വയനാടന്‍ ചുരത്തിലെ ആകാശക്കാഴ്ച

Posted on: 30 Apr 2010

-സുനില്‍ തിരുവമ്പാടി



വയനാടന്‍ ചുരം യാത്രയില്‍ മതിമറക്കാത്ത സഞ്ചാരിയില്ല. കാടിന്റെ ശീതള ച്ഛായയില്‍ വളഞ്ഞുപുളഞ്ഞ് നീളുന്ന ചുരം റോഡ് പകരുന്ന ആവേശം ചെറുതല്ല. വ്യൂ പോയന്റില്‍ എത്തിയാല്‍ ലഭിക്കുന്ന കാഴ്ച ആകാശത്ത് നിന്ന് ലഭിക്കുന്ന കാഴ്ചയ്ക്ക് തുല്യം.



കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയിലൂടെ വരുന്ന സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി നില്‍ക്കുകയാണ് വയനാട് ചുരം. ചുരത്തിലെ കാഴ്ചകളില്‍ മതിമറക്കുന്ന സഞ്ചാരി ആ പ്രകൃതി ഭംഗി ആസ്വദിച്ച ശേഷമാവും ബാക്കിയാത്ര.

സമുദ്ര നിരപ്പില്‍ നിന്ന് 2,300 അടി ഉയരത്തില്‍ നിന്നുകൊണ്ട് താഴേക്ക് നോക്കുമ്പോള്‍ ലഭിക്കുന്ന വിശാലമായ കാഴ്ചകളാണ് ചുരത്തിലെത്തുന്ന സഞ്ചാരികളെ ആവേശം കൊള്ളിക്കുന്നത്. ഓരോ വളവും കയറുമ്പോഴും മലയുടെ ഉയരത്തിലേക്ക് പോകുകയാണെന്നറിഞ്ഞ് മനം തുള്ളും. ഭീമാകാരമായ കൊക്കകളും പിന്നിട്ട് സാവധാനമുള്ള ചുരം കയറല്‍ സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമാകും.

റോഡ് ഒടിച്ചു മടക്കുന്നതുപോലെയുള്ള ഒമ്പത് മുടിപ്പിന്‍ വളവുകളും അനേകം ചെറുവളവുകളും നിറഞ്ഞ പാതയാണ് വയനാട് ചുരത്തിലേത്. അടിവാരത്തുനിന്ന് കയറാന്‍ തുടങ്ങി അഞ്ചാം മുടിപ്പിന്‍ വളവിലെത്തിയാല്‍ പിന്നെ മുകളിലെത്തുവോളം റോഡിന്റെ ഇരു ഭാഗത്തും നിബിഡവനമാണ്. കാടിന്റെ കുളിര്‍മയും അതിലെ ജൈവ വൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചയും സഞ്ചാരികളെ ത്രസിപ്പിക്കും. കാട്ടുവള്ളികള്‍ തൂങ്ങി നില്‍ക്കുന്ന വന്‍മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാടിന്റെ സ്വാഭാവികമായ വശ്യഭംഗി ചുരത്തിലൂടെ വരുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കും. വേനലില്‍ നീരൊഴുക്കു നിലച്ചെങ്കിലും ചുരത്തിലെ കാട്ടു ചോലകള്‍ ആപ്രകൃതിദൃശ്യങ്ങള്‍ക്ക് ഭംഗി പകരുന്നതാണ്. അതിലെ നീരൊഴുക്കില്‍ കാടിന്റെ തണുപ്പ് തൊട്ടറിയാം.

കാഴ്ചകള്‍ കണ്ട് മുന്നേറി മുകളിലെ ഒമ്പതാം വളവും പിന്നിട്ട് മുമ്പോട്ടു വരുമ്പോള്‍ വ്യൂ പോയന്റ് കാണാം. താഴ്‌വാരക്കാഴ്ചകളിലേക്ക് മിഴി തുറക്കാന്‍ ഇവിടെയാണ് സൗകര്യം. അടിവാരത്തു നിന്നു വളഞ്ഞു പുളഞ്ഞു കയറിവരുന്ന റോഡും അതിലൂടെ ഉറുമ്പ് നടക്കുന്നതാണെന്നു തോന്നിക്കുമ്പോലെ വാഹനങ്ങള്‍ കയറി വരുന്നതും രസകരമായ കാഴ്ചയാണ്.

ദൂരെയുള്ള പട്ടണങ്ങളും കെട്ടിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം നിറഞ്ഞ് മനോഹരമായ കാഴ്ചയാണ് ഇവിടെ ലഭിക്കുക. വൈകുന്നേരമായാല്‍ അറബിക്കടലില്‍ സൂര്യന്‍ താഴുന്ന ഒരസ്തമന ദൃശ്യത്തിന്റെ ദൂരക്കാഴ്ചയും ചേതോഹരമാണ്.

കോഴിക്കോട്ടു നിന്ന് 44 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടിവാരത്തെത്താം. 12 കിലോമീറ്ററാണ് ചുരം റോഡിന്റെ ദൈര്‍ഘ്യം. വയനാട് ജില്ലയുടെ അതിര്‍ത്തിയായ ലക്കിടിയിലേക്കാണ് റോഡ് ചെന്നുചേരുന്നത്. ഇവിടെ നിന്നും വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാം. ചുരത്തില്‍ നിന്ന്അടിവാരത്തെത്തി ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിലെത്താം. ഇവിടെ നിന്ന് 12 കിലോമീറ്റര്‍ കൂടി പോയാല്‍ അരിപ്പാറ വെള്ളച്ചാട്ടവും കണ്ട് മടങ്ങാം.

ടൂറിസം വികസന പദ്ധതി ഫയലില്‍


ചുരത്തിലെ സ്വാഭാവികമായ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള നടപടികളൊന്നും ടൂറിസം വകുപ്പ് സ്വീകരിച്ചിട്ടില്ല. ചുരത്തെ ഒരു 'ടൂറിസം പ്രോഡക്ട്' ആക്കിമാറ്റാന്‍ ലക്ഷ്യമിട്ട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒന്നരവര്‍ഷം മുമ്പ് 65 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ചുരത്തില്‍ ടൂറിസം ഇര്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുടങ്ങും. വ്യൂപോയന്റില്‍ സഞ്ചാരികള്‍ക്ക് നിന്ന് കാഴ്ച കാണാന്‍ പ്രൊജക്ടഡ് പ്ലാറ്റ്‌ഫോം നിര്‍മിക്കുക, സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യമിട്ടത്. മൊത്തം മൂന്ന് വ്യൂപോയന്റുകള്‍ വികസിപ്പിച്ച് സഞ്ചാരികള്‍ക്ക് കാഴ്ച കാണാനുള്ള സൗകര്യമൊരുക്കാന്‍ പദ്ധതി വിഭാവനം ചെയ്തിരുന്നു. പക്ഷേ, ഇതിന്റെ തുടര്‍ നടപടി ഇനിയുമായിട്ടില്ല. ടൂറിസം വകുപ്പിന്റെ ചാര്‍ട്ടുകളിലൊന്നും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമെന്ന നിലയില്‍ ചുരം ഇനിയും ഇടം കണ്ടിട്ടുമില്ല.



MathrubhumiMatrimonial