വനവിസ്മയങ്ങളുടെ കുറുവ ദ്വീപ്‌

Posted on: 13 Apr 2010

-കെ.കെ.രമേശ്കുമാര്‍




മനംമയക്കുന്ന വനചാരുതയുടെ ദൃശ്യഭംഗിയില്‍ കുറുവ ദ്വീപ് സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപില്‍ വിരുന്നെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. കബനിയുടെ കൈവഴികളില്‍ ഇഴപിരിഞ്ഞ് പ്രകൃതി മുഖം നോക്കുകയാണ് ഇവിടെയുള്ള ചെറുദ്വീപുകളില്‍. മാനത്തേക്ക് ശിഖരം നീട്ടുന്ന മുത്തച്ഛന്‍ മരങ്ങളും വനപുഷ്പങ്ങളും കുളിരുപകരുന്ന കാട്ടുവഴികളും നഗരത്തിരക്കില്‍നിന്നെത്തുന്ന സഞ്ചാരികളുടെ മനംകവരുന്നു.

വയനാട്ടിലെ ജലവിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍കൂടിയാണ് കുറുവയില്‍ പ്രതിഫലിക്കുന്നത്. തടാകങ്ങളിലെ കുളിരില്‍ ഇത്തിരി നേരം ചെലവിടാന്‍... പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുപോലും സഞ്ചാരികള്‍ കൂട്ടമായി എത്താറുണ്ട്. 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ദ്വീപില്‍ അനേകം ചെറു ജലാശയങ്ങളുണ്ട്. മഴക്കാലത്ത് കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങി ദ്വീപ് അപാരമായ വിദൂരക്കാഴ്ചകള്‍ നല്‍കും. സപ്തംബര്‍ പിന്നിടുന്നതോടെ കബനിയുടെ ഓളങ്ങള്‍ കടന്ന് ദ്വീപിലേക്കുള്ള യാത്രകള്‍ തുടങ്ങും. പിന്നീട് മഴക്കാലമെത്തുന്നതുവരെയും നിലയ്ക്കാത്ത പ്രവാഹം.

ജൈവമണ്ഡലത്തില്‍നിന്ന് അനുദിനം പിന്‍വാങ്ങുന്ന നൂറുകണക്കിനു സസ്യങ്ങളുടെയും ചെറുപ്രാണികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കാടിന്റെ തനതു സംഗീതത്തിനു കാതോര്‍ക്കാന്‍ സഞ്ചാരികള്‍ ഇവിടെ നിശ്ശബ്ദരായി നടന്നു നീങ്ങുന്നു. പുഷ്പിക്കുന്ന വന്‍ മരങ്ങളും കരിമരുതും ഓര്‍ക്കിഡുകളും ഇവിടെ ധാരാളമായി കാണാം.

കൃത്രിമങ്ങളില്ലാത്ത കാട്ടറിവിന്റെ വശ്യത നുകരാന്‍ പ്രകൃതിപഠനയാത്രികരും വയനാട്ടിലേക്ക് ചുരം കയറുന്നു. ഒക്ടോബര്‍ ആകുന്നതോടെ കടല്‍ കടന്നും ദേശാടനക്കിളികള്‍ ഈ ദ്വീപിലേക്ക് വിരുന്നുവരാറുണ്ട്. ദ്വീപുകളുടെ തീരത്ത് ദിവസങ്ങളോളം ചെലവഴിച്ചാണ് വിദേശീയരായ ഈ സഞ്ചാരികളുടെ തിരിച്ചുപോക്ക്.

കടുത്ത വേനലിലും സൂര്യപ്രകാശം കടക്കാത്ത, വന്‍മരങ്ങള്‍ കുടചൂടിയ തണലോരങ്ങള്‍ യാത്രയുടെ വയനാടന്‍ അനുഭവങ്ങള്‍ അവിസ്മരണീയമാക്കുന്നു. മുളം ചങ്ങാടങ്ങള്‍ കൂട്ടിക്കെട്ടി കബനിനദിയിലൂടെ കുറുവയെ ചുറ്റിക്കാണാന്‍ റിവര്‍റാഫ്റ്റിങ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിനു മൂന്നൂറ് രൂപ നല്‍കിയാല്‍ ഓളപ്പരപ്പിലൂടെ സഞ്ചാരികള്‍ക്കു യാത്ര ചെയ്യാം. പത്തോളം പേരെ ചങ്ങാടത്തില്‍ കയറ്റിയുള്ള ഈ സാഹസിക ജലയാത്ര സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്.

കുറുവയിലേക്കുള്ള വഴികള്‍


മാനന്തവാടിയില്‍നിന്നു പതിനഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ച് കാട്ടിക്കുളം, പാല്‍വെളിച്ചം വഴി കുറുവയിലെത്താം. വയനാടിന്റെ ആസ്ഥാനമായ കല്പറ്റയില്‍നിന്ന് 40 കി.മീ. ദൂരമുണ്ട്. പനമരം, പുഞ്ചവയല്‍, നീര്‍വാരം, ദാസനക്കര, കുറുക്കന്‍മൂല വഴിയും ദ്വീപില്‍ എത്താം. പുല്പപ്പള്ളി വഴി പന്ത്രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാക്കം, ചെറിയമല വഴിയും കുറുവയില്‍ എത്താം. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് 58 കിലോമീറ്റര്‍ ദൂരമുണ്ട് കുറുവയുടെ തീരങ്ങളിലേക്ക്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കല്പറ്റ, മാനന്തവാടി വഴിയാണ് കുറുവയിലേക്ക് എത്താന്‍ സൗകര്യം. കര്‍ണാടകയിലെ സഞ്ചാരികള്‍ക്ക് തോല്‍പ്പെട്ടിവഴിയും ബത്തേരി വഴിയും ഇവിടെയെത്താം.

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. പാല്‍വെളിച്ചത്തുനിന്നു ഡി.ടി.പി.സി.യാണ് ദ്വീപിലേക്ക് ബോട്ട് സൗകര്യം ഒരുക്കുന്നത്. ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ സഞ്ചാരികള്‍ക്കു നിര്‍ദേശം നല്‍കാന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു കീഴില്‍ കുറുവയുടെ തീരത്തായി താമസസൗകര്യമുണ്ട്. അറുപതു പേര്‍ക്ക് തങ്ങാവുന്ന ഡോര്‍മെറ്ററിയും ഒരുങ്ങുന്നു. വനസംരക്ഷണ സമിതിയാണ് റിവര്‍റാഫ്റ്റിങ്ങും ഗൈഡ് സര്‍വീസും നടത്തുന്നത്. രാവിലെ ഒന്‍പതു മുതല്‍ നാലു വരെയാണ് സഞ്ചാരികള്‍ക്കു പ്രവേശനാനുമതി നല്‍കുക. പ്രവേശനഫിസ് പത്തു രൂപ. ബോട്ട് സര്‍വീസിനും ഒരാള്‍ക്കു പത്തു രൂപ നല്‍കണം.

താമസസൗകര്യം


ദ്വീപിനു സമീപത്തായി സഞ്ചാരികള്‍ക്കു താമസിക്കാന്‍ ഒട്ടേറെ സൗകര്യമുണ്ട്. ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ വനം വകുപ്പ് സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കുന്നു. ഫോറസ്റ്റ് ഐബി, സ്രാമ്പി എന്നിവിടങ്ങളിലൊക്കെ താമസിക്കാം. ഇതിന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി ബന്ധപ്പെടണം. ഫോണ്‍ - 9048097585, ഫോറസ്റ്റ് സ്റ്റേഷന്‍ -04935 240349. മാനന്തവാടി പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസ് ഫോണ്‍ - 9747996770. ഡി.ടി.പി.സി: - 04936 202134. കുറുവ ഡേആര്‍മിറ്ററി-9349204858. കെ.ടി.ഡി.സി. തിരുനെല്ലി ടാമിറിന്‍ഡ് - 9446480531.

നഗരത്തിരക്കിലെ കൃത്രിമ വിനോദകേന്ദ്രങ്ങളില്‍നിന്നു പ്രകൃതിയുടെ പച്ചപ്പ് തേടിയാണ് ഓരോ സഞ്ചാരിയുടെയും യാത്ര. വയനാടിന്റെ കുളിരില്‍ കുറുവ ഒഴിവാക്കാന്‍ പറ്റാത്ത ഇടമായി മാറിയതായി സഞ്ചാരികള്‍ പറയുന്നു. വശ്യതയാര്‍ന്ന പ്രകൃതിഭാവങ്ങളുടെ കലര്‍പ്പില്ലാത്ത ആഹ്ലാദമാണ് ഏവരെയും ഇവിടേക്ക് വശീകരിക്കുന്നത്.



MathrubhumiMatrimonial