goodnews head

ആശങ്കകള്‍ക്കിടയിലും സ്നേഹത്തിന്റെ തൂവല്‍ സ്‌പര്‍ശവുമായി...

Posted on: 28 Apr 2008


മാനന്തവാടി: ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുമ്പോഴും ആശങ്കകള്‍ ഒട്ടും അറിയിക്കാതെ പ്രതിശ്രുതവധു ലിനറ്റ് മേരിക്ക് സ്നേഹത്തിന്റെ തൂവല്‍ സ്​പര്‍ശമേകുകയാണ് ജോണ്‍സണ്‍.

പതിനൊന്നുപേരുടെ ജീവന്‍ കവര്‍ന്നെടുത്ത പനമരം ബസ്സപകടത്തിലാണ് ലിനറ്റ് മേരിക്ക് സാധാരണ ജീവിതം നഷ്ടമായത്. മിനിബസ് മരക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയായിരുന്നു പള്ളിക്കുന്ന് വെള്ളച്ചി മൂല ലിനറ്റ് മേരിക്ക് നട്ടെല്ലിന് പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടത്.

ദ്വാരക ലിറ്റില്‍ ഫ്‌ളവര്‍ ഐ.ടി.സി. വിദ്യാര്‍ഥിനിയായിരുന്ന ഈ യുവതിയുടെ വിവാഹം നിശ്ചയിച്ചതിനു ശേഷമായിരുന്നു അപകടം. എന്നാല്‍ ലിനറ്റിനെ കൈയൊഴിയാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള തീവ്രയത്‌നനത്തിലാണ് ജോണ്‍സണ്‍. വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ജീവനക്കാരനായ ഇദ്ദേഹമാണ് നാലുവര്‍ഷമായി പരസഹായമില്ലാതെ അനങ്ങാന്‍ കഴിയാത്ത ലിനറ്റിനെ പരിചരിച്ചുകൊണ്ടിരിക്കുന്നത്. ചികിത്സയും ജോണ്‍സണ്‍ തന്നെയാണ് നടത്തുന്നത്.

കോഴിക്കോട് , കോട്ടയം ജില്ലയിലെ ആസ്​പത്രികളിലായിരുന്നു ചികിത്സ. അതിനുമാത്രം ഇതിനകം ഒമ്പതുലക്ഷത്തിലധികം രൂപയാണ് ചെലവായത്. ഇനിയെങ്ങനെ ചികിത്സ തുടരുമെന്ന ചോദ്യത്തിനൊന്നും ജോണ്‍സന് ഉത്തരമില്ല. ചികിത്സാ ചെലവിന് എടുത്ത മൂന്നുലക്ഷത്തിന്റെ വായ്പയിനത്തില്‍ വേതനം പകുതിയോളം പോകുന്നു. ശേഷിച്ച തുകകൊണ്ടാണ് ചികിത്സയും ദൈനംദിന ചെലവുകളും ജോണ്‍സണ്‍ വഹിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ലിനറ്റിന്റെ വീട്ടുകാര്‍ നിസ്സഹായരാണ്. 'ലിനറ്റിന് എഴുന്നേറ്റ് നടക്കാന്‍ കഴിയും. കപ്പില്‍ കാപ്പിയുമായി ലിനറ്റ് അരികിലെത്തും. അതുകഴിഞ്ഞ് നിശ്ചയിച്ച ഞങ്ങളുടെ വിവാഹം ദൈവം നടത്തിത്തരും.' ജോണ്‍സണിന്റെ ദൃഢനിശ്ചയം കലര്‍ന്ന വാക്കുകള്‍ ലിനറ്റിനേകുന്ന ആത്മവിശ്വാസം ചെറുതല്ല. ''സാധാരണ ജീവിതം എനിക്കും സാധ്യമാകും. അതിനായി പ്രാര്‍ഥിക്കാന്‍ മറക്കരുത്''. വന്നു കാണുന്നവരോടെല്ലാം ലിനറ്റ് സ്നേഹത്തോടെ അപേക്ഷിക്കും.

പഴയതിലും ഒരുപാട് മാറിയിരിക്കുകയാണ് ലിനറ്റിപ്പോള്‍. ബൈബിള്‍ തുറന്നുവെച്ച് തനിയെ പ്രാര്‍ഥിക്കും. കൈയ്ക്ക് നല്ല ചലനശേഷിയായിട്ടുണ്ട്. കമ്പ്യൂട്ടര്‍ പഠിച്ച ലിനറ്റ് മേരിക്ക് സ്വന്തമായി കമ്പ്യൂട്ടര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന സ്വകാര്യമായ മോഹം കൂടിയുണ്ട്. തലപ്പുഴ ചുങ്കത്ത് വാടക ക്വാട്ടേഴ്‌സിലാണ് ഇപ്പോള്‍ ലിനറ്റ് മേരിയും ജോണ്‍സണും താമസിക്കുന്നത്. മൂന്നുനേരവും ഭക്ഷണമുണ്ടാക്കി ഒരു കുഞ്ഞിനെയെന്നപോലെ ജോലിത്തിരക്കുകള്‍ക്കിടയിലും പരിപാലിക്കുകയാണ് ജോണ്‍സണ്‍.

 

 




MathrubhumiMatrimonial