
ഗീതാദര്‍ശനം - 485
Posted on: 28 Apr 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
ഭൗതികവും മനഃശാസ്ത്രവും ജീവശ്ശാസ്ത്രവും എല്ലാം ഗീതയുടെ കാഴ്ചപ്പാടില്‍ വിശാലമായ പ്രപഞ്ചവിജ്ഞാനീയത്തിന്റെ കൈവഴികളാണ്. ബലങ്ങളെയെന്നപോലെ ഗീത അറിവുകളെയും ഏകീകരിക്കുന്നു. (മനഃശാസ്ത്രത്തെ ജീവശ്ശാസ്ത്രത്തിലും ആ ജീവശ്ശാസ്ത്രത്തെ രസതന്ത്രത്തിലും ആ രസതന്ത്രത്തെ ഭൗതികത്തിലും ലയിപ്പിച്ചുകാണാന്‍ ഇപ്പോഴേ സയന്‍സിന് കഴിഞ്ഞിട്ടുണ്ട്. ഇനി, ഈ ഭൗതികത്തെ പ്രപഞ്ചവിജ്ഞാനീയത്തില്‍ ലയിപ്പിച്ചാല്‍ മോഡേണ്‍ സയന്‍സും അദൈ്വതവും ഒരേ വിതാനത്തിലായി.)
ഓരോ അവസരത്തിലും നമ്മെ ഭരിക്കുന്ന ഏറ്റവും ശക്തമായ 'വികാരം' ഏതെന്നും അതെങ്ങനെ ഉണ്ടാകുന്നെന്നും അതിനെ കൈകാര്യം ചെയ്യേണ്ടത് എവ്വിധമെന്നും ഈ അധ്യായം നമ്മെ പഠിപ്പിക്കുന്നു. ഈ അറിവിനെ സ്വീകരിക്കാതെയും അവഗണിച്ചും പോയാലുള്ള 'തലവിധി' മഹാസങ്കടങ്ങളാണ്. പ്രകൃതിയിലെ ഗുണങ്ങളെക്കുറിച്ചുള്ള അറിവ് നിര്‍ണായകമാണെന്നു സാരം.
ശ്രീഭഗവാനുവാച:
പരം ഭൂയഃ പ്രവക്ഷ്യാമി
ജ്ഞാനാനാം ജ്ഞാനമുത്തമം
യജ്ഞാത്വാ മുനയഃ സര്‍വേ
പരാം സിദ്ധിമിതോ ഗതാഃ
ശ്രീഭഗവാന്‍ പറഞ്ഞു:
യാതൊന്നറിഞ്ഞ് വിചാരശീലന്മാരെല്ലാം ഉത്കൃഷ്ടമായ സിദ്ധിയെ പ്രാപിച്ചുവോ, എല്ലാ അറിവുകളിലും വെച്ച് ശ്രേഷ്ഠവും പരമവുമായ ആ അറിവ് ഇനിയും ഞാന്‍ തെളിച്ചു പറഞ്ഞുതരാം.
ഈ അറിവില്‍ അടിയുറയ്ക്കണം, വീണ്ടും വീണ്ടും കേട്ടാലേ ഉറയ്ക്കൂ, എന്നാണ് ഈ മുഖവുരയിലെ ധ്വനി. പ്രപഞ്ചത്തെക്കുറിച്ച് പലവിധ അറിവുകളുമുള്ളതില്‍ ഈ അറിവ് പരമോത്കൃഷ്ടമാണ്. എന്തുകൊണ്ടെന്നാല്‍, ഇതിന്റെ വെളിച്ചത്തിലാണ് ഇക്കാലംവരെയുള്ള എല്ലാ സത്യാന്വേഷികളും ആത്മസാരൂപ്യം പ്രാപിച്ച് കൃതാര്‍ഥരായത്. (''യജ്ഞാദി ജ്ഞേയവസ്തുവിശേഷങ്ങള്‍ മോക്ഷഹേതുവായി ഭവിക്കുന്നില്ല. എന്നാല്‍ ഈ ജ്ഞാനം മോക്ഷഹേതുവായി ഭവിക്കുന്നു'' - ആചാര്യസ്വാമികള്‍.) 'മുനയഃ' എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്, ഇതൊക്കെ കേട്ടാല്‍ മാത്രം പോരാ, ഫലിക്കണമെങ്കില്‍ മനനം ചെയ്യുകതന്നെ വേണം എന്നാണ്. 'പര' എന്ന വിശേഷണം സിദ്ധിപദത്തിനുള്ളതിനാല്‍ മോക്ഷത്തെയാണ് ഉദ്ദേശിക്കുന്നതെന്നും
വ്യക്തം.
(തുടരും)
