githadharsanam

ഗീതാദര്‍ശനം - 480

Posted on: 22 Apr 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


സര്‍വാധാരമായ ഒരേ ഒരു നിത്യവസ്തു ഈ മഹാപ്രപഞ്ചത്തെ തനിച്ചെങ്ങനെ സമ്യക്കായി പ്രകാശിപ്പിക്കുന്നു? എന്താണ് ഈ കൗശലത്തിന്റെ സ്വഭാവം?

യഥാ പ്രകാശയത്യേകഃ
കൃത്സ്‌നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്‌നം
പ്രകാശയതി ഭാരത

ഭരതവംശജനായ ഹേ അര്‍ജുനാ, സൂര്യന്‍ ഒറ്റയ്ക്ക് ഈ ലോകത്തെ മുഴുവന്‍ എപ്രകാരം പ്രകാശിപ്പിക്കുന്നുവോ അതുപോലെ ക്ഷേത്രജ്ഞനായ പരമാത്മാവ് സമ്പൂര്‍ണജഗത്തിനെയും പ്രകാശിപ്പിക്കുന്നു.

പരമാത്മാവിന്റെ ഏതാനും പ്രത്യേകതകള്‍ കാണിക്കാനാണ് ഈ ഉപമ. ഒന്ന്, കര്‍മസംഗമില്ലായ്മ. സൗരമണ്ഡലത്തെ അപ്പാടെ ഒരേ ഒരു സൂര്യന്‍ പ്രകാശിപ്പിക്കുന്നു. സൂര്യന് പക്ഷേ, ഈ ജോലിയില്‍ കര്‍ത്തൃത്വബോധമൊന്നുമില്ല, അതിന്റെ ഫലത്തില്‍ താത്പര്യവുമില്ല. തന്റെ പ്രകാശം പുണ്യത്തിനോ പാപത്തിനോ ഉതകുന്നതെന്ന വിലയിരുത്തലൊന്നും സൂര്യന്‍ നടത്തുന്നില്ല. 'സ്വഭാവേന പ്രവര്‍ത്തതേ'. രണ്ട്, മൊത്തം മഹാപ്രപഞ്ചത്തില്‍ കാണപ്പെടുന്ന എല്ലാ പ്രതിഭാസങ്ങളും ആദിസ്​പന്ദബീജമായ ഏകീകൃതബലത്തിന്റെ പ്രഭാവങ്ങളാണ്. വിശ്വവ്യാപിയായ ആ 'കാണാസൂര്യന്‍' നേരിട്ട് ഒന്നും ചെയ്യുന്നില്ല, ഒന്നിനാലും കളങ്കപ്പെടുന്നില്ല, ഒരു തരത്തിലും തേമാനവിധേയമാകുന്നുമില്ല. (ഊര്‍ജസ്ഥിരതാനിയമം നോക്കുക. പ്രപഞ്ചത്തിലെ മൊത്തം ഊര്‍ജം സ്ഥിരമാണ്.) മൂന്ന്, പുരുഷന്‍ നടത്തുന്ന പ്രകാശപ്രസാരണം പല തലങ്ങളിലൂടെ രൂപാന്തരപ്പെടുന്നുണ്ട്. സൂര്യതാപംതന്നെ ചന്ദ്രപ്രകാശം മുതല്‍ ഫോസില്‍ ഫ്യുവല്‍ വരെ പലതായും പരിണമിക്കുന്നുണ്ടല്ലോ. വൈരുധ്യാത്മകതയായി പ്രകൃതിയില്‍ ബീജാവാപം ചെയ്യപ്പെടുന്ന ഊര്‍ജം അനന്തകോടി ബലദ്വന്ദ്വങ്ങളായാണ് പെറ്റു പെരുകുന്നത്.

(തുടരും)



MathrubhumiMatrimonial