githadharsanam

ഗീതാദര്‍ശനം - 477

Posted on: 19 Apr 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


മഹാസ്​പന്ദത്തിന്റെ തുടക്കം തൊട്ട് ഇന്നോളവും ഇനി നാളെയും ഇക്കാണായ പ്രപഞ്ചത്തിലെ എല്ലാതും ഉണ്ടായി മറയുന്നവയാണ്. ഇതിനെല്ലാം ഉണ്ടായിവരാനും നിലനില്‍ക്കാനും തിരികെ ചെന്നുമറയാനുമുള്ള പരമമായ ആശ്രയം, മറ്റൊന്നില്‍നിന്നുണ്ടായി കുറച്ചിട കഴിഞ്ഞ് ഇല്ലാതാകുന്നതാകാന്‍ പറ്റില്ലെന്നു തീര്‍ച്ചയുമാണ്. അങ്ങനെയുള്ള പരമകാരണമാണ് പുരുഷോത്തമന്‍. എല്ലാറ്റിനും കാരണമായിരിക്കുന്ന പരമാത്മാവിന് കാരണമില്ല. (ഇങ്ങനെയൊന്ന് സങ്കല്പിക്കാന്‍തന്നെ നമുക്ക് പ്രയാസമാണ്. ഈ പ്രയാസത്തിന്റെ കാരണവും പരമാത്മാവിന്റെ അനാദിയായ, ദ്വന്ദ്വാധിഷ്ഠിതമായ പ്രകൃതിയാണ്. പ്രകൃതി പരമാത്മാവിനെ മറയ്ക്കുന്നു.)

പരമകാരണമെന്ന പദവിക്കുള്ള അര്‍ഹത തീര്‍ച്ചയായാല്‍ അത് അവ്യയമായി, അനാദിയായി, നിര്‍ഗുണമായി. അത് മറ്റൊന്നില്‍നിന്ന് ജനിച്ചതല്ല. ജനനമുള്ളതിനേ മരണമുള്ളൂ. പുരുഷന് മരണമില്ല. നിത്യം, സര്‍വഗതം, സ്ഥാണു (സ്ഥിരം), അചലം, സനാതനം.

പുരുഷന്‍ അവ്യയവും അനാദിയുമാണെന്നുവന്നാല്‍ നിര്‍ഗുണമാണെന്ന് പിന്നെ പറയേണ്ടതില്ല. ഉണ്ടായി മറയുന്നവയാണ് ഗുണങ്ങള്‍. ഇവ പ്രകൃതിയിലെ സ്​പന്ദനങ്ങളും ഊര്‍ജവിനിമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദ്വന്ദ്വത്വാധിഷ്ഠിതങ്ങളായ ബലങ്ങള്‍ക്കേ ഇത്തരം വിനിമയങ്ങളിലൂടെ തേമാനം വരികയുള്ളൂ. (ഉദാഹരണം: 'ധന'വും (positive) 'ഋണ'വും (negative) ആയിരിക്കുന്ന വൈദ്യുതിക്ക് കരണപ്രതികരണഗുണങ്ങളുണ്ട്. അതിനാല്‍ രണ്ടിനും ഉത്പത്തിയും നാശവും ഉണ്ടാകുന്നു.) ഏകീകൃതബലം ഗുണരഹിതമാണ്. അതിനാല്‍ അതിനു തേമാനം വരില്ല.

നിശ്ചലവും സമ്പൂര്‍ണവുമായ ഈ ശുദ്ധരൂപം ആവര്‍ത്തിച്ചനുഭവിച്ച് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു മുതല്‍മുടക്കുള്ള പരീക്ഷണശാലകളിലല്ല, എന്തറിഞ്ഞാല്‍ പിന്നെ ഈ ഭൂമിയില്‍ അറിയാനായി ഒന്നും ശേഷിക്കുന്നില്ലയോ അത്രയും അറിഞ്ഞവരുടെ ഹൃദയങ്ങളില്‍.

(തുടരും)



MathrubhumiMatrimonial