
ഗീതാദര്‍ശനം - 486
Posted on: 29 Apr 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
മരണാനന്തരമുള്ള സിദ്ധിയെക്കുറിച്ചല്ല, ജീവിച്ചിരിക്കെത്തന്നെയുള്ള നേട്ടത്തെപ്പറ്റിയാണ്, ഇവിടെ പറയുന്നത്. ആത്യന്തികമായതിനെ സാക്ഷാത്കരിക്കാനുതകുന്ന അറിവാണ് അറിവുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമെന്നതില്‍ തര്‍ക്കത്തിനിടമില്ല. എങ്ങും വ്യാപിച്ചിരിക്കുന്ന പുരുഷനില്‍ പ്രകൃതിയുടെ ആവിര്‍ഭാവമാണ് ഏകമായ സത്യത്തെ മറച്ച് പലതിന്റെ കാഴ്ചയുളവാക്കി ഭ്രമിപ്പിക്കുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളെ ഉരുത്തിരിച്ചതില്‍പ്പിന്നെ അവയെ പല അളവില്‍ ചാര്‍ച്ചപ്പെടുത്തിയാണ് പ്രകൃതി പ്രപഞ്ചത്തെ ഉണ്ടാക്കുന്നത്. ഗുണങ്ങളുടെ ലക്ഷണങ്ങള്‍, ഗുണഘടനയുടെ പരിണാമഭേദങ്ങള്‍, ഗുണാതീതസ്ഥിതി എന്നിവ എന്തെന്നറിഞ്ഞാല്‍ ത്രിഗുണാത്മികയായ പ്രകൃതിയുടെ മറനീക്കി യഥാര്‍ഥ വസ്തുസ്ഥിതി ധരിക്കാം. അതിന്റെ ഫലശ്രുതിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു.
ഇദം ജ്ഞാനമുപാശ്രിത്യ
മമ സാധര്‍മ്യമാഗതാഃ
സര്‍ഗേശപി നോപജായന്തേ
പ്രലയേ ന വ്യഥന്തി ച
(അറിവുകളില്‍ സര്‍വശ്രേഷ്ഠമായ) ഇപ്രകാരമുള്ള അറിവ് അഭ്യസിച്ചനുഭവപ്പെടുത്തി എന്റെ സ്വരൂപത്തെ പ്രാപിച്ചവര്‍, പ്രകൃതിപ്രവര്‍ത്തനമായ സൃഷ്ടി നടന്നുകൊണ്ടിരിക്കുമ്പോള്‍ ജനിക്കുന്നതായി (താന്‍ പുതുതായുണ്ടാകുന്നതായി) ഭ്രമിക്കുന്നില്ല, പ്രകൃതിയുടെ മറ്റൊരു പ്രവര്‍ത്തനമായ പ്രളയം നടക്കുമ്പോള്‍ (താന്‍ ഇല്ലാതാകുന്നതായി ഭ്രമിച്ച്) ദുഃഖിക്കുന്നുമില്ല.
സ്വരൂപാനുഭവം ഉറച്ചാല്‍ പിന്നെ ഏതൊരാള്‍ക്കും ജനനമരണങ്ങള്‍ തന്നില്‍ പ്രകൃതിയുടെ ആവിര്‍ഭാവ തിരോഭാവങ്ങള്‍ മാത്രം. കാരണം, സ്വരൂപത്തെ അനുഭവിച്ച ഒരുവന് തന്റെ ആ ഉണ്മയില്‍ ഇതുകൊണ്ടൊന്നും അണുപോലും കൂടുതലോ കുറവോ വരുന്നില്ല.
(തുടരും)
