githadharsanam

ഗീതാദര്‍ശനം - 476

Posted on: 18 Apr 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


'അനുപശ്യതി' എന്നാണ് പ്രയോഗം. എന്നുവെച്ചാല്‍, ഈ നേര് അറിഞ്ഞാല്‍ പോരാ, അതിന്റെ സത്യാവസ്ഥ 'കാണണം' (അനുഭവത്തില്‍ വരണം). സ്ഥിരമായ അനുഭവം അതായിരിക്കണം. കണ്ടുകിട്ടിയാലല്ലേ കണ്ടുകൊണ്ടേ ഇരിക്കാനാവൂ ? എവിടെ കണ്ടുകിട്ടും ? കണ്ടുകിട്ടാന്‍ ഏറ്റവും എളുപ്പം സ്വന്തം ഹൃദയത്തിലാണ്. ഭക്തികൊണ്ട് അവിടെ കണ്ടുകിട്ടിയ അതില്‍ ശ്രദ്ധയൂന്നിയാല്‍ അവിടന്നത് വിസ്താരം പ്രാപിച്ച് ലോകം മുഴുവന്‍ വ്യാപിക്കുന്നതായും നിറഞ്ഞുനില്‍ക്കുന്നതായും അനുഭവപ്പെടും. എവിടെ നോക്കിയാലും കാണാം, അതേ കാണൂ. പിന്നെ ആരായാലും എന്തായാലും നമ്മളില്‍നിന്ന് വ്യത്യസ്തമല്ല. മറ്റു ജീവജാലങ്ങളുടെ അനുഭവങ്ങള്‍പോലും നമ്മുടേതാകുകയായി. താരതമ്യങ്ങള്‍ക്കോ അസൂയയേ്ക്കാ നഷ്ടബോധത്തിനോ അസഹിഷ്ണുതയേ്ക്കാ പിന്നെ ഇടമില്ല. ഇത്രയുമായാല്‍ ഒരാള്‍ പ്രപഞ്ചത്തെ മൊത്തമായി സ്നേഹിക്കാന്‍ പഠിഞ്ഞുകഴിഞ്ഞു. അയാള്‍ ബ്രഹ്മംതന്നെ ആയിത്തീരാന്‍ തുടങ്ങുകയായി.
കര്‍മങ്ങളൊന്നുംതന്നെ പുരുഷനെ, അതിനാല്‍, അതുമായി സാരൂപ്യം കൈവരിച്ച ജീവന്‍മുക്തനെയും ഒരു വിധത്തിലും സ്​പര്‍ശിക്കുന്നില്ലെന്നു പറയുന്നതിന്റെ യുക്തി എന്താണ് ?

അനാദിത്വാത് നിര്‍ഗുണത്വാത്
പരമാത്മായമവ്യയഃ
ശരീരസ്ഥോ ശപി കൗന്തേയ
ന കരോതി ന ലിപ്യതേ

ഹേ കുന്തീപുത്രാ, നാശരഹിതമായ ഈ പരമാത്മാവ്, ആദിയില്ലായ്മയാലും ഗുണരാഹിത്യംകൊണ്ടും ദേഹങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴും ഒന്നും ചെയ്യുന്നില്ല, ഒന്നുമായും കൂടിക്കുഴഞ്ഞുപോകുന്നുമില്ല.

(തുടരും)



MathrubhumiMatrimonial