githadharsanam

ഗീതാദര്‍ശനം - 487

Posted on: 30 Apr 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


അനാദിയും ഗുണരഹിതവുമായ പരംപൊരുളിന് 'ധര്‍മം' ഒന്നും ഇല്ല. ('സര്‍വധര്‍മാന്‍ പരിത്യജ്യ' - 18, 66.) പരംപൊരുളിന്റെ സ്വരൂപവുമായുള്ള ഐക്യപ്പെടലിനെയാണ് സാധര്‍മ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. (''അല്ലയോ പാണ്ഡുപുത്രാ, എന്നെ പ്രാപിക്കുന്നവര്‍ അനിത്യത മറന്ന് നിത്യതയില്‍ പ്രതിഷ്ഠിതരായിത്തീരുന്നു. അവര്‍ അപൂര്‍ണതയെ ഉപേക്ഷിച്ച് എന്റെ പരിപൂര്‍ണതയില്‍ ഭാഗഭാക്കുകളായി ഭവിക്കുന്നു.'' - ജ്ഞാനേശ്വരി.)

രണ്ടു സംഗതികള്‍ക്ക് ഈ ശ്‌ളോകം അടിവരയിടുന്നുണ്ട്. ഒന്ന്, പരംപൊരുളുമായുള്ള സാരൂപ്യമെന്നാല്‍ പ്രപഞ്ചവേദിയില്‍നിന്ന് നിഷ്‌ക്രമിക്കലല്ല. കാരണം, പരംപൊരുള്‍ ഈ പ്രപഞ്ചത്തിന് ആധാരമായും ഭര്‍ത്താവായുമാണ് ഇരിക്കുന്നത്. എല്ലാം മുറപോലെ നടക്കുന്നതില്‍ നിറഞ്ഞുനില്‍ക്കെത്തന്നെയാണ് അതിന്റെ ധര്‍മരാഹിത്യം. ആ തരം ധര്‍മരാഹിത്യത്തോടാണ്, അഥവാ, ധര്‍മത്തോടാണ് സാരൂപ്യം. രണ്ട്, സിദ്ധി എന്ന മുന്‍ ശ്‌ളോകത്തിലെ വാക്കിനെപ്പറ്റി അബദ്ധധാരണ ഇല്ലാതിരിക്കാന്‍കൂടിയാണ് ഈ സാധര്‍മ്യം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പറഞ്ഞ സാക്ഷാത്കാരം എന്നത് നാടകീയമായ ഒരു വെളിപാടോ അപൂര്‍വമായ കഴിവുകള്‍ നേടലോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കലോ അല്ല. (തന്റെ ഗുരു ഒരു മഹാജ്യോതിസ്സായി മാറി അതില്‍ സ്വന്തം ശരീരത്തെ അലിയിച്ചുകളഞ്ഞു എന്നും പുഷ്പകത്തില്‍ കയറി വിഷ്ണുലോകം പൂകി എന്നും മറ്റും അത്യുല്‍സാഹികളായ ശിഷ്യന്‍മാര്‍ കഥകള്‍ പറയാറുണ്ടല്ലൊ. ഇത്തരം കെട്ടുകഥകള്‍ക്ക് അന്നും പ്രചാരമുണ്ടായിരുന്നിരിക്കാം.)

പരംപൊരുളില്‍നിന്ന് നാമുള്‍പ്പെടെ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കുന്നു.

മമ യോനിര്‍മഹദ്ബ്രഹ്മ
തസ്മിന്‍ ഗര്‍ഭം ദധാമ്യഹം
സംഭവഃ സര്‍വഭൂതാനാം
തതോ ഭവതി ഭാരത

(തുടരും)




MathrubhumiMatrimonial