goodnews head

കൂട്ടായ്മയുടെ വിജയഗാഥയുമായി യുവകര്‍ഷകര്‍

Posted on: 30 Oct 2007


പേരാവൂര്‍: കടക്കെണിയും വിളനഷ്ടവും കൃഷിപ്പണിയില്‍നിന്ന് യുവാക്കളെ അകറ്റിനിര്‍ത്തുമ്പോള്‍ ഒരുമയിലൂടെ ഹരിതവിപ്ലവം തീര്‍ക്കുകയാണ് കല്ലടിയിലും ആറ്റാഞ്ചേരിയിലുമുള്ള കര്‍ഷക കൂട്ടായ്മകള്‍. കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം കണ്ടെത്തുകയാണ് ഇരുകൂട്ടായ്മകളിലുംപെട്ട 30 ഓളം ചെറുപ്പക്കാര്‍.
കല്ലടി, ആറ്റാഞ്ചേരി സംഘങ്ങളുടെ നേതൃത്വത്തില്‍ 12 ഏക്കറോളം സ്ഥലത്ത് പാവല്‍(കൈപ്പ), നെല്ല്, വാഴ, പയര്‍ തുടങ്ങിയവ ഇവര്‍ കൃഷിചെയ്തിട്ടുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഇവര്‍ക്ക് വായ്പയും കാര്‍ഷിക പരിശീലനവും ലഭ്യമാക്കുന്നുണ്ട്.
ഒന്നരലക്ഷത്തോളം രൂപ ചെലവിട്ടാണ് യുവ കര്‍ഷകര്‍ കൃഷിയിറക്കിയിട്ടുള്ളത്. സംഘാംഗങ്ങള്‍ എല്ലാവരുംചേര്‍ന്നാണ് കൃഷിപ്പണികള്‍ ചെയ്യുന്നത്. മുഴവന്‍ സമയവും വിളകളെ പരിപാലിച്ച് ഈ യുവാക്കള്‍ തോട്ടത്തിലുണ്ടാകും. വിളവെടുപ്പ് തുടങ്ങിയതിന്റെ ആവേശത്തിലാണിവര്‍. രാസവളങ്ങളും കീടനാശിനിയും പരമാവധി കുറച്ചാണ് കൃഷി. അതിനാല്‍ ഇവരുടെ ഉല്പന്നങ്ങള്‍ക്ക് വിപണിയിലും പ്രിയമേറെയാണ്. കൃഷി സജീവമായതോടെ ഈ പ്രദേശത്തെ നിരവധിപേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട തൊഴിലും ലഭിക്കുന്നു്.
കര്‍ഷകരുടെ പ്രതിമാസ കൂടിച്ചേരല്‍, ചര്‍ച്ച, ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കല്‍, ന്യായവില ഉറപ്പാക്കല്‍ എല്ലാം യുവാക്കള്‍ സംഘടിച്ച് ചെയ്യുന്നു. കൃഷിയിടത്തില്‍ ജീവിതസ്വപ്നം നെയ്യുന്ന ഇവര്‍ക്ക് തങ്ങളുടെ ലക്ഷ്യം പിഴക്കില്ലെന്ന ശുഭാപ്തിവിശ്വാസമാണുള്ളത്.
തോട്ടത്തിലെ മികച്ച വിളവ് ഇവരുടെ പ്രതീക്ഷകള്‍ക്ക് ചിറകേകുന്നു.

 

 




MathrubhumiMatrimonial