
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി അരിപ്പാറ
Posted on: 13 Apr 2010
-ബി.എസ്.ബിമിനിത്

ഉരുണ്ട മിനുസമുള്ള പാറക്കല്ലുകള്‍ വിരിച്ച വഴിയിലൂടെ അലസമായി ഒഴുകി ഒരു പുഴ ജന്മമെടുക്കുന്നതുകാണാം കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരഗ്രാമമായ ആനക്കാംപൊയിലിലേക്കുള്ള യാത്രക്കിടയില്‍. ഇരുവഞ്ഞിപ്പുഴ പ്രൗഢമായി ഒഴുകുന്ന പ്രദേശങ്ങള്‍ പിന്നിട്ട് മുന്നോട്ടുള്ള യാത്രയില്‍ മേഘങ്ങള്‍ക്കിടയിലൂടെ സഹ്യപര്‍വതനിരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. റോഡിന്റെ വശത്തുകൂടെ ചെറിയ വെള്ളച്ചാട്ടങ്ങളും കയങ്ങളും സൃഷ്ടിച്ച് വെള്ളരിമലയില്‍ നിന്ന് ഇരുവഞ്ഞിപ്പുഴയൊഴുകി വരുന്നതുകാണാം.
ഈ വഴിയിലാണ് അരിപ്പാറ വെള്ളച്ചാട്ടം. ആനക്കാംപൊയിലിനു തൊട്ടുമുമ്പ് ഇടത്തോട്ടുള്ള ചെറിയ വഴിയിറങ്ങിച്ചെന്നാല്‍ അരിപ്പാറയിലെത്തി. കറുപ്പും വെളുപ്പും കലര്‍ന്ന കൂറ്റന്‍ പാറയില്‍ പ്രകൃതി തീര്‍ത്ത ശില്പങ്ങളും ഇടയിലൂടെ ചെറിയ തടാകങ്ങള്‍ സൃഷ്ടിച്ച് നുരഞ്ഞൊഴുകുന്ന പുഴയുമാണ് അരിപ്പാറയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കിയത്. അസാധാരണ മിനുസമുള്ള പാറകളും അതിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടവുമാണ് ഇവിടത്തെ പ്രത്യേകത. സ്ഥിരമായി വെള്ളമൊഴുകിയുണ്ടായ ചാലുകളും പാറയില്‍ ത്തന്നെയുള്ള ചെറിയ വെള്ളക്കെട്ടുകളും വേനല്‍ക്കാല യാത്രികര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്.
എന്നാല്‍ മഴ തുടങ്ങിയാല്‍ പുഴയുടെ ഭാവം മാറും. പുഴ കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിന്റെ ശക്തികൂടും. വര്‍ഷത്തില്‍ ഭൂരിഭാഗവും സുന്ദരമായ കാഴ്ച സമ്മാനിക്കുന്ന അരിപ്പാറ തുലാവര്‍ഷക്കാലത്താണ് ഏറ്റവും സംഹാരരൂപിയാവുന്നത്. മഴയുടെ ലക്ഷണം പോലുമില്ലെങ്കിലും പര്‍വതമേഖലയില്‍ പെയ്യുന്ന മഴ നിമിഷങ്ങള്‍ക്കുള്ളില്‍ അരിപ്പാറയെ ഭയാനകമാക്കും. അതുകൊണ്ടുതന്നെ സമയാസമയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ടൂറിസം വകുപ്പ് ഗാര്‍ഡുകളെ സജ്ജരാക്കിയിട്ടുണ്ട്.
വയനാട്ടിലെ മേപ്പാടി വനമേഖലയിലും കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വനമേഖലയിലുമായി വ്യാപിച്ചു കിടക്കുന്ന വെള്ളരിമലയില്‍ നിന്നാണ് ഇരുവഞ്ഞിപ്പുഴ ജന്മമെടുക്കുന്നത്. പശ്ചിമഘട്ടത്തിലെ നീലഗിരിമലനിരകളുടെ ഭാഗമായ വെള്ളരിമലയുടെ മടിത്തട്ടില്‍ സാഹസികരായ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്.
* അരിപ്പാറയില്‍ നിന്നും ആനക്കാംപൊയിലും മുത്തപ്പന്‍പുഴയും കടന്ന് ഏഴു കിലോമീറ്റര്‍ മുന്നോട്ടുപോയാല്‍ 'മറപ്പുഴ' എന്ന വെള്ളച്ചാട്ടത്തിലെത്താം. അരിപ്പാറയുടെ അത്ര സുന്ദരമല്ലെങ്കിലും കാടിന്റെയും കൂറ്റന്‍ മലനിരകളുടെ സാമീപ്യവും മറപ്പുഴയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
* വെള്ളരിമലയില്‍ നിന്നുതന്നെ ഉത്ഭവിക്കുന്ന ഇരുവഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. അരിപ്പാറയില്‍ നിന്ന് തുഷാരഗിരിയിലേക്ക് പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്.
* ഒരു ദിവസത്തെ യാത്രയ്‌ക്കെത്തുന്ന അല്പം സാഹസികരായ യാത്രക്കാരെ ആകര്‍ഷിക്കുന്ന സ്ഥലമാണ് 'ഒലിച്ചു ചാട്ടം'. മുത്തപ്പന്‍ പുഴയില്‍നിന്ന് ജീപ്പിലും കാല്‍നടയുമായി ഏതാണ്ട് ആറു കിലോമീറ്ററിലധികം താണ്ടിവേണം ഒലിച്ചുചാട്ടമെന്ന ചെറിയ വെള്ളച്ചാട്ടത്തിലെത്താന്‍. കാട്ടിനുള്ളില്‍ മലകള്‍ക്കിടയില്‍ നിന്ന് കുത്തനെ ഒലിച്ചിറങ്ങുന്ന നേര്‍ത്ത അരുവിയാണ് ഒലിച്ചു ചാട്ടം. വെള്ളച്ചാട്ടമെന്ന് പറയാനാവില്ലെങ്കിലും അതിന്റെ വന്യമായ സൗന്ദര്യമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വെള്ളരിമലയിലേക്ക് ട്രക്കിങ് നടത്താനാഗ്രഹിക്കുന്നവര്‍ക്ക് മുത്തപ്പന്‍പുഴയില്‍ നിന്നും പരിചയസമ്പന്നരായ ഗൈഡുകളെ ലഭിക്കും. ഒരു ദിവസം മുഴുവന്‍ നടന്നാലെ വെള്ളരിമലയിലെത്തിച്ചേരൂ. ചെറിയ അരുവികളും തടാകങ്ങളും 'കൊല്ലികളും' താണ്ടി വന്യമൃഗങ്ങളുടെ സാമീപ്യമറിഞ്ഞ് വെള്ളരിമലയുടെ മുകളില്‍ ഒരു ദിവസമെങ്കിലും തങ്ങി തിരിച്ചെത്തണമെങ്കില്‍ മൂന്നുദിവസമെന്നതാണ് കണക്ക്. മഴയില്ലാത്ത കാലത്താണ് സാധാരണയായി ട്രക്കിങ് സംഘടിപ്പിക്കാറുള്ളത്. ടെന്റുകള്‍ നിര്‍മിക്കാനും ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഗൈഡുകള്‍ ഒരുക്കിത്തരും.
കോഴിക്കോട്ടുനിന്ന് കുന്ദമംഗലം അഗസ്ത്യന്‍മുഴി തിരുവമ്പാടി വഴി ആനക്കാംപൊയിലിലെ അരിപ്പാറയിലേക്ക് 45 കിലോമീറ്റര്‍ യാത്രയുണ്ട്. തിരുവമ്പാടിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ആനക്കാംപൊയിലിലേക്കും മുത്തപ്പന്‍ പുഴയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. തുഷാരഗിരിയില്‍ നിന്ന് നെല്ലിപ്പൊയിലില്‍ എത്തി പത്തുമിനുട്ട് നടന്നും അരിപ്പാറയിലെത്താം.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), കോഴിക്കോട് ഫോണ്‍: 0495 - 2720012
