
ഗീതാദര്‍ശനം - 489
Posted on: 03 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
പ്രപഞ്ചത്തിന് ക്ഷരം, അക്ഷരം എന്ന രണ്ട് തട്ടുകളേ ഉള്ളൂ എന്നും ഇതില്‍ ക്ഷരം മുഴുക്കെ മിഥ്യയാണെന്നും കരുതിയാല്‍ പ്രാപഞ്ചികങ്ങളായ ഇന്ദ്രിയമനോബുദ്ധികളൊക്കെ മായയാവും. ജ്ഞാനസമ്പാദനത്തിനുള്ള ഉപാധികള്‍ മായയായാല്‍ പിന്നെ ജ്ഞാനമെങ്ങനെ സാധ്യമാകാന്‍? മാത്രമല്ല, അകമെ ഉള്ള പരംപൊരുളിന്റെ സാന്നിധ്യം ഒന്നൊഴികെ ശേഷം സ്വത്വം മൊത്തമായി തീര്‍ത്തും മിഥ്യയാകുമ്പോള്‍, സ്വത്വമെന്ന മായയില്‍നിന്ന് അതിലെത്തന്നെ മായാതീതത്തിലേക്ക് ഒരു നൂല്‍പ്പാലംപോലും കെട്ടാന്‍ വയ്യാതായിപ്പോകുന്നു. കാരണം, ഗുണാതീതമായ മായാതീതം എപ്പോഴെങ്കിലും എന്തിനെങ്കിലും ഉപാധിയായി ഭവിക്കുമെന്ന് കരുതാനാവില്ലല്ലൊ. ഇതാണ് രാമാനുജാചാര്യരും മധ്വാചാര്യരും ശങ്കരാചാര്യരും തമ്മിലുണ്ടായ അഭിപ്രായഭിന്നതകള്‍ക്ക് കാരണം.
പ്രപഞ്ചത്തിന് യഥാര്‍ഥത്തില്‍ മൂന്ന് തലങ്ങളുണ്ടെന്നും അക്ഷരാതീതത്തിന്റെ ആദ്യഭാവാന്തരമായ അക്ഷരതലം വൈരുധ്യാത്മകമാണെന്നും (അക്ഷര-അക്ഷരാതീത തലങ്ങള്‍ അദൃശ്യങ്ങളുമാണെന്നും) ക്ഷരതലം ഇവയുടെ സംയോഗത്തില്‍നിന്ന് ഉയിര്‍ക്കുന്ന അനുഭവതലമാണെന്നും തിരിച്ചറിഞ്ഞാല്‍ ഇത്തരം പ്രയാസങ്ങള്‍ക്കെല്ലാം പരിഹാരമായി. വേര്‍പിരിവില്ലാതെ അക്ഷരാതീതത്തിന്റെ ഇണയായിരിക്കുന്ന അക്ഷരവും, ഇവ രണ്ടിന്റെയും സന്തതിയായ ദൃശ്യപ്രപഞ്ചവും ഉള്‍പ്പെടെയുള്ള ഒന്നാണ് പൂര്‍ണാല്‍ പൂര്‍ണം എന്നു കാണാന്‍ വിഷമം വരികയുമില്ല.
ഈ ധാരണ നമ്മെ പ്രത്യാശയിലേക്ക് നയിക്കുന്നു. നമ്മുടെ ശരീരമനോബുദ്ധികള്‍ പ്രകൃതിയുടെ മിഥ്യയായ ഉത്പന്നങ്ങളല്ലെന്നും - നമ്മുടെ അസ്തിത്വം മിഥ്യയല്ലെന്നും അത് ഈശ്വരബീജത്തില്‍നിന്ന് ഈശ്വരനിയോഗത്താല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിയിരിക്കയാണെന്നും - വരുന്നല്ലൊ. അപ്പോള്‍ ഈശ്വരനോട് നമുക്കുള്ള അനന്യത്വം വെളിപ്പെടുന്നു. (നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്ന) ബുദ്ധനെയും ('മനുഷ്യപുത്രന്‍' എന്ന് സ്വയമേ വിശേഷിപ്പിച്ചുപോന്ന) യേശുവിനെയും (കാലി മേച്ച് കളിച്ചുവളര്‍ന്ന) കൃഷ്ണനെയുംപോലെ പരിപൂര്‍ണതയിലേക്ക് വികസിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുന്നതെങ്ങനെ എന്ന് വ്യക്തമാവുകയും ചെയ്യുന്നു.
(തുടരും)
