githadharsanam

ഗീതാദര്‍ശനം - 488

Posted on: 01 Apr 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


അല്ലയോ അര്‍ജുനാ, (സ്ഥലകാലാതീതമാകയാല്‍) മഹത്തായ (അക്ഷര)ബ്രഹ്മം (പരാപ്രകൃതി) എന്റെ ഗര്‍ഭാധാനസ്ഥാനമാണ്. അതില്‍ ഞാന്‍ (അക്ഷരാതീതം എന്ന പുരുഷോത്തമന്‍) ബീജം (ആദിസ്​പന്ദചോദന) നിക്ഷേപിക്കുന്നു. അതില്‍നിന്നാണ് ചരാചരസര്‍വസ്വം പിറക്കുന്നത്.

മുന്‍കാലങ്ങളിലെ പഠിതാക്കള്‍ മനസ്സിലാക്കിയതില്‍നിന്ന് അല്പം വ്യത്യസ്തമായി ഈ പ്രസ്താവത്തെ നമുക്കിപ്പോള്‍, സയന്‍സിന്റെ വെളിച്ചത്തില്‍, വിശദീകരിക്കാന്‍ കഴിയും. പ്രകൃതിയും പുരുഷനും (അക്ഷരമാധ്യമവും പുരുഷോത്തമനും) ഒരുപോലെ അനാദിയാണ് എന്ന് നേരത്തെ പറയുകയുണ്ടായി. ഇവയില്‍ ഒന്ന് മിഥ്യയും മറ്റേത് സത്യവും അല്ല, രണ്ടും യാഥാര്‍ഥ്യമാണ്. ഒരു മിടിപ്പില്‍ അടിസ്ഥാന ഊര്‍ജവും ആ ഊര്‍ജം പ്രവര്‍ത്തിക്കുന്ന മാധ്യമവും രണ്ടും ഉണ്ട്. അതു രണ്ടും ചേര്‍ന്ന ഏകകമാണ് അത്. മിടിപ്പിന്റെ സങ്കോചാവസ്ഥയില്‍ അതിലെ ഊര്‍ജം ബീജാവസ്ഥയിലാണ് എന്നേ ഉള്ളൂ.

മഹാമിടിപ്പിന്റെ വികാസം തുടങ്ങുന്നത് സങ്കോചാവസ്ഥയുടെ പാരമ്യത്തില്‍ ഊര്‍ജബീജം വികസ്വരമാകുന്നേരമാണ്. നിര്‍ണായകമാണ് ആ ബീജാവാപം. പിന്നീട്, പ്രപഞ്ചത്തിന്റെ സൃഷ്ടിയും പ്രളയവുമുള്‍പ്പെടെയുള്ള ഒരു ആവൃത്തിയിലെ എല്ലാ പരിണാമങ്ങളും അതിന്റെ തുടര്‍ച്ചയും സന്തതികളുമാണ്. സ്​പന്ദത്തിന്റെ ബീജ ഊര്‍ജത്തില്‍ എല്ലാ രൂപനിര്‍മാണക്ഷേത്രങ്ങളും നിഹിതമാണ് എന്നു പറയാം. അതിനാല്‍ അതിനെ വിശ്വപ്രാണന്‍, സത്വബുദ്ധി, ഹിരണ്യഗര്‍ഭന്‍ എന്നെല്ലാം വിളിക്കുന്നു. 'ഒന്നുമില്ലായ്മ'യില്‍നിന്ന് നേരിട്ട് വ്യക്തമാകുന്ന ആദ്യത്തെ പ്രപഞ്ചാവസ്ഥയാണിത്. സനാതനസത്ത, വിശ്വപ്രാണന്‍, സ്ഥലകാലങ്ങള്‍, ചരാചരങ്ങള്‍ എന്നതാണ് ഉരുവപ്പെടലിന്റെ ക്രമം. പ്രപഞ്ചമിടിപ്പിന്റെ സങ്കോചഘട്ടത്തില്‍ (മഹാപ്രളയവേളയില്‍) ഈ ക്രമം തിരിച്ചാവുന്നു.

പ്രപഞ്ചത്തിന് ക്ഷരം, അക്ഷരം എന്ന രണ്ട് തട്ടുകളേ ഉള്ളൂ എന്നും ഇതില്‍ ക്ഷരം മുഴുക്കെ മിഥ്യയാണെന്നും കരുതിയാല്‍ പ്രാപഞ്ചികങ്ങളായ ഇന്ദ്രിയമനോബുദ്ധികളൊക്കെ മായയാവും. ജ്ഞാനസമ്പാദനത്തിനുള്ള ഉപാധികള്‍ മായയായാല്‍ പിന്നെ ജ്ഞാനമെങ്ങനെ സാധ്യമാകാന്‍? മാത്രമല്ല, അകമേ ഉള്ള പരംപൊരുളിന്റെ സാന്നിധ്യം ഒന്നൊഴികെ ശേഷം സ്വത്വം മൊത്തമായി തീര്‍ത്തും മിഥ്യയാകുമ്പോള്‍, സ്വത്വമെന്ന മായയില്‍നിന്ന് അതിലെത്തന്നെ മായാതീതത്തിലേക്ക് ഒരു നൂല്‍പ്പാലംപോലും കെട്ടാന്‍ വയ്യാതായിപ്പോകുന്നു. കാരണം, ഗുണാതീതമായ മായാതീതം എപ്പോഴെങ്കിലും എന്തിനെങ്കിലും ഉപാധിയായി ഭവിക്കുമെന്ന് കരുതാനാവില്ലല്ലൊ. ഇതാണ് രാമാനുജാചാര്യരും മധ്വാചാര്യരും ശങ്കരാചാര്യരും തമ്മിലുണ്ടായ അഭിപ്രായഭിന്നതകള്‍ക്ക് കാരണം.
(തുടരും)



MathrubhumiMatrimonial