
പൂരത്തിന്റെ പീലിക്കണ്ണുകള്‍
Posted on: 21 Apr 2010

എന്തെല്ലാം മാറ്റങ്ങളാണ് ചമയങ്ങളില്‍ വരുന്നത്. പുതുമയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ആലവട്ടങ്ങളില്‍ ഇക്കുറി ആ മാറ്റം അടുത്തറിയാം. പാറമേക്കാവ് പഴമയിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിന് മുമ്പ് ഉപയോഗിച്ചിരുന്ന ഒരു ഡിസൈന്‍ ഇക്കുറി പുതുതലമുറയ്ക്ക് കാണാം. പീലിവൃത്തത്തിന് നടുവില്‍ ഇക്കുറി മുന്തിരിവള്ളി ഉണ്ടാകും.
വാലുള്ള ശംഖ് മറ്റൊരു ആകര്‍ഷണമാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്നത് സാധാരണ ശംഖാണ്. പുതിയ ചുരുളുകള്‍ ആണ് മറ്റൊന്ന്. ഇവയെല്ലാം അച്ച് ഉപയോഗിക്കാതെ കൈകൊണ്ട് മെടഞ്ഞു എന്നതാണ് പ്രത്യേകത. തിരുവമ്പാടിയില്‍ മനോഹരമായ കല്ലുകളാണ് ആകര്‍ഷണം. ഏറെ ശ്രമകരമായാണ് ഈ കല്ലുകള്‍ ഉറപ്പിച്ചിരിക്കുന്നത്.
രാത്രിയില്‍ തീവെട്ടിയിലും പകല്‍ വെയിലിലും ഇവ തിളങ്ങുമെന്നതാണ് ഗുണം. ഈര്‍പ്പം തട്ടിയാല്‍ കേടുവരാത്ത മുന്തിയ ഇനം കല്ലുകളാണ് ഇവ. മഞ്ഞ, ഇളംനീല, വയലറ്റ് നിറങ്ങളില്‍ ഇതുണ്ട്. പ്രധാന ആനയുടെ മേലെ പിടിക്കുന്ന ആലവട്ടത്തില്‍ ശിവലിംഗമാതൃകയാണ് തുന്നിയൊരുക്കിയത്. പാറമേക്കാവില്‍ പ്രൊഫ. ചാത്തനാത്ത് മുരളീധരനും അമ്മ സുഭദ്രാമ്മയുമാണ് ആലവട്ടങ്ങള്‍ ഒരുക്കുന്നത്. ഇവരുടെ ശിഷ്യരായ രജനിയും സുനിതയുമെല്ലാം ഏറെ സഹായിക്കുകയും ചെയ്യുന്നു.
തിരുവമ്പാടിയില്‍ ചാത്തനാത്ത് ലക്ഷ്മിക്കുട്ടിയമ്മയും മരുമകന്‍ കടവത്തെ ചന്ദ്രനുമാണ് ആലവട്ടങ്ങള്‍ തയ്യാറാക്കുന്നത്. ലക്ഷ്മിക്കുട്ടിയമ്മയുടെ അച്ഛന്‍ കുണ്ടുവളപ്പില്‍ കൃഷ്ണന്‍കുട്ടി നായരാണ് ഈ രംഗത്ത് ഏറെ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തില്‍നിന്നാണ് ലക്ഷ്മിക്കുട്ടിയമ്മയും സഹോദരന്‍ ബാലകൃഷ്ണന്‍ നായരുമെല്ലാം ഈ വിദ്യ പഠിച്ചത്.

ഈ രംഗത്ത് ഏറെ പഠനങ്ങള്‍ നടത്തിയ മുരളീധരന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ 40 ഡിസൈനുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. മുന്‍കാല ഡിസൈനുകള്‍ പഠിച്ചശേഷം പഴയതിലെ മനോഹരമാതൃകകള്‍ പുനരാവിഷ്‌ക്കരിക്കാന്‍ ദേവസ്വം തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സമീപകാലങ്ങളില്‍ ഉപയോഗിച്ചുവന്നിരുന്ന പകിട, മുറിപ്പൂവ്, മുല്ലമൊട്ട് എന്നിവ ഒഴിവാക്കുകയായിരുന്നു.
ആലവട്ടങ്ങളുടെ പൂര്‍വ്വമാതൃകകള്‍ ഇപ്പോഴത്തെ കലാകാരന്മാര്‍ സ്വീകരിച്ചത് ചിറ്റൂര്‍ മന, ചെറുമനങ്ങാട് മന എന്നിവിടങ്ങളില്‍നിന്നാണ്. വണ്ടുകളുടെ കട്ടിയുള്ള തോട് വനത്തില്‍നിന്ന് ശേഖരിച്ചായിരുന്നു പണ്ട് ആലവട്ടങ്ങളില്‍ ഒട്ടിച്ചിരുന്നതെന്ന് മുരളീധരന്‍ പറയുന്നു. 100 വര്‍ഷം മുമ്പത്തെ ആലവട്ടങ്ങളില്‍ ഇതു കാണാനാകും. കടലാസ്, ഗില്‍റ്റ്, ഗില്‍റ്റ്ഗ്ലാസ് തുടങ്ങിയവയൊന്നും അക്കാലങ്ങളില്‍ കാണാനാകില്ല.
ആലവട്ടത്തെ ഇന്നത്തെ നിലയിലേക്ക് വികസിപ്പിച്ചതില്‍ ബാലകൃഷ്ണന്‍ നായര്‍ക്ക് വലിയ പങ്കുണ്ട്. കേന്ദ്ര ഹാന്‍ഡിക്രാഫ്റ്റ് ബോര്‍ഡിന്റെ സഹായത്തോടെ ടെമ്പിള്‍ ഡെക്കറേഷന്‍ ട്രെയിനിങ് സെന്‍റര്‍ തുടങ്ങിയത് അദ്ദേഹമായിരുന്നു. ഈ രംഗത്ത് ശാസ്ത്രീയമായ പഠനരീതികള്‍ നല്‍കിത്തുടങ്ങിയതും അദ്ദേഹം തന്നെ.
