
'പച്ചപ്പുല്‍ച്ചാടിക്ക്' അവാര്‍ഡിന്റെ മണിമുത്തം
Posted on: 28 Oct 2007

അവാര്‍ഡ്പ്രഖ്യാപനം ഇന്നുണ്ടെന്ന കാര്യം മണിക്കറിയില്ലായിരുന്നു. സ്‌കൂള്‍ നാടകത്തില്‍ പോലും ഇന്നുവരെ മുഖം കാണിക്കാത്ത ചെതലയം താത്തുര്‍ കോളനിയില്‍ നിന്നുള്ള ഈ അഞ്ചാംക്ലാസുകാരന്റെ സിനിമാ അരങ്ങേറ്റമായിരുന്നു 'ഫോട്ടോഗ്രാഫര്‍'. രഞ്ജന്‍പ്രമോദ് മുത്തങ്ങ സംഭവത്തില്‍ ചിതറിപ്പോയ ബാല്യത്തിന്റെ വേദനകള്‍ ചിത്രീകരിച്ച സിനിമയില്‍ അഭിനയിച്ചാണ് മണി മികച്ച ബാലനടനായത്. തുടക്കക്കാരന്റെ ഒരു പരിഭ്രമവും കാട്ടാതെ മണി തകര്‍ത്ത് അഭിനയിച്ചു. 'പച്ചപുല്‍ച്ചാടി' എന്ന ഒരൊറ്റ ഗാനരംഗം കേരളത്തിലെ കുട്ടികളുടെയെല്ലാം ഹൃദയം തൊട്ടതുമായി. ചെതലയം വന്യജീവി സങ്കേതത്തിനു നടുവിലുള്ള കൂരയിലാണ് മണി കഴിയുന്നത്. ആദിവാസികളില്‍ ഏറ്റവും അടിത്തട്ടിലുള്ള പണിയസമുദായത്തില്‍ നിന്നുള്ള ഈ പത്തുവയസ്സുകാരന്‍ കിലോമീറ്ററോളം നടന്നാണ് സ്‌കൂളിലെത്തുന്നത്. ചെതലയം താത്തുര്‍ പണിയകോളനിയിലെ രാജുവിന്റെയും നഞ്ചിയുടെയും മകനാണ്. ഈ കോളനിയില്‍ നിന്നാണ് നാണംകുണുങ്ങിയായ മണിയെ രഞ്ജന്‍പ്രമോദ് അഭ്രപാളിയിലേക്ക് കൈപിടിച്ചു കയറ്റിയത്. അവാര്‍ഡ് വിവരം അറിഞ്ഞ ഉടനെ മണി ആദ്യം താത്തുര്‍ കോളനിയിലേക്ക് ഓടിയെത്തി. അച്ഛന്‍ രാജുവിനും ഇളയമ്മ ശാന്തമ്മയ്ക്കും ഒപ്പം സന്തോഷം പങ്കുവെച്ചു. കഥയൊന്നുമറിയാത്ത കോളനിവാസികളാകട്ടെ മണിയെപ്പോലെതന്നെ മറ്റൊരു അത്ഭുതലോകത്തായിരുന്നു. സഹോദരങ്ങളായ പ്രജീഷും കുഞ്ഞനിയത്തി അഖിലയും സന്തോഷം അടക്കാനാകാതെ തുള്ളിച്ചാടി. സിനിമയില്‍ അഭിനയിച്ചതോടെ മണിയാകെ മാറിയിട്ടുണ്ട്. ഇപ്പോള്‍ ഉത്സാഹം കൂടി. 'അഞ്ജലിടീച്ചര്‍ക്ക് തന്റെ അരുമശിഷ്യന്റെ അവാര്‍ഡ് നിറവില്‍ സന്തോഷംകൊണ്ട് കണ്ണുകള്‍ നിറയുന്നു. സന്തോഷമുണ്ട്. വല്യ ഇഷ്ടമായിരുന്നു. ലാലേട്ടനൊപ്പം പാട്ടുപാടാനും തുള്ളിച്ചാടാനും എന്തു രസമായിരുന്നു. അവാര്‍ഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നും നാണംകുണുങ്ങുന്ന മണിയുടെ മുഖത്ത് ചിരിയുടെ പാല്‍ക്കടല്‍.
അഭ്രപാളിയില്‍ മുഖം കാണിച്ച താരപ്രഭയൊന്നുമില്ല ഈ പത്തുവയസ്സുകാരന്റെ ജീവിതത്തിന്. കഴിഞ്ഞ ദിവസം പോലും മുറ്റത്തുവരെ കാട്ടാനക്കൂട്ടമെത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍മിച്ചുകൊടുത്ത ഇടിഞ്ഞുപൊളിഞ്ഞ കൂരയ്ക്കകത്താണ് അഭ്രപാളിയിലെ ഈ മണിമുത്തിന്റെ കരിപുരണ്ട ജീവിതം.
