പൂരം: പുതുമകള്‍ പിറന്ന ഇടം

Posted on: 08 Apr 2010

കുന്നമ്പത്ത് ബാലകൃഷ്ണമേനോന്‍



തൃശ്ശൂരിന്റെ പൂരം ഒട്ടേറെ 'തുടക്ക'ങ്ങള്‍ക്ക് തുടക്കം കുറിച്ച ഇടമാണ്. തികവൊത്ത പഞ്ചവാദ്യം. മികവുറ്റ വെടിക്കെട്ട്, തിളങ്ങുന്ന നെറ്റിപ്പട്ടങ്ങള്‍ ഇതെല്ലാം ഇവിടെ പിറന്നവയാണ്. ഗാന്ധിജി ചര്‍ക്ക തിരിക്കുന്ന രംഗം ആകാശത്ത് വെടിക്കെട്ടിലൂടെ ദൃശ്യവത്ക്കരിച്ചതായിരുന്നു ചരിത്ര സംഭവങ്ങളിലൊന്ന്. പൂരത്തിന്റെ പുരാവൃത്തങ്ങളിലൂടെ. മറ്റ് പൂരങ്ങളെയും ഉത്സവങ്ങളെയും അപേക്ഷിച്ച് തൃശ്ശൂര്‍ പൂരത്തിന് അതിന്‍േറതായ പ്രൗഢിയും പൊലിമയും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരികമഹിമ പ്രതിഫലിച്ച് കാണുന്ന ചേതോഹരമായ ദൃശ്യങ്ങള്‍, വാദ്യവിശേഷങ്ങള്‍, കണ്ണും കാതും ഒരു പോലെ കവരുന്ന വെടിക്കെട്ടുപ്രയോഗങ്ങള്‍ എന്നിവ തൃശ്ശൂര്‍ പൂരത്തിന്റെ സവിശേഷതകളാണ്.

ഇതൊക്കെത്തന്നെയാണ് മറ്റെങ്ങുമില്ലാത്തവണ്ണം പൂരം ദിവസം ജാതിമത ഭേദമന്യേയുള്ള ജനസഹസ്രങ്ങളെ തൃശ്ശൂര്‍ നഗരമദ്ധ്യത്തിലേക്ക് ആകര്‍ഷിച്ചുവരുന്നത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് ഇന്നത്തെ രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു വാദ്യകലാപ്രകടനമായിരുന്നില്ല പഞ്ചവാദ്യം. മദ്ദളമാന്ത്രികന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി എന്ന വാദ്യകലാപ്രതിഭയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും ആയിരുന്ന രാമന്‍ നമ്പീശന്‍, മാധവവാരിയര്‍, മാധവന്‍ നായര്‍, അന്നമനട അച്യുതമാരാര്‍, അന്നമനട പരമേശ്വരമാരാര്‍, ചെങ്ങമനാട് ശേഖരക്കുറുപ്പ് എന്നിവര്‍ ഒന്നിച്ച് ചേര്‍ന്ന് വെങ്കിച്ചന്റെ തിരുവില്വാമലയിലുള്ള വസതിയില്‍ മാസങ്ങളോളം നടത്തിയ പരീക്ഷണങ്ങളില്‍ക്കൂടി ഉരുത്തിരിഞ്ഞു വന്നതാണ് ഇന്നത്തെ പഞ്ചവാദ്യം.



പൂരത്തില്‍ തിരുവമ്പാടി ഭാഗത്തെ മഠത്തിലെ വരവിനെപ്പോലെ തന്നെ പ്രസിദ്ധി നേടിയിട്ടുള്ള ഒന്നാണ് പാറമേക്കാവ് ഭാഗത്തെ ഇലഞ്ഞിത്തറ പാണ്ടിമേളം.

കേരളത്തില്‍ പല സ്ഥലങ്ങളിലും ഇന്നു കാണുന്ന വിവിധതരത്തിലുള്ള വെടിക്കെട്ട് പ്രയോഗങ്ങള്‍ എല്ലാംതന്നെ തൃശ്ശൂര്‍ പൂരത്തില്‍ക്കൂടി അവതരിപ്പിച്ച് വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. ആകാശത്തിലേക്ക് ഉയര്‍ന്നുപൊങ്ങി പൊട്ടിവിരിയുന്ന അമിട്ടുകള്‍ ഇന്ന് വെടിക്കെട്ടിലെ ഒരു പ്രധാന ഇനമാണ്. അങ്ങനെ അമിട്ടുകളില്‍ പൊട്ടിവിരിയാന്‍ ഉപയോഗിക്കുന്ന ഗുളികകള്‍ക്ക് പലതരത്തിലുള്ള നിറങ്ങള്‍ കൊടുക്കുവാന്‍ കഴിയുമെന്ന് കണ്ടുപിടിച്ചത് തൃശ്ശൂര്‍ ടൗണിലെ വെളിയന്നൂര്‍ നിവാസിയായ പരേതനായ ഡോ. ടി.സി. കൃഷ്ണമേനോന്‍ ആയിരുന്നു.

ഇത് ആദ്യമായി പ്രയോഗത്തില്‍ വരുത്തിയത് തൃശ്ശൂര്‍ പൂരത്തിലായിരുന്നു. അതുപോലെത്തന്നെ പരേതനായ പൊന്നുവീട്ടില്‍ ഗോപാലന്‍ നായര്‍ തിരുവമ്പാടി ഭാഗത്തെ വെടിക്കെട്ടിന്റെ ആധിപത്യം വഹിച്ചിരുന്ന കാലത്താണ് അലുമിനിയം പൗഡറും മെഗ്‌നീഷ്യവും ചേര്‍ത്ത് മിന്നല്‍ പ്രയോഗം വെടിക്കെട്ടില്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്. അത് പൂരം വെടിക്കെട്ടുപ്രയോഗത്തില്‍ ചരിത്രം സൃഷ്ടിച്ച സംഭവമായിരുന്നു. മഹാത്മാഗാന്ധി ചര്‍ക്ക തിരിക്കുന്ന രംഗം വെടിക്കെട്ടില്‍ പകര്‍ത്തി കാണികളുടെ പ്രശംസ പിടിച്ചുപറ്റിയതും പൊന്നുവീട്ടില്‍ ഗോപാലന്‍ നായരായിരുന്നു.

മറ്റൊരു വെടിക്കെട്ടുവിദഗ്ദ്ധനായ വെള്ളാട്ട് നാരായണപ്പണിക്കര്‍ പൂരത്തിന് ഇരുഭാഗത്തും വെടിക്കെട്ടിന്റെ ചുമതല ഏറ്റിരുന്ന കാലത്താണ് ആകാശത്ത് വിസ്മയം സൃഷ്ടിക്കാന്‍ കഴിഞ്ഞ സൈഡ് അമിട്ടുകള്‍ വിരിയാന്‍ തുടങ്ങിയത്. എഴുന്നള്ളിക്കുന്ന ആനകളുടെ മുഖത്ത് ധരിക്കുന്ന നെറ്റിപ്പട്ടം ഇന്നുകാണുന്ന ആകര്‍ഷണീയമായ രീതിയില്‍ സംവിധാനം ചെയ്തത് പെരുവനം ഗ്രാമത്തിലെ കിരാങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിമാരായിരുന്നു എന്നാണ് പറയുന്നത്.



MathrubhumiMatrimonial