ബാണാസുരസാഗര്‍-മലനിരകളുടെ കണ്ണാടി

Posted on: 26 Apr 2010

-കെ.കെ. രമേഷ്‌കുമാര്‍



ചെറുദ്വീപുകളും കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന കുന്നുകളും ഗിരിശൃംഗങ്ങളും ബാണാസുരസാഗറിന്റെ വശ്യത വര്‍ധിപ്പിക്കുന്നു


വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ ഈ വിനോദകേന്ദ്രത്തിലെ ആരവങ്ങള്‍ അടങ്ങുന്നില്ല. മലനിരകള്‍ക്ക് അഭിമുഖമായുള്ള അണക്കെട്ടിന്റെ തീരത്ത് സഞ്ചാരികളുടെ നീണ്ട നിരകള്‍ പതിവായിരിക്കുകയാണ്.

ഓളപ്പരപ്പുകളും ചെറുദ്വീപുകളും കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിനില്ക്കുന്ന കുന്നുകളും തേക്കടിക്ക് സമാനമായ വയനാടന്‍ ചിത്രങ്ങളാണ് വരയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാമിനു മുകളില്‍നിന്നുള്ള വിദൂരക്കാഴ്ചകള്‍ ആരുടെയും മനം കുളിര്‍പ്പിക്കും. ഹൈഡല്‍ ടൂറിസം നടപ്പാക്കിയതു മുതലാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. വൈദ്യുതിബോര്‍ഡാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

കുന്നുകളെ ചുറ്റി കണ്ണെത്താദൂരത്തേക്ക് കണ്ണാടിപോലെ ജലം കാറ്റിലുലയുമ്പോള്‍ ബാണാസുരസാഗറിനു കാന്തികൂടുന്നു. ചോലവനങ്ങളും കാട്ടരുവികളും ഏറെയുള്ള പശ്ചിമഘട്ടത്തിന്റെ കാല്‍ക്കലാണ് ഈ വിനോദകേന്ദ്രം. ജലവിനോദകേന്ദ്രമെന്ന നിലയില്‍ ആഭ്യന്തര സഞ്ചാരികള്‍ക്കും മറുനാട്ടുകാര്‍ക്കും ഒരുപോലെ ബാണാസുരസാഗര്‍ പ്രിയപ്പെട്ടതാകുന്നു. മഴക്കാലത്തും വേനലിലും ഒരുപോലെ ഇവിടെ സഞ്ചാരികള്‍ എത്തുന്നു. വന്യജീവികള്‍ സൈ്വരവിഹാരം നടത്തുന്ന താഴ്‌വാരങ്ങളായി പരിണമിക്കുകയാണ് ഈ വിനോദകേന്ദ്രം.

കഴുത്തിനൊപ്പം മുങ്ങിനില്ക്കുന്ന കുന്നിനു മുകളില്‍ ഹെറിറ്റേജ് ഹട്ടുകള്‍ നിര്‍മിക്കാനും തുരുത്തുകളിലേക്ക് റോപ് വേ സൗകര്യം ഏര്‍പ്പെടുത്താനും ഹൈഡല്‍ ടൂറിസം തയ്യാറായിട്ടുണ്ട്. 122 കോടി രൂപയുടെ വികസന പദ്ധതികള്‍ താമസിയാതെ ഇവിടെയെത്തും.

സാഹസിക സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ബാണാസുര മലനിരകള്‍. അണക്കെട്ടിനോടു ചേര്‍ന്നുള്ള ചെങ്കുത്തായ മലകള്‍ സാഹസികരെ വെല്ലുവിളിക്കും. പാറക്കെട്ടുകള്‍ താണ്ടി മലയുടെ നെറുകയിലെത്താന്‍ നിരവധി സംഘങ്ങള്‍ ഇവിടെയെത്താറുണ്ട്. ഉയരത്തിലെത്തുന്നതോടെ വയനാടിന്റെയും താഴെ നാടുകളുടെയും വിദൂരക്കാഴ്ചകള്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും.

പരിസ്ഥിതിപഠനത്തിനെത്തുന്നവര്‍ക്ക് ഈ മലനിരകള്‍ നിധിയാണ്. നീലഗിരി ബയോസ്ഫിയറില്‍ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറ കൂടിയാണിത്. കര്‍ണാടകയില്‍നിന്നും
മറ്റും ഒട്ടേറെപ്പേര്‍ ഇതിനായി മാത്രം ഇവിടെയത്തുന്നു.

ബാണാസുര സാഗറിലേക്കുള്ള വഴികള്‍ : കല്പറ്റയില്‍നിന്നു കാവുംമന്ദം, പടിഞ്ഞാറത്തറ വഴി 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവര്‍ക്ക് വൈത്തിരിയില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് 16 കിലോമീറ്റര്‍ മുന്നോട്ടുവന്നാല്‍ അണക്കെട്ടിലെത്താന്‍ കഴിയും. മാനന്തവാടി-ബാണാസുരസാഗര്‍ ദൂരം 34 കിലോമീറ്ററാണ്. കുറ്റിയാടി ചുരം പിന്നിടുന്നവര്‍ക്ക് തരുവണ, പുതുശ്ശേരിക്കടവ് വഴിയും വെള്ളമുണ്ട എട്ടേനാല്, മൊതക്കര, വാരാമ്പറ്റ വഴിയും ബാണാസുരസാഗറില്‍ എളുപ്പമെത്താം.

ബത്തേരിയില്‍നിന്നു 41 കിലോമീറ്റര്‍ യാത്രചെയ്യണം. മാനന്തവാടി-കല്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറയെ ബന്ധിപ്പിച്ച് ഓരോ പതിനഞ്ചു മിനിറ്റിലും ബസ് സര്‍വീസുണ്ട്. പടിഞ്ഞാറത്തറയില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലത്തിലാണ് ഈ ജലാശയം. കുറ്റിയാടി വൈദ്യുതി പദ്ധതിക്ക് ഊര്‍ജം പകരുകയാണ് പ്രവര്‍ത്തനലക്ഷ്യം.

സ്​പീഡ് ബോട്ടുകളും പെഡല്‍ ബോട്ടുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അഞ്ചുപേര്‍ക്ക് കയറാവുന്ന സ്​പീഡ് ബോട്ടിന് ആളൊന്നിന് 50 രൂപ നല്കണം. 15 മിനിറ്റ് സമയം ഏഴുകിലോമീറ്ററോളം ഇവ ഓളപ്പരപ്പുകളില്‍ തെന്നിപ്പായും. 10 രൂപയാണ് പ്രവേശന ഫീസ്.

താമസ സൗകര്യം : കല്പറ്റ, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ ലോഡ്ജുകളും റിസോര്‍ട്ടുകളും ഗസ്റ്റ്ഹൗസുകളുമുണ്ട്. ബാണാസുരസാഗറില്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവും സഞ്ചാരികള്‍ക്ക് തങ്ങാന്‍ ലഭിക്കും. ഫോണ്‍: 04936 273449. ബാണാസുര ഹില്‍ റിസോര്‍ട്ട്: 9447133531. ഹോം സ്റ്റേ ഇന്‍ മൗണ്ട് കോട്ടേജ്: 04936 203512. മൗണ്ടയിന്‍ വ്യൂ: 9495338008.



MathrubhumiMatrimonial