
ഗീതാദര്‍ശനം - 478
Posted on: 20 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
കര്‍മങ്ങള്‍ പ്രകൃതിയാണ് ചെയ്യുന്നത്. കര്‍മഫലങ്ങള്‍ സ്ഥൂലസൂക്ഷ്മശരീരങ്ങളിലേ അനുഭവവേദ്യമാകൂ. അതിനാല്‍, അവ പുരുഷോത്തമനെ ബാധിക്കില്ല. ഈ നിര്‍ല്ലേപത മനസ്സിലാക്കിത്തരാന്‍ ഒരു ഉപമ അവതരിപ്പിക്കുന്നു.
യഥാ സര്‍വഗതം സൗക്ഷ്മ്യാത്
ആകാശം നോപലിപ്യതേ
സര്‍വത്രാവസ്ഥിതോ ദേഹേ
തഥാത്മാ നോപലിപ്യതേ
സര്‍വത്ര നിറഞ്ഞിരിക്കുന്ന (ഭൂത) ആകാശം എപ്രകാരം അതിന്റെ സൂക്ഷ്മത്വം കാരണം (ഒന്നില്‍നിന്നും) കളങ്കമേല്‍ക്കുന്നില്ലയോ, അതുപോലെ എല്ലാ ദേഹങ്ങളിലും അകവും പുറവും നിറഞ്ഞിരിക്കുന്ന പരമാത്മാവിന് (ഒന്നില്‍നിന്നും) കളങ്കമേല്‍ക്കുന്നില്ല.
പഞ്ചഭൂതങ്ങളില്‍ ഒന്നായ ആകാശത്തെക്കുറിച്ചാണ്, നമുക്കു സുപരിചിതമായ നീലാകാശത്തെപ്പറ്റിയല്ല പറയുന്നത്. (ഈ നീലാകാശം മറ്റേ ആകാശത്തിന്മേലുള്ള ഒരു ചായച്ചാര്‍ത്തു തന്നെ. പക്ഷേ, ഇതിലെ ഒരു നിറവും ആ ആകാശത്തില്‍ പറ്റിപ്പിടിക്കുന്നില്ല.) (സൂക്ഷ്മത്വം എന്നാല്‍ വ്യാപനശേഷി എന്നാണ് അര്‍ഥം.) ആകാശം സൂക്ഷ്മതമമാണ്. അതായത്, സര്‍വവ്യാപിയാണ്. വായു തുടങ്ങിയ മറ്റു ഭൂതങ്ങളും അവയുടെ വികാരങ്ങളായ ദേഹങ്ങളും നിന്നുതിരിയുന്നത് ആകാശത്താണ്. അവയിലൊക്കെ ആകാശം നിറഞ്ഞിരിക്കുന്നു എന്നര്‍ഥം. പുക മുതല്‍ ദുര്‍ഗന്ധം വരെ എല്ലാം ആകാശത്ത് വ്യാപിക്കാറുണ്ട്. പര്‍വതങ്ങള്‍ ആകാശത്തെ വിഭജിക്കുന്നപോലെയും മേഘങ്ങള്‍ മറയ്ക്കുന്നപോലെയും തോന്നുന്നു. പാത്രങ്ങളില്‍ അടച്ചു വെക്കാം, ആകാശത്തെ. കെട്ടിടം പണിയുമ്പോള്‍ അവിടെ യുള്ള ആകാശം കെട്ടിടം പൊളിച്ചാലും അതുപോലെ അവിടെയുണ്ട്. ആകാശത്തുള്ള ഒന്നും ഒരു പാടും കറയും അടയാളവും അവിടെ അവശേഷിപ്പിക്കാറില്ല. ഒന്നില്‍നിന്നും ആകാശത്തെ പുറന്തള്ളാന്‍ പറ്റില്ല. ആകാശത്തെ ഉള്‍പ്പെടുത്താതെ ഒരു നിര്‍മിതിയും സാധ്യവുമല്ല.
(തുടരും)
