ്രലയത്തിന് എന്നപോലെ ഇവയുടെ കൂട്ടായ്മകള്‍ തുടര്‍ച്ചയായി ഉരുത്തിരിയുന്നതിനും പ്രകൃതി വേദിയൊരുക്കുന്നു. അങ്ങനെ പ്രപഞ്ചസ്പന്ദത്തിന്റെ വിവിധഘട്ടങ്ങളില്‍ ജനിമൃതികള്‍ അനുസ്യൂതം നടക്കുന്നു. എല്ലാ ചരാചരങ്ങളുടെയും ബീജാവാപം തുടര്‍ച്ചയായി നടത്തുന്നത് പരംപൊരുള്‍തന്നെ.
(തുടരും)
