
വെടിക്കെട്ടിനെ കൂസാത്ത കൊമ്പന്മാര്‍
Posted on: 24 Apr 2010

രാത്രി, മാനം മുഴുവന്‍ കരിമരുന്നിന്റെ ഉഗ്രശബ്ദം കത്തിപ്പടരുമ്പോള്‍ സ്വരാജ് റൗണ്ടിലെ രണ്ടു പന്തലുകളില്‍ തുമ്പിയാട്ടി ചെവിയാട്ടി നില്‍പ്പുണ്ടാവും രണ്ടു ഗജവീരന്മാര്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തൃപ്രയാര്‍ രാമചന്ദ്രനും കാട്ടൂര്‍ കോഴിപ്പറമ്പില്‍ ശങ്കരനാരാണയന്റെ കോഴിപ്പറമ്പില്‍ അയ്യപ്പനും പുലര്‍ച്ചെ വെടിക്കെട്ടിന്റെ സാക്ഷികളാണ്.
പാറമേക്കാവ് ഭഗവതി മണികണ്ഠനാല്‍ പന്തലിലും തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലിലും വെടിക്കെട്ടിനു സാക്ഷ്യം വഹിക്കുന്നുവെന്നാണ് സങ്കല്പം. പുലര്‍ച്ചെ രണ്ടര മുതല്‍ ഏഴുവരെ ഈ പന്തലുകളില്‍ കോലമേന്തി ഓരോ ആനകള്‍ നില്‍കും. വര്‍ഷങ്ങളായി തിരുവമ്പാടിക്കുവേണ്ടി കോഴിപ്പറമ്പ് അയ്യപ്പനും പാറമേക്കാവിനുവേണ്ടി തൃപ്രയാര്‍ രാമചന്ദ്രനുമാണ് രാത്രിയില്‍ പന്തലില്‍ നില്‍ക്കുന്നത്.
എന്തുകൊണ്ട് ഇവരെ മാത്രം നിര്‍ത്തുന്നു? എല്ലാ ആനകള്‍ക്കും പറ്റിയ പണിയല്ല അത്. ചങ്കുറപ്പ് വേണം. മുമ്പില്‍ എന്തെല്ലാം ശബ്ദം കേട്ടാലും അക്ഷോഭ്യരായി നില്‍ക്കുന്ന വിരലിലെണ്ണാവുന്ന ആനകളേ ഉള്ളൂ. അവരില്‍ പ്രധാനികളാണ് രാമചന്ദ്രനും അയ്യപ്പനും. വെടിക്കെട്ടു തീരംവരെ ഇടയ്ക്ക് ഓരോ പനമ്പട്ടയും തിന്ന് അവരങ്ങനെ നില്‍ക്കും. പുലര്‍ച്ചെ എഴുന്നെള്ളിക്കുന്ന ആനയെത്തി കോലമേറ്റുവാങ്ങിയാല്‍ ഇവര്‍ക്കു പിന്നെ വിശ്രമം.
ഒന്‍പതര അടിയോളം ഉയരമുള്ള സുന്ദരനായ നാടന്‍ ആനയാണ് തൃപ്രയാര്‍ രാമചന്ദ്രന്‍. കോടനാട്ടു നിന്ന് കൊണ്ടുവന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയതാണ്. വീണ്ടെടുത്ത കൊമ്പ്, പിരിവില്ലാത്ത വാല്, മികച്ച തലക്കുന്നി നിലത്തിഴയുന്ന തുമ്പി.
പാറമേക്കാവിനുവേണ്ടി 23 കൊല്ലം പന്തലില്‍നിന്നു. ഇടയ്ക്കുള്ള ചില വര്‍ഷങ്ങളില്‍ പാറമേക്കാവ് രാജേന്ദ്രനും നാരായണനും നിന്നിട്ടുണ്ട്. തുടര്‍ച്ചയായുള്ള കണക്കു നോക്കിയാല്‍ 15 വര്‍ഷം അടുപ്പിച്ച് മണികണ്ഠനാല്‍ പന്തലില്‍ രാമചന്ദ്രനാണ് കോലമേന്തി നില്‍ക്കുന്നത്. മുമ്പ് മഴുവന്നൂര്‍ വാര്യരുടെ വേണുഗോപാലന്‍ എന്ന ആനയെയാണ് നിര്‍ത്താറ്.ഉയരത്തില്‍ അല്പം കുറവുണ്ടെങ്കിലും നല്ല ചന്തമുള്ള നാടന്‍ ആനയാണ് കോഴിപ്പറമ്പില്‍ അയ്യപ്പന്‍ ആരോടും അലോഗ്യമില്ല. 15 വര്‍ഷമായി തിരുവമ്പാടിയുടെ നായ്ക്കനാല്‍ പന്തലില്‍ കോലമേന്തി നില്‍ക്കുന്നു. മുമ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വലിയ ചന്ദ്രശേഖരന്‍, ഗോപാലന്‍, എന്നീ ആനകളെയാണ് നിര്‍ത്തിയിരുന്നത്. ആ ആനകള്‍ രണ്ടും ചെരിഞ്ഞു. ഒരുവര്‍ഷം ഡേവീസിന്റെ കുട്ടിശങ്കനും നിന്നു.
ആറു വര്‍ഷം മുമ്പ് തിരുവമ്പാടി ഉണ്ണികൃഷ്ണനെ പന്തലില്‍ നിര്‍ത്തി. വെടിക്കെട്ടിലെ കൂട്ടുപ്പൊരിച്ചില്‍ തുടങ്ങിയപ്പോഴേക്കും ആന അസ്വസ്ഥനാകാന്‍ തുടങ്ങി. എങ്കിലും നിയന്ത്രിച്ചു നിര്‍ത്താനായി.
നായ്ക്കനാലില്‍ രാത്രിയിലെ പഞ്ചവാദ്യം അവസാനിച്ചു കഴിഞ്ഞാണ് പന്തലിലെ ആനയ്ക്ക് കോലം കൈമാറുക. ഒരിക്കല്‍ കോലം കൈമാറാന്‍ അഞ്ചുമിനിട്ടു വൈകി. ആ സമയത്ത് വെടിക്കെട്ടു തുടങ്ങി. കോലവുമായെത്തിയ കുട്ടികൃഷ്ണനാന എ.ആര്‍. മേനോന്‍ റോഡു വഴി ഒരു കിലോ മീറ്ററോളം ഓടി.
അനില്‍ ബാലകൃഷ്ണന്‍
