
ഓസ്‌കര്‍വേദിയില്‍ പുതിയ പെണ്‍ചരിത്രം
Posted on: 09 Mar 2010

ലോസ് ആഞ്ജലിസ്: വിഖ്യാതമായ കൊഡാക് തിയേറ്ററില്‍, നിഴലും വെളിച്ചവും സമ്മേളിച്ച ഓസ്‌കര്‍പുരസ്‌കാരനിശയില്‍, വനിതാദിനത്തിന്റെ ശതാബ്ദിക്ക് അനുപമമായ ആദരം. മികച്ച സംവിധാനത്തിനുള്ള അഭിമാനപുരസ്‌കാരം ഓസ്‌കറിന്റെ 82 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത സ്വന്തമാക്കി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ദ ഹര്‍ട്ട് ലോക്കറി'ന്റെ സംവിധായിക കാതറിന്‍ ബിഗലോയാണ് ഈ സമ്മോഹനനേട്ടത്തിനുടമയായത്.
യുദ്ധം ശിഥിലമാക്കിയ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. ബോംബ് നിര്‍വീര്യ സ്‌ക്വാഡിന്റെ കഥയാണ് 'ദ ഹര്‍ട്ട് ലോക്കര്‍'പറയുന്നത്. മൊത്തം ആറ് അവാര്‍ഡുകളുമായാണ് ഇക്കുറി ഓസ്‌കര്‍നിശ ഈചിത്രം തൂത്തുവാരിയത്. മികച്ച ചിത്രം, സംവിധായിക, സ്വന്തം തിരക്കഥ, എഡിറ്റിങ്, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ് എന്നിവയാണവ.മുന്‍ ഭര്‍ത്താവ് ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡചിത്രം 'അവതാറു'മായിട്ടാണ് കാതറിന്‍ ബിഗലോയുടെ 'ദ ഹര്‍ട്ട് ലോക്കര്‍' ഓസ്‌കര്‍ വേദിയില്‍ പ്രധാനമായും പോരാടിയത്. ലോകം ഉറ്റുനോക്കിയതും ഇവര്‍ തമ്മിലുള്ള മത്സരമായിരുന്നു. ഒടുവില്‍ ലോകമെമ്പാടുമുള്ള വനിതകളുടെ അഭിമാനം ജ്വലിപ്പിച്ച് കാതറിന്‍ ബിഗലോ ജേത്രിയായി. ഓസ്‌കറിന്റെ ചരിത്രത്തില്‍ മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദേശം ലഭിക്കുന്ന നാലാമത്തെ വനിതയാണ് കാതറിന്‍ ബിഗലോ.
കാമറൂണിന്റെ 'അവതാറി'ന് സാങ്കേതികമേഖലയിലെ മൂന്ന് അവാര്‍ഡുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഛായാഗ്രഹണം, കലാസംവിധാനം, വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയാണവ.
50 കോടിയിലേറെ ഡോളര്‍ ചെലവിട്ട് നിര്‍മിച്ച 'അവതാര്‍' ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചിത്രമെന്ന ബഹുമതിയും (250 കോടി ഡോളര്‍) സ്വന്തമാക്കിയിരുന്നു. എന്നാല്‍ കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച 'ദ ഹര്‍ട്ട് ലോക്കര്‍' 2.1 കോടി ഡോളര്‍ മാത്രമാണ് വരുമാനമുണ്ടാക്കിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിച്ച്, മികച്ച ചിത്രത്തിനുള്ള ബഹുമതി സ്വന്തമാക്കുന്ന സിനിമയും ഇതുതന്നെ.
''ഇതെന്റെ ജീവിതസാക്ഷാത്കാരമാണ്. വിശേഷണത്തിന് മറ്റു വാക്കുകളൊന്നുമില്ല''- അമ്പത്തിയെട്ടുകാരിയായ കാതറിന്‍ ബിഗലോ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ''ഇറാഖിലും അഫ്ഗാനിസ്താനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സൈന്യത്തോടൊപ്പം ജീവന്‍ പണയംവെച്ചു കഴിയുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഞാനീ ബഹുമതി സമര്‍പ്പിക്കുന്നു. അവര്‍ സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തട്ടെ'' -അവര്‍ പറഞ്ഞു.

ഓസ്‌കര്‍ വെബ് സൈറ്റിലേക്കv
