പന്തലുകള്‍ റോഡില്‍ ഉയരുമ്പോള്‍...

Posted on: 20 Apr 2010




പൂരം വളരുന്നതനുസരിച്ച് നഗരം വളരുന്നില്ല. സ്വരാജ് റൗണ്ടിലെ അലങ്കാരപ്പന്തലുകള്‍ക്ക് പഴക്കമേറെയുണ്ട്. പക്ഷേ പന്തലിന്റെ വിസ്തൃതിയും ഉയരവും അത് കാഴ്ച വിരുന്നൊരുക്കുന്ന കാലദൈര്‍ഘ്യവും ഏറി. റൗണ്ടാണെങ്കില്‍ വളരുന്നുമില്ല. നിയന്ത്രിക്കാനാവാത്ത ഗതാഗതക്കുരുക്കാണ് ഫലം.

മ്യക്കാല്‍ നൂറ്റാണ്ടു മുമ്പാണ് പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ പന്തലുയര്‍ത്തിയതെന്ന് മുന്‍ ദേവസ്വം ഭാരവാഹിയായ അഡ്വ. കുന്നമ്പത്ത് ബാലകൃഷ്ണമേനോന്‍ ഓര്‍മിക്കുന്നു. ''അതുവരെ പാറമേക്കാവിന് രാത്രിയെഴുന്നള്ളത്തില്ല. എഴുന്നള്ളിപ്പ് തുടങ്ങിയപ്പോള്‍ ആനയ്ക്ക് രാത്രിയില്‍ നില്‍ക്കാനായാണ് പന്തല്‍ നിര്‍മാണം തുടങ്ങിയത്. കാലക്രമേണ അതിന്റെ ഭംഗിയും പ്രാധാന്യവുമൊക്കെ വര്‍ധിച്ചു''.

പൂരക്കമ്മിറ്റികള്‍ പന്തലിന്റെ ആചാരപരമായ ഈ പ്രധാന്യം ചൂണ്ടിക്കാട്ടുന്നു. രാത്രി എഴുന്നള്ളിപ്പിന്റെ ഭാഗമായിട്ടാണ് പ്രശസ്തമായ വെടിക്കെട്ട് നടക്കുന്നത്. ദേവിമാര്‍ പന്തലിനു താഴെ നിന്ന് ഇതു കാണുന്നുവെന്ന് സങ്കല്പം. ഗംഭീര വെടിക്കെട്ട് നടക്കുമ്പോള്‍ ആനകള്‍ തിടമ്പേറ്റി നില്‍ക്കും. മൈതാനത്ത് വെടിക്കെട്ടാകയാല്‍ റോഡില്‍ പന്തലിട്ടാലെ ആനകള്‍ക്ക് സുരക്ഷിതമായി നില്‍ക്കാന്‍ കഴിയൂ. കാലം മാറുന്നതനുസരിച്ച് പന്തലിന്റെ ചന്തവും അതിന്റെ നിലകളുമൊക്കെ ഏറുന്നുവെന്ന് മാത്രം.

എന്നാല്‍ പന്തല്‍ പണ്ടത്തേക്കാളും അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല. മുമ്പ് പൂരം കൊടിയേറ്റിനൊപ്പിച്ചേ പന്തലിനു കാല്‍ നാട്ടാറുള്ളു. ഇത്രയും വിസ്താരവുമില്ല. ഇക്കുറി ഏപ്രില്‍ 12 മുതലേ പന്തലിന്റെ പണികള്‍ തുടങ്ങി. പൂരം കഴിഞ്ഞാലുടനെ അത് നീക്കണമെന്നില്ല. ഒന്നു രണ്ടു ദിവസമെങ്കിലും കഴിയാറുണ്ട്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സ്വരാജ് റൗണ്ടിലെ മൂന്ന് പന്തലുകളും നിലകൊള്ളും.

ഇക്കുറി മെക്കാഡം ടാറിങ് നടത്തിയ റൗണ്ടിലാണ് പന്തലുകള്‍ ഉയരുന്നത്. പന്തലിന്റെ സൗകര്യത്തിനുവേണ്ടി കാലുകള്‍ നാട്ടാനുള്ള ഇടം വിട്ടുകൊണ്ടാണ് ആദ്യം ടാറിങ് നടത്തിയത്. 6 കാലുകള്‍ക്കാണ് മൂന്നിടത്തും ഇങ്ങനെ ഒഴിച്ചിട്ടത്. എങ്കിലും ഇത്തവണ ഒരിടത്ത് ടാറിങ് പൊളിച്ചു. '' എന്റെ നെഞ്ചത്തുകൂടി പൊളിച്ചുവെന്നാണ് തോന്നിയത്. മുന്‍ ധാരണകള്‍ക്കു വിരുദ്ധമാണത്''- മേയര്‍ ആര്‍. ബിന്ദു പരിഭവം മറച്ചുവെച്ചില്ല. പന്തലുകള്‍ മൈതാനത്തിനകത്തേയ്ക്കും മാറ്റിക്കൂടെ എന്ന് ചോദിച്ച് പലരും സമീപിക്കുന്നുണ്ട്. പക്ഷേ തൃശ്ശൂര്‍ പൂരമായതിനാല്‍ ഒരു പൊതുധാരണയില്ലാതെ നീങ്ങാനാകില്ല-അവര്‍ അഭിപ്രായപ്പെട്ടു.

പന്തല്‍ പണി തുടങ്ങിയപ്പോള്‍ തന്നെ ബസ് ഗതാഗതം നിയന്ത്രിക്കുകയാണ് പോലീസ് ചെയ്തത്. അത് പോലീസിന്റെ പണി കുറയ്ക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ''പന്തലുകള്‍ ഒന്നുകില്‍ മൈതാനത്തേയ്ക്ക് മാറ്റണം. അല്ലെങ്കില്‍ റോഡിനു നടുക്ക് നിര്‍മിക്കാതെ റോഡരികിലേയ്ക്ക് നീക്കണം. വിസ്താരം കുറയ്ക്കണം. പൂരം കഴിഞ്ഞാലുടന്‍ നീക്കുകയും വേണം. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിസ്താരം കുറയ്ക്കുകയും നിര്‍മ്മാണകാലഘട്ടം കുറയ്ക്കുകയും വേണമെന്ന് ചില പൂരക്കമ്മിറ്റിക്കാര്‍ ത്തന്നെ സമ്മതിക്കുന്നു. നടുവിലാലിലെ പന്തല്‍ ആനയ്ക്ക് നില്‍ക്കാനുള്ളതല്ല. പൂര്‍ണ്ണമായും കാഴ്ചപ്പന്തലാണ്. ഇവിടെ നടുവിലാല്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ബെല്‍മൗത്ത് വികസിപ്പിക്കുകയാണെങ്കില്‍ ഗതാഗതക്കുരുക്ക് ഒഴിയും. അപ്പോള്‍ പന്തലുണ്ടെങ്കിലും പ്രശ്‌നമില്ല. അല്ലാത്തിടത്തോളം അത് വമ്പന്‍ കുരുക്കാണുണ്ടാക്കുക.

തൃശ്ശൂര്‍ പൂരത്തിന്റെ ചുവടു പിടിച്ച് പലയിടത്തും അലങ്കാരപ്പന്തലുകള്‍ റോഡിനു നടുവിലിടുന്ന പ്രവണത ഏറുകയാണ്. പള്ളിയും അമ്പലവുമൊക്കെയാകയാല്‍ അനുവാദം കിട്ടും. സ്വമേധയാ കമ്മിറ്റികള്‍ തന്നെ ചില നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്.

ഇ.ജി. രതീഷ്





MathrubhumiMatrimonial